മലപ്പുറം: ദുരന്തങ്ങൾ വരുമ്പോഴാണ് ശരിക്കുള്ള മനുഷ്യരെ തിരിച്ചറിയുന്നതെന്ന ചൊല്ല് ജെയ്‌സലിനെപ്പോലുള്ളവരുടെ കാര്യത്തിൽ അക്ഷരംപ്രതി ശരിയാവുകയാണ്.ദേശീയ ദുരന്തനിവാരണസേനയുടെ അറിയിപ്പുപ്രകാരമാണ് താനൂരുള്ള കെ.പി. ജയ്‌സലും കൂട്ടുകാരും ബോട്ടുമായി രക്ഷാപ്രവർത്തനത്തിന് 25- കിലോമീറ്ററോളം അപ്പുറത്തുള്ള വേങ്ങരയിലേക്ക് പോകുന്നത്. അവിടെ മുതലമാട് വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു സ്ത്രീകളും കുട്ടികളുമടങ്ങിയ ഒട്ടേറെ പേർ. അവരെ ബോട്ടിൽ കരയിലെത്തിക്കുകയായിരുന്നു ദൗത്യം. നിലത്തുനിന്ന് ഉയർന്നുനിൽക്കുന്ന ബോട്ടിലേക്ക് കയറാൻ വിഷമിച്ചുനിന്ന സ്ത്രീകളെ കണ്ടപ്പോൾ ജെയ്‌സലിന് ഒരു സംശയവുമുണ്ടായില്ല. അവർക്കും ബോട്ടിനുമിടയിൽ അയാൾ കുനിഞ്ഞുനിന്നു. ആ പാവം സ്ത്രീകൾക്ക് മുന്നിൽ ജെയ്‌സൽ ചവിട്ടുപടിയായി. ആദ്യം ഒന്നു മടിച്ചെങ്കിലും ജെയ്‌സലിന്റെ പുറത്ത് ചവിട്ടി അവരെല്ലാം ജീവിതത്തിലേക്ക് ചുവടുവെച്ചു. ഒന്നുമറിയാത്തപോലെ ജെയ്‌സൽ വീണ്ടും രക്ഷാപ്രവർത്തനത്തിലേക്കും. അതിനിടെ ഈ രംഗം ആരോ മൊബൈൽഫോണിൽ പകർത്തിയിരുന്നു. ആ രംഗങ്ങൾ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.ചെയ്യുന്ന തൊഴിലിനുവേണ്ടി മരിക്കാൻപോലും തയ്യാറാവുന്ന മത്സ്യത്തൊഴിലാളിയുടെ മനസ്സിന്റെ വലിപ്പം സാമൂഹികമാധ്യമങ്ങളിലൂടെ കണ്ട് ആയിരങ്ങളാണ് അഭിനന്ദിക്കുന്നത്. വിദേശങ്ങളിൽ നിന്നുപോലും അഭിനന്ദനങ്ങൾ വരുമ്പോഴും ഞാനെന്താണ് ഇതിനുമാത്രം ചെയ്തത് എന്ന ഭാവത്തിലാണ് ജയ്‌സൽ. ഇതൊന്നുമല്ല, ഒരുപാടുപേരുടെ ജീവൻ രക്ഷിക്കാൻപറ്റുന്നതാണ് വലിയകാര്യം എന്നാണ് ജെയ്‌സൽ പറയുന്നത്. രണ്ടു വയസ്സുപോലുമാവാത്ത കുട്ടിയേയും ഇവർ ഇവിടെനിന്ന് രക്ഷിച്ചു.ഇവിടത്തെ രക്ഷാപ്രവർത്തനത്തിനുശേഷം െജയ്സൽ പോയത് തൃശ്ശൂർ ജില്ലയിലെ മാളയിൽ തുരുത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനാണ്. ഞായറാഴ്ച വൈകീട്ടോടെ ആ ദൗത്യവും വിജയകരമായി പൂർത്തിയാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2BqPxtj
via
IFTTT
No comments:
Post a Comment