ആലപ്പുഴ: വെള്ളപ്പൊക്കക്കെടുതിയിൽനിന്ന് രക്ഷനേടാനാവാതെ കുട്ടനാട്. ആഴ്ചകളായി വെള്ളത്തിനടിയിലായിരുന്ന കുട്ടനാട്ടിലേക്ക് മലവെള്ളംകൂടി പാഞ്ഞെത്തിയതോടെ ദുരിതം ഇരട്ടിച്ചു. യുദ്ധകാലാടിസ്ഥാനത്തിലാണ് കുട്ടനാട്ടിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത്. ചങ്ങനാശ്ശേരിയിലും ആലപ്പുഴ നഗരത്തിലും കുട്ടനാട്ടുകാർക്കായി പ്രത്യേകം ക്യാമ്പുകൾ സജ്ജീകരിച്ചു. വെള്ളിയാഴ്ച രാവിലെ മുതൽതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. പുരവഞ്ചികളിലും ചെറിയ ബോട്ടുകളിലും ജങ്കാറുകളിലുമാണ് ആളുകളെ കരയിലെത്തിച്ചത്. ഇതുവരെ കുട്ടനാട് കാണാത്ത വെള്ളപ്പൊക്കമാണ് ഇപ്പോൾ നേരിടുന്നത്. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമാണ്. എല്ലാ പ്രദേശങ്ങളിലും കനത്ത വെള്ളപ്പൊക്കമാണ്. രണ്ട് നിലകളിലുള്ളവർ പോലും സുരക്ഷിതരല്ല. ഒരോ ബോട്ടുജെട്ടികളിലും നൂറുകണക്കിന് പേരാണ് ബോട്ടുകാത്തുനിൽക്കുന്നത്. പരമാവധിയാളുകളെ രക്ഷിച്ച് കരയ്ക്കെത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചു. കുഞ്ഞുകുട്ടികളും സ്ത്രീകളുമടക്കമുള്ളവർ എല്ലാം ഉപേക്ഷിച്ച് പ്രാണനുംകൊണ്ട് ഓടുകയാണ്.സാധാരണ വെള്ളപ്പൊക്കം കുട്ടനാട്ടുകാരെ അധികം അലട്ടാറില്ല. അത്തരം സന്ദർഭങ്ങളിൽ കുട്ടനാട്ടിൽതന്നെ ഒട്ടേറെ ക്യാമ്പുകൾ പ്രവർത്തിക്കും. ആരുംതന്നെ അവിടംവിട്ട് പുറത്തേക്ക് പോകാറില്ല. എന്നാൽ ഇത്തവണ പ്രതീക്ഷയ്ക്കും അപ്പുറമായിരുന്നു കാര്യങ്ങൾ. ക്യാമ്പുകൾ ഒന്നും കുട്ടനാട്ടിൽ പ്രവർത്തിപ്പിക്കാൻ കഴിയാത്തവിധം വെള്ളത്തിന്റെ കുത്തൊഴുക്കാണ്. വരും ദിവസങ്ങളിലും ശക്തമായ വെള്ളത്തിന്റെ ഒഴുക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറിയബോട്ടുകൾക്ക് മാത്രമേ ഉൾപ്രദേശങ്ങളിൽ കടന്നുചെന്ന് രക്ഷാപ്രവർത്തനം നടത്താൻ സാധിക്കുകയുള്ളു. പലരും വീടിനുമുകളിൽ രക്ഷാപ്രവർത്തകർക്കായി കാത്തിരിക്കുകയാണ്. ഇതിൽ രോഗികളുൾപ്പെടെയുണ്ട്. ആവശ്യത്തിന് വെള്ളമോ ആഹാരമോ ലഭിക്കാത്തതും കുടുങ്ങികിടക്കുന്നവരെ വലയ്ക്കുന്നുണ്ട്. നെടുമുടി കൃഷിഭവൻ പരിധിയിൽ വരുന്ന ചെന്പിൽപാടത്ത് മടവീണു. കഴിഞ്ഞ വെള്ളപ്പൊക്കത്തെ അതിജീവിച്ച പാടശേഖരമായിരുന്നു ഇത്.
from mathrubhumi.latestnews.rssfeed https://ift.tt/2nM25lm
via
IFTTT
No comments:
Post a Comment