ഇരിട്ടി (കണ്ണൂർ): കരിക്കോട്ടക്കരി സെയ്ന്റ് തോമസ് ഹൈസ്കൂൾ അധ്യാപിക ചരളിലെ പാംബ്ലാനിയിൽ മേരി(42)യുടെ മരണം കെലാപാതകമാണെന്ന് പോലീസ് കണ്ടെത്തി. ഭർത്താവും തമിഴ്നാട് ക്വട്ടേഷൻ സംഘവുമാണ് മേരിയെ കണിറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. മേരിയുടെ ഭർത്താവ് ചരളിലെ പാംബ്ലാനിയിൽ സാബു ജേക്കബ് (48), ക്വട്ടേഷൻ ഏറ്റെടുത്ത തമിഴ്നാട് ധർമപുരി ജില്ലാ സ്വദേശികളായ വെപ്പിലപ്പട്ടി രവികുമാർ (39), കറുമ്പ്രഹള്ളി കോളനിയിലെ എൻ.ഗണേശൻ (27) എന്നിവരെയാണ് ഇരിട്ടി ഡിവൈ.എസ്.പി. പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. കഴിഞ്ഞമാസം 29-ന് പുലർച്ചെയാണ് മേരിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് ആദ്യം നാട്ടുകാരും പോലീസും കരുതിയത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയെത്തുടർന്ന് ആദ്യം കരിക്കോട്ടക്കരി പോലീസും പിന്നീട് ഇരിട്ടി ഡിവൈ.എസ്.പി.യുടെ പ്രത്യേക അന്വേഷണസംഘവും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് നടത്തിയ ക്വട്ടേഷൻ കൊലപാതകമാണെന്ന് കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ലോറി ഡ്രൈവറായ സാബുവിന്റെ വഴിവിട്ട ജീവിത്തതിന് ഭാര്യ മേരി തടസ്സമാകുന്നുവെന്ന് കണ്ടതോടെ ഭാര്യയെ കൊലപ്പെടുത്താൻ സാബു ആറുമാസം മുൻപ് പദ്ധതി തയ്യാറാക്കി. ഇതിനായി ചെങ്കൽ മേഖയിൽനിന്ന് പരിചയപ്പെട്ട ലോഡിങ് തൊഴിലാളികളായ തമിഴ്നാട് സ്വദേശികളായ രവികുമാറിന്റെയും ഗണേശന്റെയും സഹായം തേടി. രണ്ടുലക്ഷം രൂപയാണ് ഇതിനായി നൽകിയത്. ക്വട്ടേഷനുള്ള പണം സ്വരൂപിച്ചതോടെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കി. രാത്രിയിൽ ഭാര്യയെ പുറത്തേക്ക് എത്തിക്കുന്നതിന് വീട്ടിലുണ്ടായിരുന്ന പഴയ വാഷിങ് മെഷീൻ സ്വയം കേടാക്കി സാബുതന്നെ നന്നാക്കാനായി കൊണ്ടുപോയി. സംഭവദിവസം രാത്രി വാഹനത്തിൽ വാഷിങ് മെഷീനുമായി വന്ന് മേരിയോട് പുറത്ത് രണ്ടുപേർ ഉണ്ടെന്നും വാഷിങ് മെഷീൻ പിടിച്ച് വീട്ടിനുള്ളിലേക്ക് വെക്കാൻ സഹായിക്കണമെന്നും പറഞ്ഞ് പുറത്തേക്കിറക്കി. വീടിന് വെളിയിൽനിന്ന രണ്ടുപേരും സഹായിക്കാനെന്ന വ്യാജേന അടുത്തെത്തുകയും സാബുവും മറ്റ് രണ്ടുപേരും ചേർന്ന് മേരിയെ തൂക്കിപ്പിടിച്ച് കിണറ്റിലേക്ക് വലിച്ചെറിയുകയുമായിരുന്നു. വാവിട്ടുകരഞ്ഞ മേരി രക്ഷപ്പെടാതിരിക്കാൻ കിണറ്റിൽ ഉണ്ടായിരുന്ന കുടിവെള്ളപദ്ധതിയുടെ പൈപ്പും മുറിച്ചുമാറ്റി. മരണം ഉറപ്പുവരുത്തിയശേഷം സഹായികൾ സ്ഥലം വിടുകയും സാബു അയൽപക്കത്തെ വീട്ടിൽപ്പോയി ഭാര്യ കിണറ്റിൽവീണതായി പറയുകയുമായിരുന്നു. സംഭവസമയത്ത് മേരിയുടെ രണ്ട് മക്കളും വീട്ടിനുള്ളിൽ ഉറക്കത്തിലായിരുന്നു. ശാസ്ത്രീയ തെളിവുകൾ ഉപയോഗിച്ച് പിടിക്കപ്പെടാതിരിക്കാൻ സാബു പരമാവധി ശ്രദ്ധിച്ചിരുന്നതായി അന്വേഷണത്തിന് നേതൃത്വം നൽകിയ ഡിവൈ.എസ്.പി. പറഞ്ഞു. സംഭവത്തിനുശേഷം സാബു പോലീസ് നിരീക്ഷണത്തിലായിരുന്നു. അറസ്റ്റിലായവരെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. അന്വേഷണസംഘത്തിൽ ഡിവൈ.എസ്.പി.ക്കുപുറമെ കരിക്കോട്ടക്കരി എസ്.ഐ. ടോണി ജെ. മറ്റം, എസ്.ഐ. റെജി സ്കറിയ, റാഫി അഹമ്മദ്, എം.ജെ.ബെന്നി, ടി.ഷംശുദ്ദീൻ, മുഹമ്മദ് നജീബ്, പൈലി, സന്തോഷ്, പി.വിനോദ് എന്നിവർ നേതൃത്വം നൽകി.
from mathrubhumi.latestnews.rssfeed https://ift.tt/2vRjFJ7
via
IFTTT
No comments:
Post a Comment