കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നടത്തുന്ന നിരാഹാര സമരം 11 ാം ദിവസത്തിലേക്ക് കടന്നു. പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരിയും തിങ്കളാഴ്ചമുതൽ ഹൈക്കോടതി ജങ്ഷനിലെ സമരപ്പന്തലിൽ നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്. ബിഷപ്പ് അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകുന്നത് കണക്കിലെടുത്ത് ചൊവ്വാഴ്ചമുതൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും സമരം തുടങ്ങുമെന്നും പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും ആക്ഷൻ കമ്മിറ്റി അറിയിച്ചു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഡോ. പി. ഗീതയും നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുറവിലങ്ങാട് ചൊവ്വാഴ്ച ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. സമരം നടത്തുന്ന കന്യാസ്ത്രീകൾക്ക് ആർ.എസ്.പി. പ്രവർത്തകർ വേദിയിലെത്തി പിന്തുണ പ്രഖ്യാപിക്കും. മുൻമന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തിലാണ് പാർട്ടി പ്രവർത്തകരെത്തുക. നാളെ രാവിലെ 10 മണിക്ക് മുൻപ് ബിഷപ്പിനോട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അന്വേഷണ സംഘം നോട്ടീസ് നൽകിയിരിക്കുന്നത്. ഇന്ന് തന്നെ ബിഷപ്പ് ഹാജരാകുമെന്ന് അന്വേഷണസംഘം കരുതുന്നുണ്ട്. എന്നാൽ, ബിഷപ്പ് ഹാജരാകുന്ന ദിവസം അറസ്റ്റിന് സാധ്യതയില്ല. മൂന്നുദിവസംവരെ ചോദ്യംചെയ്തേക്കുമെന്നാണ് സൂചനകൾ. സുരക്ഷാക്രമീകരണങ്ങളെക്കുറിച്ചും ഉന്നത ഉദ്യോഗസ്ഥർ ചർച്ചകൾ നടത്തി. വൈക്കത്ത് അന്വേഷണസംഘത്തിന് മുന്നിൽ ബിഷപ്പ് ഹാജരായാലും മറ്റെവിടെയെങ്കിലുമാകും ചോദ്യംചെയ്യുക. സുരക്ഷയെ കരുതി ചോദ്യംചെയ്യൽ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാറ്റാനും നീക്കമുണ്ട്. അതിനിടെ, ബിഷപ്പ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നു സൂചനയുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2NlFM5d
via
IFTTT
No comments:
Post a Comment