കൊച്ചി: മലപ്പുറം ജില്ലയിലെ കടലോരത്തുനിന്നു തുടങ്ങിയതാണ് അവരുടെ രക്ഷായാത്ര. കുത്തിയതോട്, ആലുവ, പറവൂർ പ്രദേശങ്ങളിൽ കണ്ടറിഞ്ഞും കേട്ടറിഞ്ഞും സാധ്യമായ ഇടങ്ങളിലൊക്കെ അവർ രക്ഷയുടെ തുഴയെറിഞ്ഞെത്തി.വ്യാഴാഴ്ച മലപ്പുറത്തുനിന്ന് ലോറിയിൽ വള്ളങ്ങളും കയറ്റി പുറപ്പെടുകയായിരുന്നു 60 മത്സ്യത്തൊഴിലാളികൾ. ആദ്യദിനം ചാലക്കുടിയിലായിരുന്നു. അവിടെ രക്ഷാപ്രവർത്തനങ്ങൾക്കുശേഷം ഇവർ വെള്ളിയാഴ്ച എറണാകുളത്തെത്തി. തുടർന്നുള്ള മൂന്നുദിവസം കൈമെയ് മറന്നുള്ള സേവനമായിരുന്നു.വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലൂടെ ബോട്ടുകൊണ്ടുപോകുമ്പോൾ ചിലയിടങ്ങളിൽ അധികം ആഴമില്ലാത്തതിനാൽ വള്ളങ്ങളുടെ അടിവശം തറയിൽ തട്ടും. അങ്ങനെയുള്ള സന്ദർഭങ്ങളിൽ രക്ഷിച്ചുകൊണ്ടു വരുന്നവരെ വള്ളത്തിലിരുത്തി നിരക്കിമാറ്റി കരയ്ക്കെത്തിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു. ദുരിതമനുഭവിക്കുന്ന മറ്റു പ്രദേശങ്ങളിൽ പോയി സേവനം ചെയ്തതിൽ മലപ്പുറം ജില്ല മൊത്തത്തിൽ അഭിമാനിക്കുന്നുവെന്ന് മലപ്പുറം എം.എൽ.എ. പി. ഉബൈദുള്ള അറിയിച്ചു. എറണാകുളത്തേക്ക് അഞ്ച് ബോട്ടുകളിലായി 48 പേരും തൃശ്ശൂരിലേക്ക് രണ്ടുബോട്ടുകളിലായി 12 പേരുമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. കൂടാതെ വിവിധ സ്ഥലങ്ങളിൽനിന്നായി മലപ്പുറത്ത് ധാരാളം സാധനങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഇവിടെ പ്രവർത്തിക്കുന്ന 164 ക്യാമ്പുകളിലേക്ക് ആവശ്യത്തിന് സാധനങ്ങൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് തയ്യാറായി മുന്നോട്ടുവന്ന വലിയൊരു വിഭാഗം ജനങ്ങൾ മലപ്പുറത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്തിന് പുറമേ തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽനിന്ന് തങ്ങളുടെ ബോട്ടുകൾ ലോറിയിൽ കെട്ടിക്കൊണ്ടുവന്ന് മത്സ്യത്തൊഴിലാളികൾ എറണാകുളത്തിന്റെ ദുരിതബാധിത മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്കിയിരുന്നു. ചെങ്ങന്നൂരിലെ നക്ഷത്രങ്ങൾപ്രളയക്കെടുതി രൂക്ഷമായ ചെങ്ങന്നൂരിലും കുട്ടനാട്ടിലും കാർത്തികപ്പള്ളിയിലും രക്ഷാപ്രവർത്തനത്തിനു മുന്നിൽനിന്നത് കടലിന്റെ മക്കളായിരുന്നു. മൂന്നുദിവസം കൊണ്ട് ഇവർ മരണമുഖത്തുനിന്ന് കൈപിടിച്ചുയർത്തിയത് അമ്പതിനായിരത്തോളം പേരെയാണ്. 138 മത്സ്യബന്ധനവള്ളങ്ങളാണ് സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളിൽ നിന്ന് ഇവിടേക്കെത്തിച്ചത്. 1200 മത്സ്യത്തൊഴിലാളികൾ കൈമെയ് മറന്ന് ദൗത്യത്തിൽ അണിനിരന്നു.ദുരന്തവിവരം അറിഞ്ഞതിനെ തുടർന്ന് മന്ത്രി ജി. സുധാകരനും മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജനും ഇടപെട്ട് വിവിധസംഘടനകളുടെ സഹകരണത്തിലാണ് വള്ളങ്ങളും മത്സ്യ തൊഴിലാളികളും രംഗത്തെത്തിയത്. ഇവരുടെ സേവനം ഏറെ പ്രയോജനപ്പെട്ടത് ചെങ്ങന്നൂരിലായിരുന്നു.കടലിന്റെ മക്കളെ അനുമോദിച്ച് സോഷ്യൽ മീഡിയ‘ഇടിയും പേമാരിയും കാറുംകോളും ഏതുനിമിഷവും വരുമെന്നറിഞ്ഞ് കടലിൽ പോകുന്ന കടലിന്റെ മക്കൾ തന്നെയാണ് കേരളത്തിന്റെ സൈന്യം’ ഷെയർ ചെയ്ത് വരുന്ന ചില പോസ്റ്റുകളിൽ ഒന്നാണിത്. ‘മത്സ്യത്തൊഴിലാളി സൈന്യത്തെ നെഞ്ചോട് ചേർക്കുന്നു ഹൃദയാഭിവാദ്യങ്ങൾ’, ‘കേരളത്തിന്റെ യഥാർഥരക്ഷാസൈന്യം കടലിന്റെ മക്കൾ’ എന്നിങ്ങിനെ ഒട്ടേറെ പോസ്റ്റുകളാണ് മത്സ്യത്തൊഴിലാളികൾക്ക് പിന്തുണയേകി പ്രചരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2MDeRkh
via
IFTTT
No comments:
Post a Comment