കോഴിക്കോട്: സംസ്ഥാനത്ത് പലയിടത്തും മഴയ്ക്ക് കുറവുണ്ടെങ്കിലും എല്ലായിടത്തും ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട മേഖലയിലാണ് കാര്യങ്ങൾ കൂടുതൽ രൂക്ഷമായിരിക്കുന്നത്. നിരവധിയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിനു പേരാണ്. നാട്ടുകാരും മത്സ്യത്തൊഴിലാളികളും പോലീസും ഫയർഫോഴ്സും സൈന്യവും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. സംസ്ഥാനത്ത് മിക്കവാറും ഇടങ്ങളിൽ പൊതു ഗതാഗത സംവിധാനങ്ങൾ താറുമാറായിരിക്കുകയാണ്. പലയിടത്തും വൈദ്യുതി, ടെലിഫോൺ സംവിധാനങ്ങളും ലഭ്യമല്ല. എൻഡിആർഎഫിന്റെ വ്യോമ നാവിക സേനകൾ പത്തനംതിട്ട, എറണാകുളം മേഖലകളിൽ കൂടുതൽ ഹെലികോപ്റ്ററുകൾ എത്തിക്കുന്നുണ്ട്. ഇടുക്കിയിൽ ജലനിരപ്പ് ഉയർന്നു. വൃഷ്ടിപ്രദേശത്ത് കനത്ത മഴ. 2402.20 അടിയായി. ഹൈ അലർട്ട് പ്രഖ്യാപിച്ചു. പരമാവധി ജലനിരപ്പ് 2403 അടിയാണ്. പത്തനംതിട്ടയിൽ ഇന്നലെ അയ്യായിരത്തോളം പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിച്ചു. ഇപ്പോഴും നൂറുകണക്കിനു പേർ വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവിടേക്ക് രക്ഷാപ്രവർത്തനത്തിനായി കൂടുതൽ ബോട്ടുകൾ എത്തിച്ചുകൊണ്ടിരിക്കുകയാണ്. ആലുവ മേഖലയിൽ മഴ തുടരുന്നുണ്ട്. ഏലൂക്കര മുസ്ലീം പള്ളിക്കു മുകളിൽ നാന്നൂറോളം പേർ കുടുങ്ങിക്കിടക്കുന്നു. ഈ പ്രദേശത്തെ പല വീടുകൾക്കും മുകളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ആദ്യഘട്ടത്തിൽ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു. ഇപ്പോൾ മത്സ്യത്തൊഴിലാളികളടക്കളും സൈന്യവും പോലീസ്, ഫയർഫോഴ്സും അടക്കമുള്ള രക്ഷാപ്രവർത്തകർ ആളുകളെ രക്ഷപ്പെടുത്തിത്തുടങ്ങി. പറവൂർ കവല ഭാഗത്ത് ഇപ്പോഴും നദിയിൽനിന്ന് വെള്ളം പ്രവഹിച്ചുകാണ്ടിരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആലുവ മേഖലകളിൽ അയ്യായിരത്തോളം പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. തൃശ്ശൂരിന്റെ തെക്കൻ മേഖലയിലാണ് കൂടുതൽ വെള്ളം കയറിയിരിക്കുന്നത്. ചാലക്കുടി നഗരത്തിലെ കെട്ടിടങ്ങളെല്ലാം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. കുണ്ടൂരിലെ അയ്യായിരത്തോളം പേർ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് വെള്ളം കയറുന്നതായി റിപ്പോർട്ടുണ്ട്. മുരിങ്ങൂർ പാലത്തിൽ വെള്ളം കയറി അൻപത് പോലീസുകാരുള്ള വാൻ കുടുങ്ങിക്കിടക്കുന്നു. പാലിയേക്കര ടോൾ പ്ലാസയും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ദേശീയ പാതയും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. പന്തളം നഗരത്തിൽ പുലർച്ചയോടെ പെട്ടെന്ന് വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രിവരെ വെള്ളമില്ലാതിരുന്ന പ്രദേശങ്ങൾ പലതും ഇപ്പോൾ വെള്ളത്തിനടിയിലാണ്. പലരും വീടുകളിൽ അകപ്പെട്ടിരിക്കുകയാണ്. കടകൾ തുറക്കാനാകുന്നില്ല. റോഡുകൾ പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. നാട്ടുകാർ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി നടത്തിക്കൊണ്ടിരിക്കുകയാണ്. മലബാർ മേഖലയിൽ പൊതുവെ മഴ കുറഞ്ഞുനിൽക്കുകയാണ്. എന്നാൽ പലയിടത്തും ഉരുൾപൊട്ടൽ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പുഴകളെല്ലാം നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. ഡാമുകളെല്ലാം തുറന്നിരിക്കുന്നതിനാൽ ജലപ്രവാഹത്തിന് കുറവില്ല. മലപ്പുറത്ത് 2000ൽ അധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഭാരതപ്പുഴയിലും ചാലിയാറിലും വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്. പട്ടണങ്ങൾ ഒറ്റപ്പെട്ടു. മലപ്പുറത്തുനിന്ന് പുറത്തേക്കുള്ള വഴികൾ വെള്ളം കയറി. മഴ മാറിനിൽക്കുന്നതിനാൽ മലവെള്ളപ്പാച്ചിലിന് ശമനമുണ്ട്. ഭാരതപ്പുഴ മൂന്ന് കിലോമീറ്ററോളം ഇരുവശത്തേക്കും കയറിയിട്ടുണ്ട്. പാലക്കാട് ഇന്നലെ വൈകുന്നേരം മുതൽ മഴ കുറഞ്ഞിരിക്കുകയാണ്. ഭാരതപ്പുഴ, ചിറ്റൂർ പുഴ, ഗായത്രിപുഴ എന്നീ പുഴകളിൽ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. മലമ്പുഴ അണക്കെട്ടിൽ നാല് അടി ഉയർത്തിയിരിക്കുകയാണ്. അണക്കെട്ടിൽ ജലനിരപ്പ് കുറയുന്നുണ്ട്. ഗ്രമങ്ങൾ പലതു ഒറ്റപ്പെട്ടിരിക്കുകയാണ്. കാണാതായവർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2OCiMeo
via
IFTTT
No comments:
Post a Comment