ഒരു കുടുംബത്തിലെ നാലുപേരെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി, 2018 ഓഗസ്റ്റ് ഒന്നാം തീയതി കേരളം ഞെട്ടലോടെ കേട്ട വാർത്ത. തൊടുപുഴ കമ്പകക്കാനത്തു നിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ നാലംഗകുടുംബത്തെയാണ് വീട്ടുവളപ്പിൽ കൊന്നുകുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. കമ്പനക്കാട് കാനാട്ട് വീട്ടിൽ കൃഷ്ണൻ, ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജുൻ എന്നിവരാണ് അതിക്രൂരമായ കൊലപാതകത്തിനിരയായത്. ഒരു കുടുംബത്തിലെ നാലുപേരുടെയും മൃതദേഹങ്ങൾ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. നാലുപേരുടെയും ശരീരത്തിൽ മാരകമായ മുറിവുകളുണ്ടായിരുന്നു. കൊല്ലപ്പെട്ട കൃഷ്ണന്റെ ആഭിചാരക്രിയകളും മന്ത്രവാദവും കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്. നാട്ടുകാരുമായോ ബന്ധുക്കളുമായോ കൃഷ്ണനും കുടുംബത്തിനും വലിയ അടുപ്പമില്ലാതിരുന്നത് അന്വേഷണത്തിൽ വലിയ വെല്ലുവിളിയായി. പക്ഷേ, വീട്ടിനുള്ളിലെ തെളിവുകളും കൃഷ്ണന്റെ ഫോൺകോളുകളും കേന്ദ്രീകരിച്ച് അന്വേഷണം മുന്നേറി. മന്ത്രവാദം മറയാക്കി കൃഷ്ണൻ നടത്തിയ വൻതട്ടിപ്പുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ സംശയം. താൻ ആക്രമിക്കപ്പെട്ടേക്കാമെന്ന് ഭയന്ന് കൃഷ്ണൻ വീട്ടിനുള്ളിൽ ആയുധങ്ങൾ സൂക്ഷിച്ചിരുന്നതും കുടുംബത്തിന്റെ പക്കലുണ്ടായിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതും ഈ സംശയം ബലപ്പെടുത്തി. മന്ത്രവാദവുമായി ബന്ധപ്പെട്ട് കൃഷ്ണൻ വൻ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതായും സൂചനയുണ്ട്. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഇതുവരെ മുന്നൂറോളം പേരെ ചോദ്യംചെയ്തു. ഇവരിൽ 25 പേരെ വിശദമായ ചോദ്യം ചെയ്യലിനും വിധേയമാക്കി. മൂന്നുപേരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. തിരുവനന്തപുരത്ത് നിന്നാണ് മൂന്നുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നേരത്തെ നെടുങ്കണ്ടം സ്വദേശിയെ വിശദമായി ചോദ്യംചെയ്തിരുന്നു. ഇയാളിൽ നിന്നാണ് പോലീസ് തിരുവനന്തപുരം സ്വദേശികളിലേക്കെത്തിയത്. തിരുവനന്തപുരത്ത് നിന്നും കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുന്നതോടെ കൂട്ടക്കൊല കേസിന്റെ ചുരുളഴിയുമെന്നാണ് പ്രതീക്ഷ. Content Highlights:vannappuram kambakakkanam murder, investigation is going on
from mathrubhumi.latestnews.rssfeed https://ift.tt/2n7mz82
via
IFTTT
No comments:
Post a Comment