ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദി സർക്കാരിനെതിരേ അഴിമതി പ്രധാന പ്രചാരണവിഷയമാക്കാൻ കോൺഗ്രസ് പ്രവർത്തകസമിതിയോഗം തീരുമാനിച്ചു. റഫാൽ കരാർ , ബാങ്ക് കുംഭകോണങ്ങൾ എന്നിവയായിരിക്കും പ്രധാനമായി ഉന്നയിക്കുക. അഴിമതി, കാർഷികമേഖയിലെ പ്രതിസന്ധി, തൊഴിലില്ലായ്മ, സാമ്പത്തികത്തകർച്ച, ദേശീയ പൗരത്വരജിസ്റ്റർ എന്നീ അഞ്ച് വിഷയങ്ങളിൽ സർക്കാരിനെതിരേ രാജ്യവ്യാപകപ്രക്ഷോഭം നടത്തും. മറ്റ് പ്രതിപക്ഷപാർട്ടികളുമായി യോജിച്ചുള്ള സമരപരിപാടികളാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യം അവരുമായി ചർച്ചചെയ്യും. പ്രവർത്തകസമിതിയംഗങ്ങൾ സംസ്ഥാനങ്ങൾ സന്ദർശിച്ച് പ്രക്ഷോഭപരിപാടികൾ ആസൂത്രണംചെയ്യും. കാർഷികമേഖലയിലെ പ്രതിസന്ധിക്കെതിരേയുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിന് 13-ന് കർണാടകയിലെ ബിദറിൽ രാഹുൽ തുടക്കം കുറിക്കും.മോദിസർക്കാരിനെ അഴിമതിവിഷയത്തിൽ കടന്നാക്രമിക്കുക എന്നതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ പ്രധാന തന്ത്രം. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് സർക്കാരിന്റെ വാദങ്ങളെ നിരാകരിക്കുന്ന തെളിവുകളും വിശദാംശങ്ങളും എ.കെ. ആന്റണി പ്രവർത്തകസമിതിയെ ധരിപ്പിച്ചു. അസമിലെ പൗരത്വരജിസ്റ്റർ വിഷയവും ചർച്ചാവിഷയമായി. ഇക്കാര്യത്തിൽ കരുതലോടെയുള്ള നിലപാടെടുക്കാനാണ് തീരുമാനം.പൗരത്വരജിസ്റ്ററിനെ ബി.ജെ.പി. സമൂഹത്തിൽ ധ്രുവീകരണത്തിനുള്ള ആയുധമാക്കി മാറ്റുകയാണെന്ന് പാർട്ടി കുറ്റപ്പെടുത്തി. പൗരത്വരജിസ്റ്റർ കോൺഗ്രസിന്റെ ആശയമാണെന്നും ഒരു ഇന്ത്യൻ പൗരനും രജിസ്റ്ററിൽനിന്ന് ഒഴിവാക്കപ്പെടുന്നില്ലെന്ന് പാർട്ടി ഉറപ്പാക്കുമെന്നും പാർട്ടിവക്താവ് രൺദീപ് സുർജേവാല പറഞ്ഞു. റഫാൽ വിമാനങ്ങളുടെ വില വെളിപ്പെടുത്താൻ സർക്കാർ തയ്യാറാകുന്നില്ലെന്നും യു.പി.എ. സർക്കാരിന്റെ കാലത്ത് നിശ്ചയിച്ചിരുന്ന 526 കോടിയിൽനിന്ന് എൻ.ഡി.എ.യുടെ കാലത്ത് വില 1676 കോടിയിലെത്തിയെന്നും പ്രവർത്തകസമിതി തീരുമാനങ്ങൾ വിശദീകരിച്ച സുർജേവാല കുറ്റപ്പെടുത്തി. ഇതിലൂടെ 48,000 കോടിയുടെ നഷ്ടം പൊതുഖജനാവിനുണ്ടായി. പഞ്ചാബ് നാഷണൽ ബാങ്ക് കുംഭകോണത്തിൽ പ്രതിയായ മെഹുൽ ചോക്സിക്ക് രാജ്യംവിടാൻ കേന്ദ്രം ഒത്താശചെയ്തെന്നും അദ്ദേഹം ആരോപിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2LVnQhl
via
IFTTT
No comments:
Post a Comment