മുന്നറിയിപ്പിൽ വീഴ്ചയുണ്ടായെന്ന് ചീഫ് സെക്രട്ടറിയും ജനപ്രതിനിധികളുംതിരുവനന്തപുരം: കേരളത്തെ മുക്കിയ പ്രളയത്തിന് ഉത്തരവാദിയാര്? വെള്ളമിറങ്ങിയതോടെ ആരോപണങ്ങളുടെ അണക്കെട്ടും തുറന്നു. അണക്കെട്ടുകൾ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമായതെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ ഇത് നിഷേധിക്കുകയാണ് സർക്കാരും വൈദ്യുതി ബോർഡും. എന്നാൽ, പെരിയാറും പമ്പയും ചെറിയ സമയത്തിനുള്ളിൽ കവിഞ്ഞൊഴുകിയതാണ് പ്രളയക്കെടുതി ഇത്രയും രൂക്ഷമാകാൻ കാരണം. അതിന് ഇടയാക്കിയത് അണക്കെട്ടുകൾ തുറന്ന് പ്രതീക്ഷിക്കാത്ത തോതിൽ വെള്ളം ഈ നദികളിൽ ഒഴുക്കേണ്ടിവന്നതും. ഇത്തവണത്തെ കനത്തമഴ കണക്കിലെടുത്ത് അണക്കെട്ടുകൾ അല്പാല്പമായി നേരത്തേതന്നെ തുറന്നുവിട്ടിരുന്നെങ്കിൽ എല്ലാ അണക്കെട്ടുകളും ഒരുമിച്ച് തുറന്നുവിടുന്നത് ഒഴിവാക്കാമായിരുന്നെന്നാണ് വാദം. അണക്കെട്ടുകൾ തുറന്നാലുള്ള ദുരന്തത്തിന്റെ വ്യാപ്തി അധികൃതർക്ക് മനസ്സിലായിരുന്നിട്ടും അത് ജനങ്ങളെ ഗൗരവത്തോടെ ബോധ്യപ്പെടുത്തുന്നതിൽ പലേടത്തും വീഴ്ചയുണ്ടായിട്ടുണ്ട്. വയനാട്ടിലെ ബാണാസുരസാഗർ തുറക്കുന്നതിൽ മുന്നറിയിപ്പ് നൽകുന്നതിൽ ആശയ വിനിമയത്തിൽ ‘ചെറിയൊരു പാളിച്ച’ ഉണ്ടായെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് സമ്മതിച്ചു. പമ്പയിൽ ശബരിഗിരി അണക്കെട്ട് തുറന്നപ്പോൾ വേണ്ടത്ര മുന്നറിയിപ്പ് ഉണ്ടായില്ലെന്ന് ഭരണകക്ഷി എം.എൽ.എ.യായ രാജു എബ്രഹാമും അഭിപ്രായപ്പെട്ടു. ഇതുകാരണമാണ് പത്തനംതിട്ടയിലും ചെങ്ങന്നൂരിലും പ്രളയത്തിൽ കൂടുതൽപ്പേർ പെട്ടുപോയത്. ചെങ്ങന്നൂരിൽ പാതിരായ്ക്ക് മുന്നറിയിപ്പ് നൽകുമ്പോൾ വീടുകളിലേക്ക് വെള്ളം കുതിച്ചുകയറുകയായിരുന്നു. റെഡ് അലർട്ട് നൽകി 24 മണിക്കൂർ കഴിഞ്ഞിട്ടേ ഇടുക്കി അണക്കെട്ട് തുറക്കൂവെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, കനത്തമഴയിൽ അണക്കെട്ട് നിറഞ്ഞതോടെ ഇതിനുള്ള സാവകാശം കിട്ടിയില്ല. ഓഗസ്റ്റ് ഒമ്പതിന് ട്രയൽ റൺ നടത്തുമെന്ന് അറിയിച്ചത് ഒന്നരമണിക്കൂർമുമ്പാണ്. അന്ന് 12.30ന് ട്രയൽ റൺ തുടങ്ങി. പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നരയോടെ എല്ലാ ഷട്ടറുകളും തുറന്നു. എന്നാൽ, ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് സർക്കാരും കെ.എസ്.ഇ.ബി.യും. അണക്കെട്ടുകളിലെ സ്ഥിതിവിശേഷം സംബന്ധിച്ച് ജില്ലാഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയതിന്റെ എല്ലാരേഖകളുമുണ്ടെന്ന് കെ.എസ്.ഇ.ബി. ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു. വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള സമയം ഇതല്ലെന്നാണ് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞത്. ജനങ്ങൾക്കെല്ലാം മുന്നറിയിപ്പ് നൽകിയിരുന്നെന്നാണ് മുഖ്യമന്ത്രിയും പറയുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2BA0Boj
via
IFTTT
No comments:
Post a Comment