2004 ൽ സുനാമി ഇന്ത്യൻ തീരപ്രദേശങ്ങളെ തകർത്തപ്പോൾ ഏറ്റവും ശ്രദ്ധേയമായ സന്ദേശം വന്നത് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിങ്ങിൽ നിന്നാണ്. വലിയൊരു ദുരന്തമാകുമ്പോൾ തന്നെ വലിയൊരു അവസരം കൂടിയാണ് സുനാമി മുന്നോട്ടുവെയ്ക്കുന്നതെന്നാണ് അന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് മൻമോഹൻസിങ് പറഞ്ഞത്. രാജ്യത്തെ സാധാരാണക്കാരായ മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ഈ പ്രതിസന്ധി സുവർണ്ണാവസരമാണെന്ന ആശയമാണ് അദ്ദേഹം വ്യക്തമാക്കിയത്. മൻമോഹൻസിങ് പറഞ്ഞത് നൂറു ശതമാനം ശരിയായിരുന്നു. ആഗോളതലത്തിൽ അന്ന് ഇന്ത്യയിലേക്ക് ഫണ്ടുകളുടെ പ്രവാഹമായിരുന്നു. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്ക് പുതിയ വീടുകളും മത്സ്യബന്ധനോപകരണങ്ങളും ലഭ്യമാകുന്നതും അവർ പുതിയ ജിവിതം കെട്ടിപ്പടുക്കുന്നതും അന്ന് രാഷ്ട്രം കണ്ടു. സുനാമിയെ അതിജീവിക്കാൻ ഇന്ത്യയ്ക്കായത് കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായിരുന്നു. നൂറുകണക്കിന് സന്നദ്ധ സേവന സംഘടനകളാണ് അന്ന് തമിഴ്നാട്ടിലും ഒഡിഷയിലും കേരളത്തിലുമൊക്കെ ദുരിതാശ്വാസ പ്രവർത്തനത്തിനിറങ്ങിയത്. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേവന സംഘടനകൾ ഇപ്പോൾ സജീവമല്ല. എൻ ജി ഒകളുടെ പ്രവർത്തനത്തിൽ തകരാറുണ്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമായത്. 2015 ലെ ചെന്നൈ പ്രളയത്തിൽ എൻ ജി ഒകളുടെ അസാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. കേരളം പോലെ സമൂഹത്തിന്റെ അടിത്തട്ടിൽ കൃത്യമായ സംഘടനാ സംവിധാനങ്ങൾ ഇല്ലാത്ത സംസ്ഥാനമാണ് തമിഴ്നാട്. അതുകൊണ്ടുതന്നെ എൻ ജി ഒകളുടെ അഭാവം ചെന്നൈ പ്രളയത്തിനു ശേഷമുള്ള പുനരധിവാസ പ്രവർത്തനങ്ങളിൽ കാര്യമായി പ്രതിഫലിക്കുകയും ചെയ്തു. സുനാമിയെ മറികടക്കുന്ന പ്രളയമാണ് കേരളത്തിലുണ്ടായിരിക്കുന്നത്. ഏഴര ലക്ഷത്തോളം പേർ ( 9.26 ലക്ഷം പേരെന്നാണ് ഏറ്റവും പുതിയ കണക്ക് )സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. സമാനതകളില്ലാത്ത ദുരന്തമാണിത്. എല്ലാം ഒന്നിൽ നിന്നു തുടങ്ങണ്ട അവസ്ഥ. പക്ഷേ, മൻമോഹൻസിങ് പറഞ്ഞതുപോലെ ഈ ദുരന്തവും ഒരവസരമാണ്. കേരളത്തിന്റെ മുഖച്ഛായ സമ്പൂർണ്ണമായി നവീകരിക്കുന്നതിനുള്ള അവസരം. വീടുകൾ നഷ്ടപ്പെട്ടവർക്ക് കെട്ടുറപ്പുള്ള നല്ല വീടുകൾ നിർമ്മിച്ചുകൊടുക്കാനാവും. ജീവിതോപാധികൾ നഷ്ടപ്പെട്ടവരെ തിരിച്ച് ജിവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരാനാവും. കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ മാലിന്യ നിർമ്മാർജ്ജനം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും ഇത് അവസരമാവണം. ദീർഘവീക്ഷണത്തോടുകൂടിയ ആസൂത്രണമാണ് ഇതിന് വേണ്ടത്. ലോകം മൊത്തം ഈ പ്രതിസന്ധിയിൽ കേരളത്തോടൊപ്പമുണ്ട്. അതുകൊണ്ടു തന്നെ ഫണ്ട് ഒരിക്കലും പ്രശ്നമാവില്ല. ഫണ്ടുകളുടെ വിനിയോഗമാണ് ശ്രദ്ധിക്കേണ്ടത്. കാര്യങ്ങൾ ആലോചിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിക്കുന്നുണ്ട്. സ്വാഗതാർഹമായ നടപടിയാണിത്. എല്ലാവരുടെയും അഭിപ്രായങ്ങൾ ആരായണം. തികച്ചും ജനാധിപത്യപരമായാണ് പുനരധിവാസപ്രവർത്തനങ്ങൾ നടത്തേണ്ടത്. ജനാധിപത്യം എന്നു പറഞ്ഞാൽ സുതാര്യത എന്നാണർത്ഥം. പുനരധിവാസ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ വിദഗ്ദരുടെ സമിത വേണം. സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലും ഇതിനായി കർമ്മ സമിതികൾ രൂപവത്കരിക്കണം. കുടുംബശ്രീ പോലുള്ള സംഘടനകളുടെ പങ്കാളിത്തം ഉറപ്പുവരുത്തണം. ആശാരിമാരുടെയും കൽപണിക്കാരുടെയും പ്ലംബർമാരുടെയും ഇലക്ട്രീഷ്യന്മാരുടെയും കൂട്ടായ്മകൾക്ക് രൂപം നൽകണം. ഓരോ ദേശത്തും വീടുകൾ വൃത്തിയാക്കുന്നതിനും നവീകരിക്കുന്നതിനും പുനർനിർമ്മിക്കുന്നതിനും കൂട്ടായ സംരംഭങ്ങളുണ്ടാവണം. ഇത് ഒരാളുടെ ദുരിതമല്ല , കേരളത്തിന്റെ മൊത്തം പ്രതിസന്ധിയാണ്. ഒന്നിച്ചു നിന്നാലേ ഈ ദുരിതപർവ്വം നമുക്ക് മറികടക്കാനാവൂ. ഈ വിഷയത്തിൽ ഇതെഴുതുന്നയാൾ ഒരു തത്പരകക്ഷി കൂടിയാണ്. വടക്കൻ പറവൂരിലെ ചേന്ദമംഗലം എന്ന ഈയുള്ളവന്റെ ഗ്രാമം പ്രളയത്തിൽ മുങ്ങിക്കിടക്കുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളും റിലീഫ് ക്യാമ്പുകളിലും മറ്റു പല വീടുകളിലുമാണ്. പത്തുകൊല്ലം മുമ്പ് ആറ്റുനോറ്റ് പണിത വീടും പ്രളയം മുക്കിക്കളഞ്ഞു. സുനാമി നേരിട്ട് ബാധിച്ചിരുന്നില്ല. അന്ന് പക്ഷേ, ചെന്നൈയിലും നാഗപട്ടണത്തുമൊക്കെ കടൽ തകർത്ത ജീവിതങ്ങൾ നേരിട്ടുകണ്ടിരുന്നു. 2015 ലെ ചെന്നൈ പ്രളയം നേരിട്ടനുഭവിച്ചു. ഏഴാം നിലയിലായിരുന്നതുകൊണ്ട് വീടിനുള്ളിലേക്ക് വെള്ളം കയറിയില്ല. പക്ഷേ, പ്രാണഭയം എന്താണെന്ന് അന്ന് ശരിക്കുമറിഞ്ഞു.