തൊടുപുഴ: വണ്ണപ്പുറത്ത് മന്ത്രവാദിയെയും കുടുംബത്തെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ ഒരാൾ അറസ്റ്റിൽ. പ്രധാന പ്രതി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. തൊടുപുഴ കാരിക്കോട് സാലിഭവനിൽ ലിബീഷ് ബാബു(28)വാണ് അറസ്റ്റിലായത്. പ്രധാന പ്രതി അടിമാലി സ്വദേശി അനീഷിനെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട കാനാട്ട് വീട്ടിൽ കൃഷ്ണന്റെ ശിഷ്യരാണിവർ. ഗുരുവിന്റെ മാന്ത്രികശക്തി ലഭിക്കാൻ വേണ്ടിയാണ് അദ്ദേഹത്തിന്റെ കുടുംബത്തെ മുഴുവൻ ഇവർ അരുംകൊല ചെയ്തത്. കൃഷന്റെ ഭാര്യ സുശീല (50), മക്കളായ ആർഷ കൃഷ്ണൻ (21), അർജുൻ കൃഷ്ണൻ (17) എന്നിവരാണ് കൊല്ലപ്പെട്ടത്. ജൂലായ് 29-ന് അർധരാത്രിയായിരുന്നു സംഭവം. ഓഗസ്റ്റ് ഒന്നിനാണ് വീടിന് പിന്നിലെ തൊഴുത്തിനോട് ചേർന്ന കുഴിയിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. വീട്ടിൽനിന്ന് പണവും ഇരുപത് പവനിലേറെ സ്വർണവും നഷ്ടപ്പെട്ടിരുന്നു. മൂർത്തികളുടെ ശക്തി കിട്ടാൻ ഗുരുവിനെ കൊന്നു സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: കൊല്ലപ്പെട്ട കൃഷ്ണൻറെ ശിഷ്യനാണ് കേസിലെ മുഖ്യപ്രതി അനീഷ്. ഇയാൾ മൂന്നുവർഷത്തോളം കൃഷ്ണൻറെ വീട്ടിൽ പൂജ പഠിച്ചിരുന്നു. അടിമാലിയിലെ വീട്ടിലും ഇയാൾ പൂജ നടത്തുന്നുണ്ടായിരുന്നു. അടുത്തകാലത്തായി അനീഷിൻറെ പൂജകളൊന്നും ഫലിക്കാതായി. ഇതിൻറെ കാരണം അന്വേഷിച്ച് ഇയാൾ മറ്റൊരു മാന്ത്രികനെ സമീപിച്ചു. അനീഷിൻറെ മാന്ത്രികശക്തി കൃഷ്ണൻ കവർന്നെടുത്തെന്നും ഇത് തിരിച്ചെടുത്താൽ മാത്രമേ ഇനി പൂജ ഫലിക്കുകയുള്ളൂവെന്നുമുള്ള ഉപദേശമാണ് ലഭിച്ചത്. തുടർന്നാണ് കൃഷ്ണനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. കൃഷ്ണൻറെ അധീനതയിൽ ഉണ്ടെന്ന് പറയുന്ന 300 'മൂർത്തികളുടെ' ശക്തിയും തട്ടിയെടുക്കാനായിരുന്നു അനീഷിന്റെ പദ്ധതി. ആടിനെ കരയിപ്പിച്ച്കൃഷ്ണനെ ഇറക്കി കൊലപാതകത്തിനായി കൃഷ്ണന്റെ മറ്റൊരു ശിഷ്യനായ ലിബീഷിൻറെ സഹായം തേടി. ജൂലായ് 29-ന് രാത്രി എട്ടിന് അടിമാലിയിൽ നിന്ന് ബൈക്കിൽ അനീഷ് തൊടുപുഴ കാരിക്കോടുള്ള ലിബീഷിൻറെ വീട്ടിലെത്തി. ബൈക്കിലെ ഷോക്ക് അബ്സോർബറിൻറെ രണ്ട് ഇരുമ്പ് പൈപ്പുകളും എടുത്താണ് ഇരുവരും പുറപ്പെട്ടത്. അർധരാത്രി ഇരുവരും കമ്പകക്കാനത്തെ കൃഷ്ണന്റെ വീട്ടിലെത്തി. മുൻവശത്തുണ്ടായിരുന്ന ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കൃഷ്ണനെ പുറത്തിറക്കാൻ വീടിനുപിന്നിലെ തൊഴുത്തിലെത്തി ആടിനെ ഉപദ്രവിച്ചു. ആട് കരയുന്ന ശബ്ദംകേട്ട് പിൻവശത്തെ വാതിൽതുറന്ന് പുറത്തിറങ്ങിയ കൃഷ്ണനെ കൈയിൽ കരുതിയിരുന്ന ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചുവീഴ്ത്തി. ശബ്ദംകേട്ട് അടുക്കളയിലേക്ക് വന്ന ഭാര്യ സുശീലയുടേയും തലയ്ക്കടിച്ചു. ഇവർ മുറിയിലേക്കോടിയെങ്കിലും ഇരുവരും പിന്നാലെയെത്തി അടിച്ചുവീഴ്ത്തി. ബഹളം കേട്ടെത്തിയ ആർഷ വീട്ടിലുണ്ടായിരുന്ന കമ്പിവടികൊണ്ട് അനീഷിൻറെ തലയിലടിച്ചു. വായ പൊത്തിപ്പിടിച്ച അനീഷിൻറെ കൈവിരൽ ആർഷ കടിച്ചുമുറിച്ചെങ്കിലും ഇരുവരും ചേർന്ന് അടിച്ചുവീഴ്ത്തി. ഇതുകണ്ട് അകത്തെ മുറിയിൽ നിന്നുവന്ന മകൻ അർജുനനേയും ഇരുവരും ചേർന്ന് വെട്ടുകത്തി ഉപയോഗിച്ച് വെട്ടി. എല്ലാവരും വീണെങ്കിലും മരണം ഉറപ്പുവരുത്താനായി കൃഷ്ണൻ ഉപയോഗിച്ചിരുന്ന കത്തി ഉപയോഗിച്ച് നാലുപേരേയും കുത്തുകയും ചെയ്തു. പിറ്റേന്ന് വന്ന് മകനെ കൊന്നു മുറ്റത്ത് കിടന്നിരുന്ന കൃഷ്ണൻറെ ശരീരവും വീട്ടിലെ മുൻവശത്തെ മുറിയിൽ കൊണ്ടിട്ടു. തുടർന്ന് കൈകാലുകൾ കഴുകി തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെ മടങ്ങി. പിറ്റേന്ന് രാത്രി വീണ്ടുമെത്തിയ പ്രതികൾ മകൻ അർജുൻ മരിച്ചില്ലെന്ന് കണ്ട് ക്രൂരമായി കൊലപ്പെടുത്തി. ഇതിന് ശേഷം എല്ലാവരെയും വീടിന് പിന്നിൽ കുഴിയെടുത്ത് മൂടി. വീടും മുറിയും സോപ്പ്പൊടി ഉപയോഗിച്ച് കഴുകിയ ശേഷമാണ് പ്രതികൾ മടങ്ങിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2Odk4wi
via
IFTTT
No comments:
Post a Comment