കോഴിക്കോട്: കർക്കടകവാവ് ദിനത്തോടനുബന്ധിച്ച് പിതൃമോക്ഷം തേടി പതിനായിരങ്ങൾ ബലിതർപ്പണം നടത്തുന്നു. ബലിച്ചോറുണ്ണാൻ വരുന്ന പിതൃക്കളുടെ ആത്മാക്കളെ തൃപ്തിപ്പെടുത്താൻ ദർഭയും നീരും ചേർത്ത് അവർ ബലിച്ചോർ നിവേദിച്ചു. ഇടയ്ക്ക് പെയ്ത മഴയെ വകവെക്കാതെ മൺമറഞ്ഞവർക്ക് വേണ്ടി വിശ്വാസികൾ ക്ഷേത്രങ്ങളോട് ചേർന്നും പ്രത്യേക കേന്ദ്രങ്ങളിലുമായി വാവ്ബലി നടത്തി. മിക്കയിടത്തും പിതൃതർപ്പണ ചടങ്ങുകൾ പുലർച്ചെ 4-ന് ആരംഭിച്ചു. വാവുബലിക്ക് തീർഥകേന്ദ്രങ്ങളിൽ സുരക്ഷ പാലിക്കണമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ചടങ്ങു നടത്താനുള്ള ഇടങ്ങൾ ബോർഡും കളക്ടർമാരും അഗ്നിരക്ഷാസേനയും ചേർന്നു നിശ്ചയിച്ചിട്ടുണ്ട്. അവിടെമാത്രമേ ബലി ഇടാവൂ. പുഴയിൽ അധികസമയം ചെലവിടാൻ അനുവദിക്കില്ല. അതതു സ്ഥലത്ത് സുരക്ഷാജീവനക്കാർ നൽകുന്ന നിർദേശം പാലിക്കണം. തിരുവനന്തപുരം തിരുവനന്തപുരം ജില്ലയിൽ വർക്കല പാപനാശം കടപ്പുറത്ത് വെള്ളിയാഴ്ച രാത്രി ഏഴുമുതലും മറ്റിടങ്ങളിൽ ശനിയാഴ്ച പുലർച്ചെയും പിതൃതർപ്പണം ആരംഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 3.27 വരെ ബലിതർപ്പണം തുടരും. ശംഖുമുഖം കടപ്പുറത്ത് നടന്ന ബലിതർപ്പണത്തിൽ നിന്ന്. ഫോട്ടോ: ബിജു വർഗീസ് തിരുവല്ലം പരശുരാമസ്വാമിക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, അരുവിപ്പുറം ശിവക്ഷേത്രം, മാറനല്ലൂർ അരുവിക്കര ക്ഷേത്രം എന്നിവിടങ്ങളിലാണ് ബലിയിടാൻ തിരക്കുള്ളത്. വർക്കല ജനാർദനസ്വാമി ക്ഷേത്രത്തിലും തിരുവല്ലത്തും മറ്റുപ്രധാനക്ഷേത്രങ്ങളിലും തിലഹോമത്തിനും സൗകര്യമൊരുക്കിയിട്ടുണ്ട്. ശംഖുമുഖം കടപ്പുറത്ത് നടന്ന ബലിതർപ്പണത്തിൽ നിന്ന്. ഫോട്ടോ: ബിജു വർഗീസ് കടലേറ്റത്തിൽ തീരം നഷ്ടപ്പെട്ട ശംഖുംമുഖത്ത് ഇക്കുറി കുറച്ചുപേർക്ക് മാത്രമേ ബലിതർപ്പണത്തിന് സൗകര്യമൊരുക്കുകയുള്ളൂ. ബലിക്കുശേഷം കടലിൽ ഇറങ്ങാനും അനുവദിക്കില്ല. ശംഖുംമുഖത്ത് പതിവായി ബലിയിടുന്നവർ ഇക്കുറി മറ്റിടങ്ങൾ തിരഞ്ഞെടുക്കണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. ശംഖുംമുഖത്തെ തിരക്ക് നിയന്ത്രിക്കുന്നതിന് പകരമായി തിരുവല്ലത്ത് കൂടുതൽ പേർക്ക് ബലിയിടാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. വർക്കല ശിവഗിരി, ആറ്റിങ്ങൽ പൂവമ്പാറ ക്ഷേത്രം, കൊല്ലമ്പുഴ ആവണിപുരം ക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണം നടക്കുന്നുണ്ട്. കൊല്ലം കൊല്ലം ജില്ലയിലെ വിവിധ സ്നാനഘട്ടങ്ങളിൽ പിതൃമോക്ഷത്തിനായി പതിനായിരങ്ങൾ ബലിതർപ്പണം തുടങ്ങി. ആറുമണിക്കുശേഷമാണ് മുഹൂർത്തമെങ്കിലും ജില്ലയിലെ പ്രധാന ബലിതർപ്പണകേന്ദ്രമായ തിരുമുല്ലവാരത്ത് വെള്ളിയാഴ്ച നാലുമണിയോടെതന്നെ ആളുകൾ എത്തിച്ചേർന്നിരുന്നു. ദേവസ്വംബോർഡിന്റെയും മഹാവിഷ്ണുക്ഷേത്രം ഉപദേശകസമിതിയുടെയും നേതൃത്വത്തിൽ തിരുമുല്ലവാരത്ത് ആവശ്യമായ ഒരുക്കങ്ങൾ നേരത്തേതന്നെ നടത്തിയിരുന്നു. ഒരേസമയം അഞ്ഞൂറിലധികം ആളുകൾക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപം നടന്ന ബലിതർപ്പണം. ഫോട്ടോ: സനോജ് ഷാജി മുഖ്യകാർമികന്റെ നേതൃത്വത്തിൽ പത്തോളം കർമികളും നൂറിലധികം സഹായികളുമുണ്ട്. സ്നാനഘട്ടത്തിൽ മുങ്ങിനിവർന്ന് ബലിതർപ്പണം നടത്തിയശേഷം ക്ഷേത്രക്കുളത്തിൽ മുങ്ങി ദേഹശുദ്ധി വരുത്തി ക്ഷേത്രദർശനവും തിലഹവനവും കഴിപ്പിച്ചാണ് ഭക്തർ മടങ്ങുന്നത്. നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള ബലിതർപ്പണസ്ഥലത്ത് പോലീസ്, അഗ്നിശമനസേന, വൈദ്യുതി ബോർഡ്, ആരോഗ്യവിഭാഗം, കെ.എസ്.ആർ.ടി.സി. എന്നിവയുടെയെല്ലാം സേവനം ഉറപ്പാക്കിയിട്ടുണ്ട്. മുണ്ടയ്ക്കൽ പാപനാശത്ത് ഗുരുദേവ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ചടങ്ങ്. വനം വകുപ്പ് പിതൃക്കളെ സ്മരിക്കൂ വൃക്ഷത്തൈ നടൂ എന്ന സന്ദേശത്തോടെ പതിനായിരം വൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്യും. ഔഷധക്കാപ്പി വിതരണവും നടക്കുന്നുണ്ട്. പത്തനംതിട്ട ഭാരതപ്പുഴ തീരത്ത് പങ്ങാവ് ക്ഷേത്രക്കടവിൽ തീരത്ത് ബലിതർപ്പണം നടത്തുന്നവർ.ഫോട്ടോ: പ്രവീഷ് ഷൊർണൂർ വ്രതനിഷ്ഠരായെത്തുന്നവർക്ക് തർപ്പണസൗകര്യങ്ങളുമായി ജില്ലയിലെ തീർത്ഥഘട്ടങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ബലിയിട്ടശേഷം പിണ്ഡമൊഴുക്കാൻ നടന്നുപോയി പുഴയിലേക്കിറങ്ങേണ്ട ആവശ്യമില്ല. മിക്കയിടത്തും വെള്ളം ഉയർന്നുനിൽക്കുന്നതിനാൽ ബലിത്തറയ്ക്ക് ചേർന്നുതന്നെ മുങ്ങിക്കുളിക്കാവുന്ന സ്ഥിതിയായിട്ടുണ്ട്. മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രത്തിൽ ശനിയാഴ്ച പുലർച്ചെ 3.30-ന് ബലിതർപ്പണം തുടങ്ങി. മണിമലയാറ്റിലെ കടവിൽ ജലനിരപ്പ് ഉയർന്നതിനാൽ ക്ഷേത്രഹാളിലേക്ക് ചടങ്ങുകൾ മാറ്റാനാണ് തീരുമാനം. വായ്പൂര് തൃച്ചേർപ്പുറം ശ്രീശങ്കരനാരായണസ്വാമി ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ തിലഹോമം നടക്കും. മലയടിവാരത്തിലെ തീർത്ഥക്കുളത്തിലാണ് വാവുബലി ചടങ്ങുകൾ. രാവിലെ അഞ്ചിന് ബലിതർപ്പണം തുടങ്ങും. ക്ഷേത്രത്തിൽ രാമായണപാരായണം, അന്നദാനം തുടങ്ങിയവ നടക്കും. കർക്കടകവാവിന് മാത്രം തുറക്കുന്ന ഗുഹയിൽ കടന്ന് പ്രസാദം സ്വീകരിച്ചാണ് ഭക്തർ മടങ്ങുക. കല്ലൂപ്പാറ ശ്രീഭഗവതി ക്ഷേത്രത്തിൽ രാവിലെ ആറുമുതൽ 12 വരെ ബലികർമങ്ങൾ നടക്കും. കീഴ്വായ്പൂര് ഈശ്വരമംഗലം മണിമലയാറ്റിലെ ഈശ്വരമംഗലത്ത് കടവിൽ ശനിയാഴ്ച രാവിലെ ആറിന് വാവുബലി തുടങ്ങി. ക്ഷേത്രത്തിൽ 10-ന് തിലഹോമം, മൃത്യുഞ്ജയഹോമം എന്നിവ ആരംഭിക്കും. മേൽശാന്തി