കണ്ണൂർ: പിണറായി കൂട്ടക്കൊലക്കേസിൽ വിചാരണത്തടവുകാരിയായി ജയിലിൽ കഴിയവെ ആത്മഹത്യചെയ്ത സൗമ്യയെക്കുറിച്ച് വനിതാ ജയിൽ ഉദ്യോഗസ്ഥർക്ക് പറയാനുള്ളത് നല്ലതുമാത്രം. അച്ഛനെയും അമ്മയെയും മകളെയും വിഷം കൊടുത്തുകൊന്ന കേസിൽ അറസ്റ്റുചെയ്യപ്പെട്ട് ജയിലിലെത്തിയ അവളെക്കുറിച്ചുള്ള മുൻധാരണകൾ ക്രൂരമായ ഒരു സ്ത്രീ എന്ന നിലയിലായിരുന്നു. പ്രത്യേകിച്ച് സഹതടവുകാരികൾക്ക്. പക്ഷേ, ജയിലിൽ എന്നും ഏകാന്തയായി ഇടയ്ക്കിടെ കരഞ്ഞുകൊണ്ടിരിക്കുന്ന സൗമ്യയെയാണ് കാണാൻ കഴിഞ്ഞതെന്ന് ജയിലിൽ ആ സമയം ഉണ്ടായിരുന്ന ഉദ്യോഗസ്ഥ പറയുന്നു. ആരോടും അധികമൊന്നും സംസാരിക്കില്ല. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽത്തന്നെ അവൾ നല്ല വായനക്കാരിയായി. ജയിൽ ലൈബ്രറിയിൽനിന്ന് ഒരുപാട് പുസ്തകങ്ങൾ വായിച്ചു. താൻ കുറ്റം ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. ജയിലിൽ ആരും പരസ്പരം കുറ്റപ്പെടുത്തുകയോ വെറുപ്പ് കാണിക്കുകയോ ചെയ്യരുതെന്ന് തടവുകാരോട് ഉദ്യോഗസ്ഥർ എന്നും പറയും. സൗമ്യയുടെ ശാന്തപ്രകൃതം കാരണം സഹതടവുകാർക്കും അവരോട് ഇഷ്ടമായിരുന്നു. ആദ്യം കുടനിർമാണ ജോലിയായിരുന്നു അവർ ചെയ്തത്. ദിവസങ്ങൾ കൊണ്ടുതന്നെ നന്നായി പരിശീലിച്ചു. തുടർന്ന് തൊഴുത്തിലെ ജോലി. അതും ഒരു പരാതിയുമില്ലാതെ ചെയ്യാറുണ്ടായിരുന്നു. കണ്ണൂർ വനിതാ ജയിലിൽ 12 പേർക്ക് വീതം കിടക്കാനുള്ള രണ്ട് ബാരക്കുകളാണുള്ളത്. അതിൽ ഒരു ബാരക്കിലാണ് റിമാൻഡ് തടവുകാരി കൂടിയായ സൗമ്യ കിടന്നത്. റിമാൻഡ് തടവുകാരിയായതിനാൽ ജയിൽവസ്ത്രം നിർബന്ധമായിരുന്നില്ല. ജയിലിൽ സൗമ്യയെ കാണാൻ ആരും വരാറില്ലായിരുന്നു. അടുത്ത ചില ബന്ധുക്കൾ ഉണ്ടെങ്കിലും തിരിഞ്ഞുനോക്കിയില്ല. പുറത്തുപോയി ഞാൻ എന്തുചെയ്യും, ജയിലിൽത്തന്നെ കഴിയുന്നതാണ് എനിക്കിഷ്ടം എന്നു സൗമ്യ പലപ്പോഴും പറയാറുണ്ടായിരുന്നു. ആത്മഹത്യാപ്രവണത ഇതുവരെ കാണിച്ചിട്ടില്ല -ഉദ്യോഗസ്ഥർ പറഞ്ഞു. Content Highlights:pinarayi murder case accused soumya commits suicide; jail officer says about soumyas life in prison
from mathrubhumi.latestnews.rssfeed https://ift.tt/2Lrg0qm
via
IFTTT
No comments:
Post a Comment