തൃശ്ശൂർ: ചൊവ്വാഴ്ച നടക്കുന്ന രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ സുരക്ഷാരേഖ ചോർന്നു. പോലീസ് തയ്യാറാക്കിയ 208 പേജുള്ള രേഖയാണ് വാട്സാപ്പ് വഴി പ്രചരിക്കുന്നത്. 'സീക്രട്ട്' എന്ന് തലക്കെട്ടുള്ള പോലീസ് രേഖയാണ് ചോർന്നത്. രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ വിശദവിവരങ്ങൾ ഇതിലുണ്ട്. രാഷ്ട്രപതിയുടെ യാത്രയുടെ സ്കെച്ചും നൽകിയിട്ടുണ്ട്. രാഷ്ട്രപതിയുടെ സന്ദർശനത്തിനുള്ള സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായ സമയത്താണ് ഇതു ചോർന്നത്. തിങ്കളാഴ്ചരാവിലെ മുതലാണ് രേഖ പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ, ഡ്യൂട്ടിക്കുള്ള എല്ലാ പോലീസുകാർക്കും നൽകുന്ന രേഖയാണിതെന്നും സുരക്ഷാഭീഷണിയില്ലെന്നും പോലീസ് പറയുന്നു. കമ്മിഷണർ യതീഷ്ചന്ദ്ര ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ചുമതലകളും ഇതിൽ വിവരിക്കുന്നു. ഓരോ സ്ഥലത്തും എത്ര പോലീസുകാർ സുരക്ഷയ്ക്ക് ഉണ്ടാകും, ആരാണ് നേതൃത്വം, രാഷ്ട്രപതിക്ക് ഏതൊക്കെ ഭാഗത്തുനിന്നാണ് സുരക്ഷാ ഭീഷണിയുള്ളത്, രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന്റെ ഘടന എന്നിവയെല്ലാം ചോർന്ന രേഖയിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി. പരാതി നൽകാൻ ഒരുങ്ങുന്നതായാണ് സൂചന. ചോർന്നതെങ്ങനെ പോലീസ് ഗ്രൂപ്പുകളിൽനിന്നാണ് രേഖ ചോർന്നതെന്നു കരുതുന്നു. രേഖ പോലീസ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതിന്റെ സ്ക്രീൻ ഷോട്ടുകളും പ്രചരിക്കുന്നുണ്ട്. മൂവായിരത്തോളം പേർക്ക് രേഖ ഔദ്യോഗികമായി കൈമാറിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. സൗകര്യത്തിനുവേണ്ടി വാട്സാപ്പും ഉപയോഗിച്ചുവെന്നാണ് അറിയുന്നത്. വലിയ തെറ്റ് രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ സുരക്ഷാരേഖ ചോർന്നത് വലിയ തെറ്റാണ്. ആരുടെ കൈയിൽ ലഭിക്കുന്നു എന്നതിനുസരിച്ചാണ് ഇതിന്റെ ഗൗരവം വർധിക്കുക. പോലീസിന്റെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇത് പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ തെറ്റാണ്. സീക്രട്ട് എന്നെഴുതിയ രേഖ ഒരിക്കലും പരസ്യമാക്കരുത്. -ജേക്കബ് പുന്നൂസ്, മുൻ ഡി.ജി.പി.
from mathrubhumi.latestnews.rssfeed https://ift.tt/2M8U1cn
via
IFTTT
No comments:
Post a Comment