തിരുവനന്തപുരം:കനത്തമഴയും പ്രളയക്കെടുതിയും തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ റെയിൽ, റോഡ്ഗതാഗതം സ്തംഭിക്കുന്നു. പല സ്ഥലങ്ങളിലും റെയിൽ പാളങ്ങളിൽ വെള്ളവും മറ്റ് തടസ്സങ്ങളും കാരണം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് എപ്പോൾ പുന:സ്ഥാപിക്കും എന്ന കാര്യത്തിൽ റെയിൽവേയും കൃത്യമായ നിർദേശങ്ങളൊന്നും നൽകിയിട്ടില്ല. തിരുവനന്തപുരത്ത് റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് നൽകുന്നത് നിർത്തിവെച്ചു. നിരവധിയാളുകൾ വിവിധ സ്റ്റേഷനുകളിൽ കുടുങ്ങിക്കിടക്കുകയാണ്. സതേൺ റെയിൽവേ ഡിവിഷനിൽ അഞ്ച് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. എറണാകുളം ജങ്ഷൻ- ആലപ്പുഴ പാസ്സഞ്ചർ, ആലപ്പുഴ എറണാകുളം പാസ്സഞ്ചർ, എറണാകുളം ജങ്ഷൻ കോട്ടയം പാസ്സഞ്ചർ, കോട്ടയം എറണാകുളം ജങ്ഷൻ പാസ്സഞ്ചർ, പാലക്കാട് എറണാകുളം ജങ്ഷൻ പാസ്സഞ്ചർ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനാൽ ആലുവയ്ക്കും ചാലക്കുടിക്കുമിടയിൽ ട്രെയിൻ ഗതാഗതം നിർത്തി വെച്ചിരിക്കയാണ്. പല ട്രെയിനുകളും പാലക്കാട് വരെയായി വെട്ടിച്ചുരുക്കി. ട്രിവാൻട്രം-മംഗളൂരു മാംഗളൂർ എക്സ്പ്രസ് ചാലക്കുടിയിൽ നിർത്തയിട്ടിരിക്കയാണ്. ഏറനാട് എക്സ്പ്രസ് ഹരിപ്പാട് പിടിച്ചിട്ടിരിക്കയാണ്. പരശുറാം എക്സ്പ്രസ് കൊയിലാണ്ടിയിൽ പിടിച്ചിട്ടു. മംഗള എക്സ്പ്രസ് കോഴിക്കോട് പിടിച്ചിട്ടു. ഈ ട്രെയിനുകൾ എപ്പോൾ പുറപ്പെടും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കുർള-നേത്രാവതി വണ്ടി കണ്ണൂരിൽ യാത്ര അവസാനിപ്പിച്ചേക്കും. ട്രെയിൻ ഗതാഗതത്തിന് പുറമെ പല സ്ഥലങ്ങളിലും ബസ് ഗതാഗതവും ഭാഗിഗമായോ പൂർണമായോ നിലച്ച അവസ്ഥയാണ്. തിരുവല്ല എറണാകുളം ഭാഗത്തേക്കുള്ള എം.സി റോഡിൽ ഗതാഗതം നിരോധിച്ചു. തൃശൂരിൽ നിന്നും പാലക്കാട് പോകുവാൻ കുതിരാൻ അടച്ചു. ഷൊർണൂർ വഴി പലയിടങ്ങളിലും വെള്ളം കയറി കിടക്കുന്നതിനാൽ ഗതാഗതം സ്തംഭിച്ചു. കോയമ്പത്തൂർ എയർപോർട്ടിലിറങ്ങിയ വിദേശ മലയാളികൾക്ക് നാട്ടിലെത്താൻ സാധിക്കുന്നില്ല.കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കേരളത്തിലേക്കുള്ള എല്ലാബസ്സർവീസുകളും നിർത്തിവെച്ചു. ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് നിരവധി ആളുകളാണ് വഴിയിലും റെയിൽവേ സ്റ്റേഷനിലും കുടുങ്ങി കിടക്കുന്നത്. പല സ്ഥലത്തും ബസ്സോ മറ്റ് വാഹനങ്ങളോ ഇല്ലാത്തത് സ്ഥിതിഗതികൾ രൂക്ഷമാക്കി. നിലവിലെ സാഹചര്യത്തിൽ കൂടുതൽ ട്രെയിനുകൾ തടസ്സപ്പെടാനോ വൈകാനോ സാധ്യതയുണ്ട്. കൊച്ചി മെട്രോ സർവീസുകളും നിർത്തിവെച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2OFdQWl
via
IFTTT
No comments:
Post a Comment