വായ്പൂക്കര വാസുദേവൻപോറ്റി മുഖ്യ കാർമികത്വം വഹിക്കും. വായ്പൂര് കീഴ്തൃക്കേൽ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ശനിയാഴ്ച രാവിലെ 5.30-ന് വാവുബലി തുടങ്ങി. വെണ്ണിക്കുളം കോമളദേവി ക്ഷേത്രത്തോട് ചേർന്ന് മണിമലയാറ്റിലെ ക്ഷേത്രക്കടവിൽ രാവിലെ അഞ്ചിന് ബലിതർപ്പണം തുടങ്ങി. ആലപ്പുഴ ആലപ്പുഴ ജില്ലയിലെ കർക്കടകവാവുബലി തർപ്പണ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി. കാലവർഷം ശക്തമായതിനെത്തുടർന്നും ജലാശയങ്ങളിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നതിനെത്തുടർന്നുമാണ് സുരക്ഷാ ക്രമീകരങ്ങൾ ഒരുക്കിയിട്ടുള്ളത്. കണ്ടിയൂർ ആറാട്ടുകടവിന് സമീപം നടക്കുന്ന ബലിതർപ്പണങ്ങൾക്ക് ക്ഷേത്രം പ്രത്യേകം വൊളന്റിയർമാരെ നിയോഗിച്ചു. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ബലിത്തറകൾ ആറിന്റെ തീരത്തുനിന്ന് മാറ്റി പുനഃക്രമീകരിച്ചിട്ടുണ്ട്. ആറ്റിൽ മുളനാട്ടി പ്ലാസ്റ്റിക് കെട്ടി വേർതിരിച്ച സ്ഥലങ്ങളിലാകും സ്നാനം നടക്കുക. കൂടാതെ, വള്ളങ്ങളിൽ ബലിതർപ്പണ ചടങ്ങുകൾ പൂർണമാകുന്നതുവരെ നീന്തൽ അറിയാവുന്നവരെയും നിയോഗിച്ചിട്ടുണ്ട്. ഹരിപ്പാട് തൃക്കുന്നപ്പുഴ ധർമശാസ്താ ക്ഷേത്രത്തിൽ കർക്കടക വാവുബലി തർപ്പണം ശനിയാഴ്ച പുലർച്ചേ നാലിന് ആരംഭിച്ചു. കുട്ടനാട്ടിലെ എല്ലാ പ്രമുഖക്ഷേത്രങ്ങളിലും പിതൃതർപ്പണത്തിന് പ്രത്യേകസൗകര്യമൊരുക്കിയിട്ടുണ്ട്. നദികളിലെ ജലനിരപ്പുയർന്നിരിക്കുന്നതിനാൽ കർശന സുരക്ഷയിലാണ് ഇത്തവണ ചടങ്ങുകൾ നടക്കുന്നത്. ചക്കുളത്ത്കാവ് ഭഗവതീക്ഷേത്രം, കൈനടി കരുമാത്ര ക്ഷേത്രം, മങ്കൊമ്പ് ഭഗവതീക്ഷേത്രം, കണ്ണാടി പടിഞ്ഞാറെമഠം ഭഗവതീക്ഷേത്രം, തലവടി പനയന്നൂർകാവ് ക്ഷേത്രം, ആനപ്രമ്പാൽ ധർമശാസ്താ ക്ഷേത്രം, തലവടി തൃക്കയിൽ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ ബലിയിടുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചേ നാലിന് ക്ഷേത്രങ്ങളിൽ ചടങ്ങുകൾ ആരംഭിച്ചു. കോട്ടയം കോട്ടയം ജില്ലയിലെ പുണ്യതീർത്ഥങ്ങളിൽ ശനിയാഴ്ച പുലർച്ചെ മുതൽ പിതൃബലി ആരംഭിച്ചു. കോട്ടയം എസ്.എൻ.ഡി.പി. യൂണിയന്റെ നേതൃത്വത്തിൽ നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ കുമരകം ഗോപാലൻ തന്ത്രികൾ, മേൽശാന്തി രജീഷ് ശാന്തി എന്നിവരുടെ കാർമ്മികത്വത്തിലാണ് ബലിതർപ്പണം. തിരുനക്കര പുതിയതൃക്കോവിൽ മഹാവിഷ്ണുക്ഷേത്രത്തിൽ തന്ത്രി കണ്ഠര് മോഹനരുടെ സാന്നിധ്യത്തിൽ മാലം താമരശ്ശേരി ഇല്ലം മനോജ് കുമാർ, നാരായണശർമ്മ എന്നിവരുടെ കാർമ്മികത്വത്തിലാണ് ബലിതർപ്പണം. ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപം നടന്ന ബലിതർപ്പണം. ഫോട്ടോ: സനോജ് ഷാജി പ്രസിദ്ധ പിതൃതർപ്പണസ്ഥാനമായ വേദഗിരി ശാസ്താ ക്ഷേത്രത്തിലെ വ്യാസതീർത്ഥത്തിൽ പുലർച്ചെ തുടങ്ങിയ ബലികർമ്മാദികൾ ഉച്ചയോളം നീളും. വെന്നിമല ശ്രീരാമ ലക്ഷ്മണസ്വാമി ക്ഷേത്രത്തിലെ തീർത്ഥക്കുളത്തിൽ നടക്കുന്ന പിതൃതർപ്പണത്തിൽ നൂറുകണക്കിന് ഭക്തർ പങ്കെടുക്കുന്നുണ്ട്. വിശ്വഹിന്ദു പരിഷത്ത് ദേവസ്വം ഭരണസമിതി എല്ലാവിധ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീ-പുരുഷന്മാർക്ക് പ്രത്യേക സൗകര്യങ്ങളുണ്ട്. വാവുബലിക്ക് എത്തുന്നവർക്ക് വേണ്ടി പുതുപ്പള്ളി, പാമ്പാടി എന്നിവിടങ്ങളിൽനിന്ന് പ്രത്യേക കെ.എസ്.ആർ.ടി.സി. സർവ്വീസും ഉണ്ട്. വൈക്കം ടി.വി.പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ വേമ്പനാട്ടു കായലോരത്താണ് പിതൃബലി. പാലാ കടപ്പാട്ടൂർ, ഉദയനാപുരം പിതൃകുന്നം, ഇടപ്പാടി ആനന്ദഷൺമുഖ ക്ഷേത്രം, കുമരകം ശ്രീകുമാരമംഗലം, ചിറക്കടവ് മണക്കാട്ട് ഭദ്രാ ക്ഷേത്രം, കൈനടി കരുമാത്ര, വാഴൂർ വെട്ടിക്കാട്ട്, കൊടുങ്ങൂർ, തൃക്കൊടിത്താനം മഹാക്ഷേത്രം, എരുമേലി ശാസ്താ ക്ഷേത്രം, കുടമാളൂർ ഗോവിന്ദപുരം മഹാവിഷ്ണുക്ഷേത്രം, മുക്കൂട്ടുതറ തിരുവമ്പാടി, പൂവരണി തുടങ്ങിയ ക്ഷേത്രങ്ങളിൽ പിതൃതർപ്പണം പ്രധാനമാണ്.കുമാരനല്ലൂർ ദേവി ക്ഷേത്രത്തിൽ കർക്കടക അമാവാസി പ്രമാണിച്ച് പിതൃസ്മരണാർത്ഥം തിലഹവനവും വിഷ്ണുപൂജയും നടക്കും. ഇടുക്കി ഉപ്പുതറ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ കർക്കടകവാവുബലിതർപ്പണം രാവിലെ അഞ്ചിന് തുടങ്ങി. കാളിയാർ മങ്കുഴിക്കാവ് ഭഗവതിക്ഷേത്രത്തിൽ കർക്കടകവാവുബലിതർപ്പണം ശനിയാഴ്ച രാവിലെ 6.15 മുതൽ തുടങ്ങി. വണ്ണപ്പുറം കാഞ്ഞിരക്കാട്ട് ശ്രീമഹാദേവക്ഷേത്രത്തിൽ കർക്കടകവാവുബലിയും ഔഷധക്കഞ്ഞി വിതരണവും ശിനായാഴ്ച രാവിലെ ആറുമുതൽ 11 വരെ നടക്കും.കുറുമ്പാലമറ്റം എലമ്പിലാക്കാട്ട് ദേവീക്ഷേത്രത്തിൽ കർക്കടകവാവുബലിതർപ്പണം ശനിയാഴ്ച രാവിലെ ആറുമുതൽ നടക്കുന്നുണ്ട്. തൊമ്മൻകുത്ത് നാൽപതേക്കർ ശാന്തിക്കാട് ദേവീക്ഷേത്രത്തിൽ കർക്കടകവാവുബലിതർപ്പണം ശനിയാഴ്ച രാവിലെ ഏഴുമുതൽ ആരംഭിച്ചു. എറണാകുളം വെള്ളമുയർന്നതിനാൽ ശിവരാത്രി മണപ്പുറത്തെ ബലിതർപ്പണം മണപ്പുറം റോഡിലാണ് നടത്തുന്നത്. വെള്ളം ഉയർന്നതിനാൽ പെരിയാറിൽ മുങ്ങി നിവരാൻ പോലീസ് അനുവദിക്കില്ല. പകരം ബലി വെള്ളത്തിൽ ഒഴുക്കി വിടാം. ബലിതർപ്പണത്തിനെത്തുന്ന വിശ്വാസികൾക്കും പുരോഹിതർക്കും മാത്രമായിരിക്കും പ്രവേശനം. ദേശീയ ദുരന്തനിവാരണ സേനയുടെ 37 പേരടങ്ങുന്ന ടീമിനെ വെള്ളിയാഴ്ച ഉച്ചയോടെ ആലുവ മണപ്പുറത്ത് വിന്യസിച്ചു. ഫയർഫോഴ്സിന്റെയും പോലീസിന്റെയും സുരക്ഷയ്ക്കു പുറമെയാണിത്. എല്ലാവിധ അപകട സാധ്യതകളെയും നേരിടാനുള്ള സജ്ജീകരണങ്ങളും സേന ഒരുക്കിയിട്ടുണ്ട്. മൂന്ന് ബോട്ടുകൾ, 20 ലൈറ്റ് ബോട്ടുകൾ, 40 