ന്യൂഡൽഹി: ഇന്ത്യയിലെ വിമാനക്കമ്പനികൾ അമിതവും നിയമവിരുദ്ധവും വിവേചനപരവുമായ യാത്രാനിരക്കുകൾ ഈടാക്കാറില്ലെന്ന് ഡി.ജി.സി.എ. (വ്യോമയാന ഡയറക്ടറേറ്റ് ജനറൽ) ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു. വിപണിസമ്മർദങ്ങളാണ് ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കുന്നത്. ടിക്കറ്റ് നിരക്കുകൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ വ്യോമയാന നിയമപ്രകാരം അധികാരമില്ലെന്നും ഡി.ജി.സി.എ. അറിയിച്ചു. രാജ്യത്തെ വിമാനക്കമ്പനികളുടെ ടിക്കറ്റുകൾക്ക് പരമാവധി നിരക്ക് നിശ്ചയിക്കണമെന്ന പൊതുതാത്പര്യ ഹർജിയിൽ നൽകിയ മറുപടിയിലാണ് ഡി.ജി.സി.എ. ഇക്കാര്യം അറിയിച്ചത്. ഉപഭോക്തൃ അവകാശ പ്രവർത്തകൻ ബിജോൺ കെ. മിശ്രയാണ് ഹർജി നൽകിയത്. വിമാനക്കമ്പനികൾ ഏകപക്ഷീയമായി നിരക്ക് നിശ്ചയിക്കുമ്പോൾ ഡി.ജി.സി.എ. നിശ്ശബ്ദകാഴ്ചക്കാരായി നിൽക്കുകയാണെന്ന് ഹർജിയിൽ ആരോപിച്ചു. എന്നാൽ ആവശ്യമേറുമ്പോഴാണ് നിരക്ക് വർധിക്കുന്നതെന്ന് ഡി.ജി.സി.എ. പറഞ്ഞു.ഡൈനാമിക് പ്രൈസിങ് രീതിയാണ് കമ്പനികൾ സ്വീകരിക്കുന്നത്. വിമാനക്കമ്പനികൾ നിശ്ചയിക്കുന്ന ടിക്കറ്റ് നിരക്ക് നിയമവിരുദ്ധമല്ല. അതിൽ വിവേചനമില്ലെന്നും ഡി.ജി.സി.എ. വ്യക്തമാക്കി. സത്യവാങ്മൂലം ഫയലിൽസ്വീകരിച്ച കോടതി കേസ് ഒക്ടോബർ ഒമ്പതിലേക്ക് മാറ്റി. വിമാനക്കമ്പനികൾ പലപ്പോഴും അടിസ്ഥാന നിരക്കിന്റെ പത്ത് മടങ്ങുവരെ ഈടാക്കുന്നതായി ഹർജിയിൽ ആരോപിച്ചു. ഇൻഡിഗോയുടെ എ-320- നിയോ വിമാനങ്ങൾ എൻജിൻ തകരാർ കാരണം നിലത്തിറക്കിയ സംഭവങ്ങളെത്തുടർന്നുണ്ടായ നിരക്ക് വർധനയും ഹർജിയിൽ ചൂണ്ടിക്കാട്ടി.
from mathrubhumi.latestnews.rssfeed https://ift.tt/2MxJojj
via
IFTTT
No comments:
Post a Comment