പിണറായി: ദുരൂഹത...നാടകീയത...കുറ്റസമ്മതം...ഒടുവിൽ വിധിക്ക് കാത്തുനിൽക്കാതെ സ്വന്തം വിധിയെഴുതി പിണറായി കൂട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതി സൗമ്യ. വെള്ളിയാഴ്ച രാവിലെ കണ്ണൂർ വനിതാ ജയിൽവളപ്പിലാണ് വിചാരണത്തടവുകാരിയായ സൗമ്യ ആത്മഹത്യചെയ്തത്. സ്വന്തം മകളെയും വൃദ്ധമാതാപിതാക്കളെയും വിഷംനൽകി കൊലപ്പെടുത്തുക...കാമുകനോടൊപ്പം കഴിയാനുള്ള തന്റെ ആഗ്രഹം പൂർത്തീകരിക്കാനാണ് കൊലപാതകങ്ങളെന്ന് അന്വേഷണ സംഘത്തിനുമുൻപിൽ കുറ്റസമ്മതം നടത്തുക...കേട്ടുകേൾവിയില്ലാത്ത സംഭവപരമ്പരകളിങ്ങനെ. 2012 സെപ്റ്റംബർ ഒൻപതിന് ഒന്നരവയസ്സുള്ള സൗമ്യയുടെ ഇളയ മകൾ ഒന്നരവയസ്സുകാരി കീർത്തന മരണപ്പെടുന്നതോടെയാണ് പിണറായി വണ്ണത്താൻ വീട്ടിൽ ആദ്യമരണം പടികടന്നെത്തുന്നത്. കീർത്തനയുടെത് സ്വാഭാവിക മരണമെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്നിങ്ങോട്ട് ഒന്നിനുപിറകെ ഒന്നായി മരണങ്ങൾ. അസ്വാഭാവികമെന്ന അടക്കംപറച്ചിലുകൾക്കപ്പുറത്തേക്ക് കാര്യങ്ങൾ നീങ്ങിയില്ല. മംഗളൂരുവിൽ 2018 ജനുവരി 31-ന് മരിച്ച മൂത്തമകൾ ഐശ്വര്യ കിഷോർ, സൗമ്യയുടെ അമ്മ കമല, അച്ഛൻ കുഞ്ഞിക്കണ്ണൻ. അങ്ങനെ പടന്നക്കര വണ്ണത്താൻ വീട്ടിൽ താമസക്കാരിൽ സൗമ്യയൊഴികെ മറ്റെല്ലാവരും ഒന്നൊന്നായി മരണത്തിന് കീഴടങ്ങി. ആദ്യഘട്ടത്തിൽ കിണർവെള്ളത്തിലാണ് പ്രശ്നമെന്ന നിഗമനത്തിൽ പ്രദേശത്തെ കിണറുകളിൽ വിശദമായ പരിശോധന നടത്തി. മുഖ്യമന്ത്രി ഉൾപ്പെടെ വീട് സന്ദർശിക്കുകയും ചെയ്തു. കമലയുടെയും കുഞ്ഞിക്കണ്ണന്റെയും മൃതദേഹപരിശോധനയിൽ വിഷാംശത്തിന്റെ സ്വാധീനം കണ്ടെത്തിയതോടെയാണ് മരണത്തിനു പിന്നിലെ സൗമ്യയുടെ പങ്ക് പുറത്തുവന്നത്. പോലീസിന്റെ നാടകീയ നീക്കങ്ങൾ കുഞ്ഞിക്കണ്ണന്റെ മരണത്തോടെതന്നെ സൗമ്യയുടെ പങ്ക് പോലീസിന് വ്യക്തമായിരുന്നു. സൗമ്യയുടെ വീട്ടിനുള്ളിലെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിക്കാൻ പോലീസ് നാട്ടുകാരുടെ സഹായത്തോടെ പദ്ധതി തയ്യാറാക്കി. അച്ഛൻ കുഞ്ഞിക്കണ്ണന്റെ മരണത്തിൽ അവശതയഭിനയിച്ച സൗമ്യ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ പോലീസ് കാവൽ ഏർപ്പെടുത്തി അറസ്റ്റിന് നീക്കങ്ങൾ തുടങ്ങി. ആശുപത്രി വിട്ട സൗമ്യയെ പോലീസ് ചോദ്യംചെയ്യാൻ കസ്റ്റഡിയിലെടുത്തു. രാവിലെ തുടങ്ങിയ ചോദ്യംചെയ്യലിനൊടുവിൽ രാത്രി വൈകി സൗമ്യയുടെ കുറ്റസമ്മതം. കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് തന്റെ പ്രിയപ്പെട്ടവരെ കൊന്നതെന്നായിരുന്നു മൊഴി. കൊല്ലാൻ ഉപയോഗിച്ചത് എലിവിഷം ഘട്ടംഘട്ടമായി എലിവിഷമാണ് ഭക്ഷണത്തിൽ കലർത്തി മകൾക്കും മാതാപിതാക്കൾക്കും നൽകിയതെന്ന വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്. മൃതദേഹപരിശോധനയിൽ അലൂമിനിയം ഫോസ്ഫേറ്റിന്റെ സാന്നിധ്യംകൂടി മനസ്സിലാക്കിയതോടെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ സൗമ്യയെ റിമാൻഡ് ചെയ്തു. കഴിഞ്ഞമാസം കുറ്റപത്രവും സമർപ്പിച്ചു. സൗമ്യയുമായി അടുത്തബന്ധം സൂക്ഷിച്ചിരുന്ന പലരെയും മാറിമാറി ചോദ്യംചെയ്തു. പക്ഷേ, കൊലപാതകത്തിൽ ആരുടെയും പങ്ക് കണ്ടെത്താനായില്ല. മൂത്തമകൾ ഐശ്വര്യ കിഷോറിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞമാസമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. തലശ്ശേരി എ.എസ്.പി. ചൈത്ര തെരേസ ജോണിന്റെ മേൽനോട്ടത്തിൽ സി.ഐ. കെ.ഇ.പ്രേമചന്ദ്രനായിരുന്നു കേസിന്റെ അന്വേഷണം പൂർത്തിയാക്കിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2LmNVk1
via
IFTTT
No comments:
Post a Comment