ദുബായ്: പ്രളയക്കെടുതിയിൽപ്പെട്ട കേരളത്തിനായി സമാഹരിക്കുന്ന സഹായം സംബന്ധിച്ച കാര്യങ്ങൾ ഇന്ത്യയിലെ യു.എ.ഇ. സ്ഥാനപതിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം തീരുമാനിക്കുമെന്ന് എമിറേറ്റ്‌സ് റെഡ് ക്രസന്റ് ദുബായ് ചാപ്‌റ്റർ മാനേജർ മൊഹമ്മദ് അബ്ദുള്ള അൽഹജ് അൽ സറൂണി പറഞ്ഞു. യു.എ.ഇ.- ഇന്ത്യ സർക്കാരുകൾ തമ്മിലാണ് ഇതു സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യേണ്ടത്. എമിറേറ്റ്‌സ് റെഡ് ക്രസന്റ്, ദുബായ് കെയേഴ്സ്, ശൈഖ് ഖലീഫ ഫൗണ്ടേഷൻ ഉൾപ്പെടെ യു.എ.ഇ. യിലെ പ്രമുഖ ജീവകാരുണ്യ സംഘടനകൾ വഴി കേരളത്തിനായി ധനസമാഹരണം നടക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് എല്ലാ ഭാഗത്തുനിന്ന് ലഭിക്കുന്നത്.ഇന്ത്യ, വിശേഷിച്ച് കേരളം പതിറ്റാണ്ടുകളായി യു.എ.ഇ. പൗരന്മാരുമായി വലിയ സൗഹൃദം പുലർത്തുന്ന ഭൂവിഭാഗവും ജനതയുമാണ്. കേരളത്തിനുണ്ടായ പ്രയാസത്തിൽ എല്ലാവർക്കും വേദനയുണ്ട്. ഇപ്പോൾതന്നെ റെ ഡ്ക്രസന്റ് വിവിധ സന്നദ്ധസംഘടനകൾ മുഖേന പ്രളയബാധിത പ്രദേശത്ത് അവശ്യസാധനങ്ങൾ എത്തിക്കുന്നുണ്ട്. ഇന്ത്യയിലെ യു.എ.ഇ. എംബസിയും കോൺസുലേറ്റും ഇക്കാര്യങ്ങൾ പരിശോധിക്കുന്നുമുണ്ട്. യു.എ.ഇ.യിൽ നിന്ന് നേരിട്ടും ഇന്ത്യയിൽനിന്ന് സമാഹരിച്ചുമാണ് സാധനങ്ങൾ എത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സഹായധനം സംബന്ധിച്ച കാര്യങ്ങൾ സർക്കാരുകൾ തമ്മിലുള്ള ഇടപാടാണ്. സ്ഥാനപതിയുടെ റിപ്പോർട്ട് കിട്ടിയശേഷം അന്തിമതീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2PnR3P8
via
IFTTT
No comments:
Post a Comment