ലൈഫ് ജാക്കറ്റുകൾ, പ്രത്യേക റോപ്പുകൾ, സ്കൂബ ടീം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. പെരിയാർതീരത്തെ തട്ടേക്കാട് മഹാദേവ ക്ഷേത്രത്തിലും പാലമറ്റം ശിവക്ഷേത്രത്തിലും ശനിയാഴ്ച കർക്കിടക വാവ് ബലിതർപ്പണം തടസ്സമില്ലാതെ നടത്തുന്നതിന് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പെരിയാർ നിറഞ്ഞൊഴുകുന്ന സാഹചര്യത്തിലാണ് ഈ നടപടികൾ. ആയിരകണക്കിന് ഭക്തരാണ് ഇവിടെ ബലിതർപ്പണത്തിന് എത്തുന്നത്. പെരിയാറിന്റെ തീരത്തുള്ള കാലടി ചേലാമറ്റം ക്ഷേത്രത്തിലും വാവുബലിക്കെത്തുന്നവർക്ക് ജില്ലാ ഭരണകൂടം സുരക്ഷ ശക്തമാക്കി. കോസ്റ്റ് ഗാർഡിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സേവനം ഇവിടെ ഉറപ്പു വരുത്തിയിട്ടുണ്ട്. തൃശ്ശൂർ തൃശ്ശൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പതിവിലും തിരക്ക് വർധിച്ചിട്ടുണ്ട്. സമീപജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ വെള്ളപ്പൊക്കംമൂലം ബലിതർപ്പണസൗകര്യം ഇല്ലാത്തതാണ് കാരണം. മലപ്പുറം ജില്ലയിലെ തിരുനാവായയിൽനിന്നും മറ്റും ബലിയിടാനായി പഞ്ചവടിയിലേക്ക് വിശ്വാസികൾ എത്തുന്നുണ്ട്. തിരുനാവായയിൽ ഭാരതപ്പുഴയിൽ നീരൊഴുക്ക് വർധിച്ച സാഹചര്യത്തിലാണിത്. തൃശ്ശൂർ പുഴയ്ക്കൽ ധർമ്മശാസ്ത ക്ഷേത്രത്തിൽ നടന്ന ബലതർപ്പണ ചടങ്ങ്. ഫോട്ടോ: സിദ്ദിഖുൽ അക്ബർ പുഴയ്ക്കൽ ധർമശാസ്താക്ഷേത്രത്തിൽ ഇത്തവണ 5000 പേർക്ക് ബലിയിടാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മുൻവർഷങ്ങളിൽ മൂവായിരത്തോളം ആളുകളാണ് ഇവിടെയെത്താറുള്ളത്. പുഴയിൽ നീരൊഴുക്ക് വർധിച്ചതിനാൽ പാമ്പാടിയിലും ആറാട്ടുപുഴ മന്ദാരക്കടവിലും കൂടുതൽ സുരക്ഷ ഒരുക്കിയിട്ടുണ്ട്. പാമ്പാടി ഐവർമഠം നിളാതീരത്തും സൗകര്യമൊരുക്കി. ഐവർമഠം ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ ബലിതർപ്പണപ്പന്തലിൽ ഒരേസമയം അഞ്ഞൂറുപേർക്കുവരെ തർപ്പണം നടത്താമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ഐവർമഠം കോരപ്പത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സൗകര്യങ്ങളും പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കേരള ബ്രാഹ്മണസമൂഹത്തിന്റെ നേതൃത്വത്തിൽ പാമ്പാടിയിലും കേരള പുരോഹിത്ത് പരിഷത്തിന്റെ നേതൃത്വത്തിൽ പഴമ്പാലക്കോട് പുതിയ പാലത്തിലും ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പാലക്കാട് ഭാരതപ്പുഴ തീരത്ത് പങ്ങാവ് ക്ഷേത്രക്കടവിൽ തീരത്ത് ബലിതർപ്പണം നടത്തുന്നവർ.