( ചെന്നൈ പ്രളയത്തെക്കുറിച്ച് മാതൃഭൂമിയിലെഴുതിയത് ഇവിടെ വായിക്കാം. )രണ്ട് കാറുകളും ഒരു ബൈക്കും അന്ന് പ്രളയം കൊണ്ടുപോയി. ചെന്നൈ പ്രളയം സർക്കാർ നിർമ്മിതമായിരുന്നു. ചെമ്പരമ്പാക്കം അണയിൽ നിന്ന് യഥാസമയം വെള്ളം ഒഴുക്കിക്കളയാൻ നടപടിയുണ്ടായില്ല. വൻമഴയുണ്ടാവുമെന്നും അടുത്തദിവസങ്ങളിലും മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കൃത്യമായ പ്രവചനമുണ്ടായിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ അണയ്ക്കുള്ളിലേക്ക് വരുന്ന വെള്ളത്തിന്റെ ഇരട്ടി പുറത്തേക്കൊഴുക്കിക്കളയണമെന്നാണ് വിദഗ്ദർ പിന്നീട് പറഞ്ഞത്. പക്ഷേ, ചെമ്പരമ്പാക്കം അണയുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ വല്ലാതെ വൈകി. എന്തിനുമേതിനും പോയസ്ഗാർഡനിൽ മുഖ്യമന്തി ജയലളിതയുടെ വീട്ടിൽ നിന്നും തീരുമാനം വേണ്ടിയിരുന്ന കാലമായിരുന്നു അത്. ഒടുവിൽ തീരുമാനം വന്നപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയി. ഡിസംബർ രണ്ടിന് പുലർച്ചെ രണ്ടുമണിയോടെ ചെമ്പരമ്പാക്കം തടാകം തുറന്നപ്പോൾ സുനാമി പോലെയാണ് വെള്ളം ചെന്നൈയെ വിഴുങ്ങിയത്. ചെന്നൈ പ്രളയം തന്ന ഒരു പാഠം കാലാവസ്ഥാ നിരീക്ഷണ വകുപ്പും സർക്കാരിന്റെ ഇതര വകുപ്പുകളും തമ്മിലുള്ള ഏകോപനത്തിന്റെ അവശ്യകതയായിരുന്നു. സുനാമിയെ തുടർന്ന് സുശക്തമായ ദുരന്ത നിവാരണ സംവിധാനത്തിന് ശുപാർശകളുണ്ടായിരുന്നു. പഞ്ചായത്ത് തലം തൊട്ടുള്ള കണ്ണികൾ ഇതിന്റെ ഭാഗമാവേണ്ടതായിരുന്നു. പക്ഷേ, ദുരന്തനിവാരണ സംവിധാനം കടലാസിൽ ഒതുങ്ങി. അതിനുള്ള വില ചെന്നൈ നൽകുകയും ചെയ്തു. കേരളത്തിലും സമാനമായ പ്രശ്നങ്ങളുണ്ടെണന്ന് വിമർശമുണ്ട്. ഇനിയങ്ങോട്ടെങ്കിലും കേരളം ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കണം. കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങൾ ഒരിക്കലും നിസ്സാരമായി കാണരുത്. അവർ മാനത്ത് കാണുമ്പോൾ സർക്കാർ അതിനൊത്ത് തന്നെ നീങ്ങണം. നോഹയുടെ പെട്ടകം പോലെയാണ് കേരളമിപ്പോൾ. ഈ പ്രളയത്തെ നമുക്ക് അതിജീവിച്ചേ മതിയാവൂ. അതിനുള്ള മനഃക്കരുത്ത് നമുക്കുണ്ട്. കാലവും സമയവും പുനഃക്രമീകരിക്കാൻ നമുക്കാവില്ല. പക്ഷേ, പുതിയ ചരിത്രമെഴുതാൻ നമുക്കാവും. അതിനുള്ള അവസരമാണ് ഇപ്പോൾ നമ്മുടെ മുന്നിലുള്ളത്. അത് കളഞ്ഞുകളിച്ചവർ എന്ന് ഭാവി തലമുറ നമ്മളെ മുദ്രകുത്താനിടവരരുത്.
from mathrubhumi.latestnews.rssfeed https://ift.tt/2nOTA9j
via
IFTTT
No comments:
Post a Comment