അഞ്ചുവർഷം മുൻപ് ഹൃദയം മാറ്റിവെച്ച ശ്രുതിയുടെ മാറിൽ കാതുചേർത്ത് ഹൃദയം നൽകിയ ചങ്ങനാശ്ശേരി സ്വദേശി ലാലിച്ചന്റെ സഹോദരി ലില്ലിക്കുട്ടി സഹോദരന്റെ ഹൃദയസ്പന്ദനം കേൾക്കുന്നു. കൊച്ചി: ശ്രുതിയുടെ നെഞ്ചോടു ചേർന്നുനിന്ന് ലില്ലിക്കുട്ടി പ്രിയ സഹോദരനുമായി ഒരായുസ്സിൽ പങ്കുവയ്ക്കാനുള്ള സ്നേഹവിശേഷങ്ങളെല്ലാം മനസ്സിൽ ഉരുവിട്ടു. അഞ്ചു വർഷമായി അനുഭവിച്ചിരുന്ന വേദനയുടെ അണമുറിഞ്ഞ നിലയിലായിരുന്നു ശ്രുതിയെ കണ്ട ശേഷം ലില്ലിക്കുട്ടി. അവരുടെ സഹോദരൻ ലാലിച്ചന്റെ ഹൃദയമാണ് 2013 ഓഗസ്റ്റ് മുതൽ ശ്രുതിയിൽ മിടിക്കുന്നത്. അപകടത്തിൽ മരിച്ച ചങ്ങനാശ്ശേരി പാറേൽ തൈപ്പറമ്പിൽ ലാലിച്ചന്റെ (43) ഹൃദയം ആരക്കുന്നം കടപ്പുറത്ത് വീട്ടിൽ ശശീന്ദ്രന്റെ മകൾ ശ്രുതിയിൽ (29) ശസ്ത്രക്രിയയിലൂടെ വച്ചുപിടിപ്പിക്കുകയായിരുന്നു. ലിസി ആശുപത്രിയിൽ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. പ്രിയ സഹോദരന്റെ ഹൃദയമിടിപ്പു കേൾക്കുകയെന്ന ആഗ്രഹത്തിലാണ് അഞ്ചു സഹോദരങ്ങളും എത്തിയത്. ആഗ്രഹം അവർ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ അറിയിച്ചു. ലില്ലിക്കുട്ടിയും സാലിമ്മയും എൽസമ്മയും വർഗീസും ടോമിച്ചനും എത്തി ആശുപത്രിയിൽ എത്തിയിരുന്നു. അവയവദാനത്തിന് സമ്മതമേകിയ മൂത്ത സഹോദരൻ വർഗീസിനെ ശ്രുതി പൊന്നാടയണിയിച്ചു. 'നീ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്, നീ ഞങ്ങളിൽ ഒരാളാണ്' - ഒരുവട്ടം കൂടി അത് ഓർമിപ്പിച്ചാണ് ശ്രുതിയോട് യാത്ര പറഞ്ഞ് അവർ മടങ്ങിയത്. രണ്ടു വർഷത്തോളം എൽസമ്മ ചേച്ചിയുമായി മുടങ്ങാതെ ഫോണിൽ സംസാരിക്കുമായിരുന്നു. ഇടക്കാലത്ത് അത് മുടങ്ങി. ഇവിടെ വച്ച് എല്ലാവരെയും കണ്ടപ്പോൾ വലിയ സന്തോഷത്തിലാണെന്ന് ശ്രുതി പറഞ്ഞു. ചങ്ങനാശ്ശേരിയിലെ വീട്ടിൽ പോയി ലാലിച്ചൻ ചേട്ടന്റെ അമ്മയെ കാണണം എന്നതാണ് ഇനിയുള്ള ആഗ്രഹമെന്നും ശ്രുതി പറഞ്ഞു. കേരളത്തിൽ ഹൃദയം മാറ്റിവയ്ക്കലിനെ തുടർന്ന് ഏറ്റവുമധികം നാൾ ജീവിച്ചിരിക്കുന്ന വ്യക്തിയാണ് ശ്രുതിയെന്ന് ഡോക്ടർ പറഞ്ഞു. ഹൃദയം ക്രമാതീതമായി വികസിക്കുന്ന കാർഡിയോ മയോപ്പതി എന്ന അസുഖത്തെ തുടർന്നാണ് ശ്രുതിക്ക് ഹൃദയം മാറ്റിവയ്ക്കേണ്ടി വന്നത്. ജന്മനാ ഒരു വൃക്ക മാത്രമുള്ള ശ്രുതിക്ക് ഇതോടൊപ്പം രക്തധമനികളെ ഗുരുതരമായി ബാധിക്കുന്ന 'ടക്കയാസു' എന്ന അസുഖവുമുണ്ടായിരുന്നു. ശ്രുതി ഇപ്പോൾ മുളന്തുരുത്തി നീതി ഡി.ആർ.സി. ലബോറട്ടറിയിൽ ലാബ് ടെക്നീഷ്യനാണ്. രണ്ടുവട്ടം ഹൃദയം മാറ്റിവച്ച പാലക്കാട് സ്വദേശി ഗിരീഷ്, മാറ്റിവച്ച ഹൃദയവുമായി ഓട്ടോറിക്ഷ ഓടിക്കുന്ന ചാലക്കുടി സ്വദേശി മാത്യു ആച്ചാടൻ, വല്ലാർപാടം സ്വദേശി ജോസഫ് റോണി എന്നിവരും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. ചെറിയ പ്രശ്നങ്ങളിൽ പോലും തളർന്നുപോകുന്ന തന്നെ പോലുള്ളവർക്ക് മാറ്റിവച്ച ഹൃദയവുമായി ജീവിക്കുന്ന ഈ റിയൽ ലൈഫ് ഹീറോസ് വലിയ പ്രചോദനവും മാതൃകയുമാണെന്ന് ചടങ്ങിൽ വിശിഷ്ടാതിഥിയായ സിനിമാ താരം കാളിദാസ് ജയറാം പറഞ്ഞു. അവയവദാനത്തിനെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ നടന്ന കുപ്രചാരണങ്ങളെ തുടർന്ന് എട്ടു മാസമായി അവയവ മാറ്റം നടക്കാത്ത അവസ്ഥയാണ് കേരളത്തിലുള്ളതെന്നും ഈ സ്ഥിതി മാറുന്നതിന് സമൂഹത്തെ ബോധവത്കരിക്കേണ്ടതുണ്ടെന്നും ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ലിസി ആശുപത്രി ഡയറക്ടർമാരായ ഫാ. അജോ മൂത്തേടൻ, ഫാ. ആന്റോ ചാലിശേരി, ഡോ. റോണി മാത്യു കടവിൽ, ഡോ. ജേക്കബ് എബ്രഹാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2vC5sjl
via
IFTTT
No comments:
Post a Comment