ഫോട്ടോ: പ്രവീഷ് ഷൊർണൂർ പാലക്കാട് ജില്ലയിൽ കർക്കടകവാവുബലി നടക്കുന്ന കടവുകളിൽ വെള്ളിയാഴ്ച അഗ്നിരക്ഷാസേന പരിശോധന നടത്തി. പുഴയിലെ ശക്തമായ ഒഴുക്കും ആഴവും കണക്കിലെടുത്ത് ജില്ലയിലെ 15 കടവുകളിൽ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ പ്രശ്നമുള്ള സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കാനും മുന്നറിയിപ്പ് സൂചനാ ഫലകങ്ങൾ സ്ഥാപിക്കാനും നിർദേശം നൽകിയതായി ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ അറിയിച്ചു. പുഴയിൽ ആഴമുള്ള ഇടങ്ങളിലും ഒഴുക്കുള്ള ഇടങ്ങളിലും ഇറങ്ങാൻ ഒരു കാരണവശാലും ആളുകളെ അനുവദിക്കില്ല. പാലക്കാട് കല്പാത്തിപ്പുഴ (വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം), നിലംപതിപ്പാലം, പൂടൂർ അഞ്ചുമൂർത്തിക്ഷേത്രം, മങ്കര കാളികാവ്, ഷൊർണൂർ തിരുമിറ്റക്കോട് ക്ഷേത്രം, ഷൊർണൂർ ശാന്തിതീരം, ചെർപ്പുളശ്ശേരി കാറൽമണ്ണ, പട്ടാമ്പിപ്പാലം, ഐവർമഠത്തിനുസമീപം പാമ്പാടി മണ്ണാർക്കാട് കരിമ്പുഴ, കുന്തിപ്പുഴ, അട്ടപ്പാടി-ചെമ്മണ്ണൂർ, ചിറ്റൂർ പാലത്തുള്ളി, പുഴപ്പാലം ആലത്തൂർ തൃപ്പാളുർ ശിവക്ഷേത്രത്തിനുസമീപം എന്നിവിടങ്ങളിൽ ബലിതർപ്പണം നടക്കുന്നുണ്ട്. ഷൊർണൂർ പുഴയിൽ വെള്ളംകയറിയതോടെ കർക്കടക ബലിതർപ്പണ ക്രിയകൾ ഷൊർണൂരിൽ മുടങ്ങിയിട്ടുണ്ട. പാലത്തിന് താഴെയും ശ്മശാനത്തിന് മുൻവശവുമെല്ലാം വെള്ളം കയറിയിരിക്കയാണ്. ശ്മശാനത്തിന് മുൻവശത്തായി പുഴയിലാണ് എല്ലാ വർഷവും ബലിതർപ്പണക്രിയകൾ നടത്താറുള്ളത്. ഇത്തവണ ബലിതർപ്പണക്രിയകൾ പുഴയോരത്ത് നടത്താനാവാത്ത സാഹചര്യമായതിനാൽ തിരുവില്വാമലയും തിരുമിറ്റക്കോടുമാണ് ബലിതർപ്പണക്രിയകൾക്കായി അനുമതി നൽകിയിരിക്കുന്നത്. മലപ്പുറം ഭാരതപ്പുഴയിൽ ക്രമാതീതമായി വെള്ളം പൊങ്ങിയതിനാൽ തിരുനാവായ നാവാമുകുന്ദ ക്ഷേത്രക്കടവിൽ കനത്ത സുരക്ഷയിലാണ് ബലിതർപ്പണം നടക്കുന്നത്. യന്ത്രവത്കൃത തോണി, ബോട്ടുസർവീസ് എന്നിവ ക്ഷേത്രക്കടവിൽ നിലയുറപ്പിച്ചിട്ടുണ്ട്. മുങ്ങൽ വിദഗ്ധൻ പാറലകത്ത് യാഹുട്ടിയുടെ നേതൃത്വത്തിലുള്ള മുങ്ങൽ വിദഗ്ധരും സഹായത്തിനുണ്ട്. പുത്തലം സാളിഗ്രാമ ക്ഷേത്രത്തിലും രാവിലെ നാലു മണി മുതൽ കർക്കിടക വാവുബലി ചടങ്ങുകൾ ആരംഭിച്ചു. കോഴിക്കോട് കോഴിക്കോട് ജില്ലയിൽ കർക്കടകവാവ് ദിനത്തോടനുബന്ധിച്ച് പിതൃമോക്ഷം തേടി പതിനായിരങ്ങൾ ബലിതർപ്പണം നടത്തി. വെള്ളിയാഴ്ച വൈകീട്ട് മുതൽ ശനിയാഴ്ച രാവിലെ വരെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ബലിതർപ്പണത്തിനെത്തിയവർക്കായി വിവിധ ക്ഷേത്രകമ്മിറ്റികളുടെയും തർപ്പണസമിതികളുടെയും നേതൃത്വത്തിൽ പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിരുന്നു. കോഴിക്കോട് വരക്കൽ കടപ്പുറത്ത് നടന്ന ബലിതർപ്പണത്തിൽ നിന്ന് . ഫോട്ടോ: കെ.