ന്യൂഡൽഹി: ലോധ കമ്മിറ്റി നിർദേശങ്ങളിൽ വെള്ളം ചേർത്ത സുപ്രീം കോടതി നടപടിയിൽ നിരാശ പങ്കുവെച്ച് ജസ്റ്റിസ് ആർ.എം ലോധ. കമ്മിറ്റി നിർദേശിച്ച ബി.സി.സി.ഐ കരട് ഭരണഘടനയ്ക്ക് സുപ്രീം കോടതി ഭേദഗതികളോടെ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. മുൻപ് സുപ്രീം കോടതി തന്നെ അംഗീകരിച്ച നിർദേശങ്ങളിൽ നിന്ന് ഇപ്പോൾ എന്തെല്ലാം മാറ്റങ്ങൾ വരുത്തിയെന്നതിനെ കുറിച്ചും ഈ ഉത്തരവ് നടപ്പാക്കുന്നതിനായി ഏതെല്ലാം നിയമ തത്വങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നതിനെ കുറിച്ചും അന്തിമ റിപ്പോർട്ട് പുറത്തിറങ്ങുന്ന അവസരത്തിൽ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചതിക്കപ്പെട്ടുവെന്ന് തോന്നുന്നില്ലെന്നു പറഞ്ഞ ജസ്റ്റിസ് ലോധ, പക്ഷേ താൻ നിരാശനാണെന്ന് ചൂണ്ടിക്കാട്ടി. കാരണം തങ്ങൾ ഇതിനായി വളരെ പണിപ്പെട്ടതാണ്. മാത്രമല്ല 2016 ജൂലൈ 18-ന് ഈ നിർദേശങ്ങൾ സുപ്രീം കോടതി തന്നെ അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി തന്നെ പുറപ്പെടുവിച്ച മുൻ ഉത്തരവിൽ മാറ്റം വരുത്താൻ എന്തെല്ലാം നിയമ തത്വങ്ങളാണ് അവർ ഉപയോഗിച്ചതെന്ന കാര്യത്തിലാണ് വിരമിച്ച ജഡ്ജി എന്ന എന്ന നിലയിലും ഒരു നിയമജ്ഞൻ എന്ന നിലയിലുമുളള തന്റെ താൽപ്പര്യമെന്നും അദ്ദേഹം കൂട്ടിചച്ചേർത്തു. ബി.സി.സി.ഐയിലെ തിന്മകളെ ഉന്മൂലനം ചെയ്യാനായി മുന്നോട്ടുവെച്ച പരിഷ്കാരങ്ങളിലെല്ലാം വെള്ളം ചേർക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ബി.സി.സി.ഐക്ക് ശക്തമായ ഒരു ഭരണഘടനയും ഭരണനിർവ്വഹണ സംവിധാനവും നൽകാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ആ പരിഷ്കാരങ്ങൾ. ശക്തമായ ഒരു കെട്ടിടത്തിലെ പ്രധാന കല്ലുകൾ ഇളക്കിയാൽ അത് അതിന്റെ ഉറപ്പിനെ ബാധിക്കും. ഇവിടെ നടന്നതും ഇതുതന്നെയാണെന്നും ലോധ കൂട്ടിച്ചേർത്തു. ലോധ കമ്മിറ്റി മുന്നോട്ടുവച്ച ചില സുപ്രധാന നിർദേശങ്ങളിൽ ഭേദഗതി വരുത്തിയാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഭരണഘടനയ്ക്ക് അംഗീകാരം നൽകിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന്റേതായിരുന്നു ഉത്തരവ്. ലോധ കമ്മിറ്റി നിർദേശിച്ച, ഒരു സംസ്ഥാനത്തിന് ഒരു വോട്ട്, എന്ന വ്യവസ്ഥ മാറ്റി മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് അസോസിയേഷനുകൾക്കും (മുംബൈ, വിദർഭ, സൗരാഷ്ട്ര, ബറോഡ) സുപ്രീം കോടതി വ്യത്യസ്ത വോട്ടവകാശം നൽകി. ഒരു തവണ ബി.സി.സി.ഐ ഭാരവാഹിയായാൽ നിശ്ചിത ഇടവേളയ്ക്ക് ശേഷമേ വീണ്ടും മത്സരിക്കാനാകൂ എന്നായിരുന്നു ലോധ കമ്മിറ്റിയുടെ നിർദേശം. ഇതു ഭേദഗതി ചെയ്ത് ഇടവേളകളില്ലാതെ തുടർച്ചയായി രണ്ട് തവണ ഭാരവാഹിയാകാമെന്നാക്കി മാറ്റുകയും ചെയ്തു. Content Highlights: bcci, lodha committee, supreme court
from mathrubhumi.latestnews.rssfeed https://ift.tt/2Mg9Lud
via
IFTTT
No comments:
Post a Comment