ചെന്നൈ: ചികിത്സയിൽക്കഴിയുന്ന ഡി.എം.കെ. അധ്യക്ഷൻ കരുണാനിധിയുടെ നില അതിഗുരുതരം. രോഗങ്ങൾ അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചികിത്സയിലുള്ള ആൾവാർപ്പേട്ട് കാവേരി ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. 24 മണിക്കൂറിനകം മരുന്നുകളോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും ആരോഗ്യനിലയിലെ പുരോഗതിയെന്നും ബുള്ളറ്റിനിൽ വിശദീകരിച്ചു. മഞ്ഞപ്പിത്തബാധയെത്തുടർന്ന് കരളിന്റെ പ്രവർത്തനം മന്ദീഭവിച്ചതായാണ് അറിയുന്നത്. കരൾ രോഗവിദഗ്ധർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. കരുണാനിധിയുടെ ആരോഗ്യനില മോശമായെന്നും ഡോക്ടർമാർ വിദഗ്ധചികിത്സ നൽകിക്കൊണ്ടിരിക്കുകയാണെന്നും തിങ്കളാഴ്ച പകൽ അദ്ദേഹത്തെ സന്ദർശിച്ച കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എസ്. തിരുനാവക്കരശർ അറിയിച്ചു. എന്നാൽ, വൈകീട്ട് ആറരയോടെയാണ് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൽ പുറത്തിറക്കിയത്. വിവരമറിഞ്ഞതോടെ ഡി.എം.കെ. പ്രവർത്തകരും മറ്റും ആശുപത്രിപരിസരത്ത് തടിച്ചുകൂടി. കരുണാനിധിയെ കാണാൻ ഭാര്യ ദയാലുഅമ്മാൾ തിങ്കളാഴ്ച ആൾവാർപ്പേട്ട് കാവേരി ആശുപത്രിയിൽ എത്തി. കഴിഞ്ഞ പത്തുദിവസമായി കരുണാനിധി ആശുപത്രിയിലാണെങ്കിലും ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഗോപാലപുരത്തുള്ള വസതിയിൽ വിശ്രമിക്കുന്ന ദയാലുഅമ്മാൾ കാണാനെത്തിയിരുന്നില്ല. രാവിലെ ഏഴരയോടെ മകൾ കനിമൊഴിയും പിന്നീട് മറ്റൊരു ഭാര്യയായ രാജാത്തിഅമ്മാളും മറ്റ് മക്കളായ സ്റ്റാലിൻ, അഴഗിരി തുടങ്ങിയവരും ആശുപത്രിയിൽ എത്തി. ജൂലായ് 28-ന് പുലർച്ചെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കരുണാനിധിയുടെ നില പിന്നീട് മെച്ചപ്പെട്ടുവെങ്കിലും കഴിഞ്ഞദിവസം വീണ്ടും മോശമായി. ആരോഗ്യനില തൃപ്തികരമാണെന്ന് പറയുന്നുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ആറുദിവസമായി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നില്ല. കരുണാനിധിയുടെ ആരോഗ്യനില മോശമായെന്ന വാർത്ത പുറത്ത് വന്നതോടെ ആൾവാർപ്പേട്ട് കാവേരി ആശുപത്രിക്കു മുന്നിലേക്ക് വീണ്ടും പ്രവർത്തകരുടെ ഒഴുക്ക്. കനത്ത പോലീസ്കാവൽ ഏർപ്പെടുത്തിയ ആശുപത്രിക്കു സമീപം ആശങ്ക നിറഞ്ഞ മുഖത്തോടെയാണ് അണികളുടെ കാത്തിരിപ്പ്. പ്രായമുള്ളവരടക്കം കരഞ്ഞും നിലവിളിച്ചുമായിരുന്നു തങ്ങളുടെ നേതാവിന്റെ ആരോഗ്യവിവരം അറിയാൻ ആൾവാർപ്പേട്ടേക്ക് എത്തിയത്. നേതാക്കന്മാരും ആശുപത്രിയിലേക്ക് പാഞ്ഞെത്തി. ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ടെന്ന് വ്യക്തമാക്കുന്ന മെഡിക്കൽബുള്ളറ്റിനൊപ്പം കരുണാനിധിയെ രാഹുൽഗാന്ധി സന്ദർശിക്കുന്ന ചിത്രംകൂടി പുറത്ത് വന്നതോടെ കുറച്ചുദിവസങ്ങളായി ആശ്വാസത്തിലായിരുന്നു അണികൾ. ആറു ദിവസത്തോളം ആശുപത്രിക്ക് മുന്നിൽ കാത്തിരുന്നതിനുശേഷം തലൈവർ തിരികെയെത്തുമെന്ന ശുഭാപ്തിവിശ്വാസത്തിൽ എല്ലാവരും പിരിയുകയായിരുന്നു. മധുരം വിതരണംചെയ്ത് ആഘോഷിക്കാനും ഇവർ മറന്നില്ല. ഇതോടെ ആശുപത്രിക്കു സമീപമുള്ള ആൾത്തിരക്കിന് അവസാനമായി. ഇതുവഴിയുള്ള ഗതാഗതവും സാധാരണ നിലയിലായി. കരുണാനിധിയുടെ ആരോഗ്യനില വഷളായെന്ന വാർത്ത രണ്ടുദിവസം മുമ്പ് തന്നെ പ്രചരിച്ചിരുന്നുവെങ്കിലും വിശ്വസിക്കാൻ തയ്യാറാകാതിരുന്ന പ്രവർത്തകരെ ആശങ്കയിലാക്കിയത് രാഷ്ട്രപതിയുടെ സന്ദർശനത്തിന് ശേഷം കരുണാനിധിയുടെ ചിത്രം പുറത്ത് വിടാത്തതായിരുന്നു. കലൈഞ്ജറുടെ നില മോശമായെന്ന തിരുനാവക്കരശരുടെ പ്രസ്താവന വേദനയോടെ കേട്ട പ്രവർത്തകർ പിന്നീട് ആൾവാർപ്പേട്ടേക്ക് തിരിക്കുകയായിരുന്നു. കരുണാനിധിയുടെ മക്കളും കൊച്ചുമക്കളും അടങ്ങുന്ന കുടുംബാംഗങ്ങൾ ഒരോരുത്തരായി ആശുപത്രയിലേക്ക് വന്നുതുടങ്ങിയതോടെ പ്രവർത്തകരും തടിച്ചുകൂടി. ആരോഗ്യനില മോശമാണെന്ന മെഡിക്കൽബുള്ളറ്റിൻ പുറത്ത് വന്നതോടെ ആശുപത്രിക്കു മുന്നിലെ ജനക്കൂട്ടത്തിന്റെ വലുപ്പം വർധിച്ചു. സുരക്ഷാക്രമീകരണങ്ങൾക്കായി വൻതോതിൽ പോലീസും അണിനിരന്നതോടെ ഒരാഴ്ചമുമ്പുകണ്ട അതേദൃശ്യങ്ങൾ ആവർത്തിക്കുകയായിരുന്നു. ഡി.എം.കെ. ജനറൽസെക്രട്ടറി കെ. അൻപഴകൻ, പ്രിൻസിപ്പൽ സെക്രട്ടറി ദുരൈമുരുകൻ, കവി വൈരമുത്തു, മുൻ കേന്ദ്രമന്ത്രി എ. രാജ തുടങ്ങിയവരും ആശുപത്രിയിലേക്ക് വരുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2AMBMVI
via
IFTTT
No comments:
Post a Comment