കോഴിക്കോട്: അവയവദാനത്തിൽ രാജ്യത്തിനുതന്നെ മാതൃകയായ കേരളത്തിൽ നിയമത്തെ വെല്ലുവിളിച്ച് പരസ്യമായി അവയവക്കച്ചവടം. ആവശ്യക്കാരേറെയുള്ള വൃക്കയുടെ കച്ചവടമാണ് കൊഴുക്കുന്നത്. കോടതി ഉത്തരവുപോലും ലംഘിച്ച് അവയവം ആവശ്യപ്പെട്ടുള്ള പരസ്യങ്ങൾ പത്ര-സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നു. നിയമപരമായി വിൽക്കാനോ വാങ്ങാനോ അനുവാദമില്ലെങ്കിലും കേരളത്തിൽ ഒരു വൃക്കയ്ക്ക് കുറഞ്ഞത് ആറുലക്ഷം രൂപ നൽകണം. പണം നൽകിയ ശേഷം കബളിപ്പിക്കപ്പെടുന്നവരും ധാരാളം. പരസ്യമായ കച്ചവടം കച്ചവടസാധ്യതകൾ വർധിപ്പിക്കുമെന്നതിനാൽ പത്രമാധ്യമങ്ങളിലൂടെ അവയവത്തിനായി പരസ്യം നൽകരുതെന്ന് 2017 നവംബറിൽ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, പല പത്രങ്ങളിലും പരസ്യങ്ങൾ ഇപ്പോഴും പ്രത്യക്ഷപ്പെടുന്നു. 2018 ജൂലായ് 18-ന് ഒരു മലയാള ദിനപത്രത്തിൽ 'ഒ പോസിറ്റീവ്' വൃക്ക ആവശ്യപ്പെട്ടുള്ള രണ്ട് പരസ്യങ്ങൾ പ്രസിദ്ധീകരിച്ചു. അതിലെ നമ്പറിലേക്ക് വിളിച്ചപ്പോൾ, 43 വയസ്സുള്ള ബന്ധുവിന് വേണ്ടിയാണെന്നും ശസ്ത്രക്രിയയുടെ തലേന്ന് ഏഴു ലക്ഷം രൂപ നൽകാമെന്നും ഇടനിലക്കാരിയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീ അറിയിച്ചു. കാശിന് രേഖയുണ്ടാവില്ല, കൈയിൽ തരും. പോലീസറിഞ്ഞാൽ പ്രശ്നമാകില്ലേ എന്ന ചോദ്യത്തിന്, അങ്ങനെയുള്ള അന്വേഷണങ്ങളൊന്നും നടന്നിട്ടില്ലെന്ന് മറുപടി. ഒട്ടേറെ ചെറുപ്പക്കാർ വൃക്ക നൽകുന്നുണ്ടെന്നും നേരിട്ടുവന്നാൽ ധൈര്യത്തിന് അവരിലൊരാളുമായി സംസാരിക്കാൻ അവസരം ഒരുക്കാമെന്നും അവർ വാഗ്ദാനം ചെയ്തു. തട്ടിപ്പുകൾ ധാരാളം വൃക്കരോഗികളായ ഭാര്യയും മുതിർന്ന രണ്ട് ആൺമക്കളുമായി ദുരിതജീവിതം നയിക്കുന്ന തൃശ്ശൂർ സ്വദേശി, ഇളയ മകനുള്ള വൃക്കയ്ക്കായി രണ്ടുവർഷം മുമ്പാണ് സർക്കാർ ഏജൻസിയായ മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്തത്. വൃക്ക ലഭിക്കാനുള്ള വെയിറ്റിങ് ലിസ്റ്റിൽ 87-ാം സ്ഥാനം ലഭിച്ചു. ഇപ്പോഴും അത് 82-ൽ തന്നെയാണ്. ഏതാനും മാസംമുമ്പ് ആലപ്പുഴ അരൂർ സ്വദേശിയായ ഏജന്റിനെ അദ്ദേഹം സമീപിച്ചു. ആരോഗ്യവാനായ ഒരു ചെറുപ്പക്കാരനുമായി അയാൾ എറണാകുളത്തെ ആശുപത്രിയിലെത്തി. പരിശോധനകൾ പൂർത്തിയാക്കിയ ശേഷം 75,000 രൂപ അഡ്വാൻസ് വാങ്ങി മടങ്ങി. പിന്നീട് അവരെ കണ്ടിട്ടില്ല. ഫോൺവിളിക്കുമ്പോൾ ഉടൻ ശരിയാക്കാമെന്ന് പറഞ്ഞ് ഒഴിവായി നടക്കുകയാണെന്ന് അദ്ദേഹം പറയുന്നു. വൃക്ക വേണമെന്ന ആവശ്യവുമായി ഇതേ ഏജന്റിനെ ബന്ധപ്പെട്ടപ്പോൾ, 15 ലക്ഷം രൂപയാണ് വിലപറഞ്ഞത്. സ്വന്തക്കാർപോലും ഇക്കാലത്ത് സൗജന്യമായി തരില്ലെന്നും സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്നവരാണ് വിൽക്കാനായി വരുന്നതെന്നും അയാൾ പറഞ്ഞു. മെഡിക്കൽ റെപ്രസെന്റേറ്റീവായും പ്രമുഖ ആശുപത്രിയിൽ അറ്റന്ററായും ജോലിചെയ്തിട്ടുള്ള ഇയാൾ ഏഴു വർഷമായി ഈ രംഗത്ത് ഏജന്റാണ്. ജീവൻനിലച്ച് മൃതസഞ്ജീവനി മരണാനന്തര അവയവദാനത്തിനൊപ്പം ജീവിച്ചിരിക്കുന്നവരുടെ അവയവദാനവും മൃതസഞ്ജീവനിയിലൂടെ നടത്തുമെന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. എന്നാൽ, സർക്കാർ ഉത്തരവിലെ ഈ മാനദണ്ഡങ്ങൾ ഇപ്പോഴും നടപ്പാക്കിയിട്ടില്ല. * അപരിചിതർ തമ്മിലുള്ള അവയവദാനത്തിൽ യോജിച്ച ദാതാക്കളെ കണ്ടെത്താനുള്ള കംപ്യൂട്ടർ പ്രോഗ്രാം നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിനെ ഏല്പിച്ചെങ്കിലും തയ്യാറായിട്ടില്ല. * അവയവദാതാവിന് നൽകാനുദ്ദേശിക്കുന്ന സർക്കാരിന്റെ ആജീവനാന്ത ആരോഗ്യപരിരക്ഷ ഏത് ഏജൻസിയിലൂടെ നൽകുമെന്ന് തീരുമാനമായിട്ടില്ല. * ദാതാവിന്റെ ആരോഗ്യപരിരക്ഷയ്ക്കായി അവയവം സ്വീകരിക്കുന്നയാളിൽനിന്ന് ഈടാക്കാൻ നിശ്ചയിച്ചിരിക്കുന്ന രണ്ടുലക്ഷം രൂപ എങ്ങനെ വിനിയോഗിക്കണം എന്നതിലും വ്യക്തതയില്ല. വീഡിയോ കാണാം
from mathrubhumi.latestnews.rssfeed https://ift.tt/2LWRbYt
via
IFTTT
No comments:
Post a Comment