പി നിജീഷ് കുമാർ വരയ്ക്കൽ ബലിതർപ്പണസമിതി, ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം, വരയ്ക്കൽ ദുർഗാക്ഷേത്രം, ഹിന്ദു ഐക്യവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ നാലു പന്തലുകളിലായാണ് വരയ്ക്കൽ കടപ്പുറത്ത് വെള്ളിയാഴ്ച വൈകീട്ട് നാലുമുതൽ ബലിതർപ്പണം നടന്നത്. ബലിതർപ്പണം ശനിയാഴ്ച രാവിലെ പത്തുവരെ തുടരും. വരയ്ക്കൽ ബലിതർപ്പണസമിതിയുടെ നേതൃത്വത്തിലുള്ള കർക്കടകമാസ വാവുബലിക്ക് സുന്ദരൻ, സുദർശനൻ എന്നിവർ ആചാര്യസ്ഥാനം വഹിച്ചു. അനിൽകുമാറിന്റെ നേതൃത്വത്തിൽ തിലഹോമവും അരങ്ങേറി. ശ്രീകണ്ഠേശ്വര ക്ഷേത്രയോഗത്തിന്റെ നേതൃത്വത്തിൽ വരയ്ക്കൽ കടപ്പുറത്ത് നടന്ന ബലികർമങ്ങൾക്ക് മേൽശാന്തി കെ.വി. ഷിബു ശാന്തി നേതൃത്വം നൽകി. തിലഹോമത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ശ്രീനാരായണ സെന്റിനറി ഹാളിൽ ശനിയാഴ്ച പുലർച്ചെ നാലുമുതൽ രാവിലെ പത്ത് മണിവരെ തർപ്പണച്ചടങ്ങുകൾ നടക്കും. കോഴിക്കോട് വരക്കൽ കടപ്പുറത്ത് നടന്ന ബലിതർപ്പണത്തിൽ നിന്ന് . ഫോട്ടോ: കെ.പി നിജീഷ് കുമാർ എലത്തൂർ ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രകമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കർക്കടകമാസ വാവുബലി തർപ്പണം അയ്യപ്പൻതാഴത്ത് കടൽത്തീരത്ത് വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണി മുതൽ നടന്നു. പ്രകാശൻ ശ്രേയസ്സ് കാർമികത്വം വഹിച്ചു. തർപ്പണം ശനിയാഴ്ച രാവിലെ ഒമ്പതുവരെ തുടരും. കാരന്തൂർ ശ്രീഹരഹരമഹാദേവ ക്ഷേത്രത്തിലെ കർക്കടകമാസ വാവുബലി ശനിയാഴ്ച പുലർച്ചെ രണ്ടുമുതൽ തുടങ്ങി. ബേപ്പൂർ ഗോതീശ്വരം ക്ഷേത്ര കടപ്പുറത്ത് കർക്കടക വാവുബലി തർപ്പണത്തിന് വെള്ളിയാഴ്ച രാത്രി തന്നെ ഭക്തജനങ്ങളെത്തി. ശനിയാഴ്ച രാവിലെ 9-ന് അവസാനിക്കുന്ന ബലികർമങ്ങൾക്ക് ക്ഷേത്രസമിതി പന്തലൊരുക്കിയിട്ടുണ്ട്. ചോമ്പാല ആവിക്കര കടപ്പുറത്തും രാവിലെ അഞ്ച് മണി മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. വയനാട് കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ നടന്ന പിതൃതർപ്പണം. ഫോട്ടോ: റിഥിൻ ദാമു തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ ശനിയാഴ്ച പുലർച്ചെ 2.30 മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ഉച്ചയ്ക്ക് ഒരു മണി വരെ പാപനാശിനിക്കരയിൽ ബലിതർപ്പണച്ചടങ്ങുകൾ നടക്കും. ബലിതർപ്പണത്തിനെത്തുന്നവരുടെസൗകര്യത്തിന് കൂടുതൽ വഴിപാട് കൗണ്ടറുകളും ബലിസാധന വിതരണ കൗണ്ടറുകളും തുറന്നിട്ടുണ്ട്. ബലിതർപ്പണത്തിന് കാർമികത്വം വഹിക്കുന്നതിനായി കൂടുതൽ വാധ്യാന്മാരെ നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്നവർക്ക് ദേവസ്വം സൗജന്യമായി അത്താഴവും പ്രഭാതഭക്ഷണവും നൽകും. കോഴിക്കോട് വരക്കൽ കടപ്പുറത്ത് നടന്ന ബലിതർപ്പണത്തിൽ നിന്ന് . ഫോട്ടോ: കെ.പി നിജീഷ് കുമാർ മാനന്തവാടി താഴെയങ്ങാടി മാരിയമ്മൻ ക്ഷേത്രത്തിലെ ബലിതർപ്പണം ശനിയാഴ്ച അഞ്ച് മുതൽ ആരംഭിച്ചു.