പത്തനംതിട്ട: ശബരിമലയിലും പമ്പയിലും ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തർ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡിന്റെ കർശന നിർദ്ദേശം. ശബരിമലയും പമ്പയും പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.പമ്പയിലും പരിസര പ്രദേശങ്ങളിലും ഉരുൾപ്പൊട്ടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. പമ്പയിലും ശബരിമലയിലും ജോലിക്കെത്തിയിരിക്കുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാരും തൊഴിലാളികളും സുരക്ഷിതരാണ്.ഇവരുടെ ബന്ധുക്കൾ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു. വെള്ളപ്പൊക്കത്തെത്തുടർന്ന് പമ്പയിലെയും ത്രിവേണിയിലെയും പാലങ്ങൾ വെള്ളത്തിനടിയിലാണ്.പത്തനംതിട്ടയിലെ കൊച്ചു പമ്പ, മൂഴിയാർ അടക്കമുള്ള ഡാമുകളിലെ നീരൊഴുക്ക് ക്രമാതീതമായി ഉയരുകയാണ്. കാനനപാതയിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. പമ്പയിലേക്കുള്ള ബസ്സ് സർവ്വീസ് കെ.എസ് ആർ ടി സി നിർത്തിവച്ചു.പമ്പ മുതൽ ഗണപതി ക്ഷേത്രം വരെയുള്ള മണി മണ്ഡപവും നടപന്തലും വിശ്രമകേന്ദ്രവും കെട്ടിടങ്ങളും ഹോട്ടലുകളും ഭൂരിഭാഗവും വെള്ളക്കെട്ടിലാണ്. കൊമ്പു പമ്പാ ഡാമിന്റെ ഷട്ടറുകൾ കൂടുതലായി തുറന്നിട്ടുണ്ട്. പമ്പയിൽ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വെള്ളത്തിനടിയിലായിരിക്കുകയാണ്. വൈദ്യുതി ബന്ധവും ഫോൺ ബന്ധവും തകരാറിലായിട്ടുണ്ട്. പൊലീസ് പമ്പയിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പാതകൾ അടച്ചിട്ടു.എല്ലായിടത്തും മുന്നറിയിപ്പ് നൽകാൻ ദേവസ്വം ബോർഡ് പോലീസിനോടും ജില്ലാഭരണകൂടത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. അയ്യപ്പഭക്തരുടെ ജീവനുംസുരക്ഷയും കണക്കിലെടുത്തുള്ള നിർദ്ദേശവും മുന്നറിയിപ്പും എല്ലാ അയ്യപ്പഭക്തരും പാലിക്കണമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.പമ്പയിലേക്ക് വരുന്ന വാഹനങ്ങൾ നിലയ്ക്കലിൽ തടഞ്ഞ് തിരിച്ചയക്കാനും പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരും പമ്പയിലെ അപകടകരമായ സാഹചര്യം മാറിയ ശേഷം അയ്യപ്പ ദർശനത്തിനെത്തുന്നതാകും ഉചിതമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ അറിയിച്ചു. ശബരിമലയിൽ മേൽശാന്തിയും സഹായികളും ദേവസ്വം ജീവനക്കാരും മാളികപ്പുറം മേൽശാന്തിയും നിലവിൽ താമസിക്കുന്നുണ്ട്.മൊബൈൽ ടവറുകളിൽ സിഗ്നലുകൾ ലഭ്യമല്ലാത്തതിനാൽ പമ്പയിലും ശബരിമലയിലും വാർത്താ വിനിമയത്തിന് തടസ്സം നേരിടുന്നുണ്ട്.ശക്തമായ മഴയും ജലത്തിന്റെ കുത്തൊഴുക്കും കാരണം ക്ഷേത്ര തന്ത്രിക്ക് ശബരിമലയിൽ എത്താനായിട്ടില്ല. തന്ത്രിയും ശബരിമല എക്സിക്യൂട്ടീവ് ഓഫീസറും അടങ്ങുന്ന സംഘം കഴിഞ്ഞദിവസം വണ്ടിപ്പെരിയാർ പുൽമേട് വഴി സന്നിധാനത്തെത്താൻ ശ്രമം നടത്തിയിരുന്നു.എന്നാൽ പ്രതികൂല കാലാവസ്ഥ യാത്രയ്ക്ക് ഉപ്പുതറയിൽ തടസ്സം സൃഷ്ടിച്ചു. വൈകുന്നേരത്തോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ശബരിമലയിലേക്ക് പ്രവേശിക്കാനാണ് ഇവരുടെ ശ്രമം. ക്ഷേത്ര മേൽശാന്തിയുടെ കാർമ്മികത്വത്തിൽ നിറപ്പുത്തരി പൂജ ശബരിമലയിൽ നടന്നു.പതിവ് പൂജകൾ പൂർത്തിയാക്കി ശബരിമല അയ്യപ്പ ക്ഷേത്രനട രാത്രി 10 ന് ഹരിവരാസനം പാടി അടയ്ക്കും. ചിങ്ങമാസപൂജയ്ക്കായി വ്യാഴാഴ്ച്ച വൈകിട്ട് ക്ഷേത്ര നട വീണ്ടും തുറക്കും. ചിങ്ങം ഒന്നായ ഓഗസ്റ്റ് 17 മുതൽ 21 വരെ ക്ഷേത്രനട തുറന്നിരിക്കും. content highlights:kerala floods, sabarimala, pamba, devaswam board
from mathrubhumi.latestnews.rssfeed https://ift.tt/2KTT3vZ
via
IFTTT
No comments:
Post a Comment