കണിയാരം തെടങ്ങഴിക്കുന്ന് ശിവ (പരദേവത) ഭുവനേശ്വരി ക്ഷേത്രത്തിലെ ബലിതർപ്പണം രാവിലെ അഞ്ചുമുതൽ കണിയാരം വെള്ളോട്ടിൽ പാലത്തിന് സമീപത്തെ ബലിക്കടവിൽ നടക്കുന്നുണ്ട്. പുല്പള്ളി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ രാവിലെ ആറിന് ബലിതർപ്പണം ആരംഭിച്ചു.വണ്ടിക്കടവ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ മാവിലാംതോടിന്റെ കരയിൽ രാവിലെ 5.30 മുതൽ കർക്കടകവാവ് ബലിതർപ്പണം നടക്കുന്നുണ്ട്.വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ നടത്താനിരുന്ന ബലിതർപ്പണം പ്രതികൂല കാലാവസ്ഥ കാരണം ഒഴിവാക്കി. കണ്ണൂർ ശനിയാഴ്ച അതിരാവിലെ മുതൽ ജില്ലയിലെ പ്രമുഖ ക്ഷേത്രങ്ങളിൽ ബലിയിടൽ ചടങ്ങുകൾ തുടങ്ങി. കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രം, തലശ്ശേരി ജഗന്നാഥക്ഷേത്രം, തളിപ്പറമ്പ് തൃച്ചംബരംക്ഷേത്രം, തലായി-പയ്യാമ്പലം കടൽത്തീരങ്ങൾ എന്നിവിടങ്ങളിൽ ബലിതർപ്പണം നടക്കുന്നുണ്ട്.. സിറ്റിസൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ പുലർച്ചെമുതൽ പയ്യാമ്പലം കടപ്പുറത്ത് ബലിതർപ്പണം നടക്കുന്നുണ്ട്. ശ്രേഷ്ഠാചരണസഭയുടെ നേതൃത്വത്തിലും പയ്യാമ്പലത്ത് ബലിതർപ്പണമുണ്ടാകും. രാവിലെ അഞ്ചിന് തുടങ്ങി. കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് നടന്ന പിതൃതർപ്പണം. ഫോട്ടോ: റിഥിൻ ദാമു തലശ്ശേരി ജഗന്നാഥക്ഷേത്ര സന്നിധിയിൽ കർക്കടകവാവുബലിതർപ്പണം പുലർച്ചെ അഞ്ചിന് തുടങ്ങി. തലശ്ശേരി നാരങ്ങാപ്പുറം തൃക്കൈ ശിവക്ഷേത്രം, തലായി ബാലഗോപാലക്ഷേത്രം എന്നിവയുടെ നേതൃത്വത്തിൽ തലായി കടപ്പുറത്ത് രാവിലെ ആറിന് തുടങ്ങി. ചെറുവാഞ്ചേരി പൂവ്വത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കടകവാവുബലി രാവിലെമുതൽ നടക്കുന്നുണ്ട്. കൂത്തുപറമ്പ് ആലച്ചേരി ഇടം വൈരീഘാതകൻ ഭഗവതിക്ഷേത്രത്തിൽ കർക്കടകവാവ് ബലിതർപ്പണം ശനിയാഴ്ച രാവിലെ ആറിന് തുടങ്ങി. ഇരിക്കൂർ നിടിയോടി അയ്യൻകോവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ ആറ് മുതൽ ഒൻപതുവരെ കർക്കടകവാവു ബലിതർപ്പണം നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കാസർകോട് പ്രകൃതിക്ഷോഭം കണക്കിലെടുത്ത് തൃക്കണ്ണാട് കടപ്പുറത്ത് ബലിതർപ്പണത്തിനെത്തുന്നവർക്കായി കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. തർപ്പണത്തിനുശേഷം പിണ്ഡം ഒഴുക്കാൻ പോകുന്നവർ കടലിലേക്ക് അധികം ഇറങ്ങരുതെന്ന് പോലീസ് മുന്നറിയിപ്പു നല്കിയിട്ടുണ്ട്.കഴിഞ്ഞവർഷം കാൽലക്ഷത്തിലധികം പേർ ഇവിടെ തർപ്പണത്തിനെത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2nzqL0F
via
IFTTT
No comments:
Post a Comment