ഓഖി ചുഴലിക്കാറ്റും ഇപ്പോഴത്തെ കൊടുംപ്രളയവും കേരളത്തിന് നൽകുന്ന മുന്നറിയിപ്പിതാണ് - കേരളം തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്നു. ഇനി വേണ്ടത് ഇതനുസരിച്ചുള്ള കരുതലാണ്. ഇപ്പോൾ കേരളത്തിൽ പെയ്യുന്ന കനത്തമഴയ്ക്കു കാരണം എടവപ്പാതിയിൽ ബംഗാൾ ഉൾക്കടലിൽ ഒഡിഷ -പശ്ചിമബംഗാൾ തീരത്ത് അടിക്കടിയുണ്ടായ ന്യൂനമർദങ്ങളാണ്. ഇക്കാലത്ത് ന്യൂനമർദങ്ങൾ പതിവാണ്. എന്നാൽ ഇത്തവണ ചെറിയ ഇടവേളകളിൽ ഒട്ടേറെ ന്യൂനമർദങ്ങളുണ്ടായി. ന്യൂനമർദം സമുദ്രത്തിലെ താപനില കൂടുമ്പോൾ തണുപ്പിക്കാൻ പ്രകൃതിതന്നെ സ്വയം കണ്ടെത്തുന്ന മാർഗമാണ് ന്യൂനമർദം. കടലിൽ ഒരു വിശാലമായ പ്രദേശത്ത് മർദം കുറയുന്ന പ്രതിഭാസമാണിത്. അവിടേക്ക് കാറ്റ് വലിച്ചെടുക്കപ്പെടും. ന്യൂനമർദമുണ്ടായി മഴ പെയ്യുമ്പോൾ സമുദ്രം തണുക്കും. അടിക്കടി ന്യൂനമർദം ഉണ്ടാവുന്നതിന് കാരണം കടലിലെ താപനില അസാധാരണമാംവിധം വർധിക്കുന്നതാണ്. കേരളത്തിനുമുകളിലൂടെ മേഘങ്ങളുമായി ഇത്തരത്തിൽ കാറ്റ് അവിടേക്ക് പോകുന്നു. ഇത് പശ്ചിമഘട്ടത്തിൽ തട്ടി കൂടുതൽ മുകളിലേക്കുയർന്ന് ഇവിടെത്തന്നെ പെയ്തൊഴിയും. ന്യൂനമർദമുള്ള പ്രദേശത്തും അതിന്റെ സ്വാധീനവലയത്തിലും കനത്തമഴ പെയ്യും. ഇവിടെ മഴമേഘങ്ങൾ എളുപ്പം രൂപംകൊള്ളുന്നു. അടിക്കടി ന്യൂനമർദം പതിവില്ല ഇത്തവണത്തേതുപോലുള്ള അടിക്കടി ന്യൂനമർദങ്ങൾ പതിവില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ കെ. സന്തോഷ് പറഞ്ഞു. ഇത്തവണ ചെറിയ ഇടവേളകളിലുണ്ടായ ന്യൂനമർദങ്ങളുടെ എണ്ണം വളരെക്കൂടുതലാണ്. ഇതിന്റെ ഫലമായി ദിവസങ്ങളോളം പല പ്രദേശങ്ങളിലും ശക്തമായ മഴപെയ്തു. കേരളത്തിലെ മൺസൂണിന്റെ സ്വഭാവത്തിലും വ്യതിയാനമുണ്ടായിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷം മഴ കുറവായിരുന്നു. ഇപ്പോൾ കനത്ത മഴയും. ഇത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കാണേണ്ടതുണ്ട് -സന്തോഷ് പറഞ്ഞു. അടിക്കടിയുള്ള ന്യൂനമർദത്തിന് കാലാവസ്ഥാ വ്യതിയാനമല്ലാതെ മറ്റ് കാരണങ്ങളൊന്നും കാണുന്നില്ലെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്)യിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡോ. എം.ജി. മനോജ് പറഞ്ഞു. ന്യൂനമർദ പാത്തി ന്യൂനമർദത്തിൽനിന്നു തുടങ്ങി അതേ അന്തരീക്ഷ സാഹചര്യമുള്ള വിശാലമായ പ്രദേശത്തെയാണ് ന്യൂനമർദ പാത്തി എന്നുപറയുന്നത്. കേരള -കർണാടക തീരത്ത് ന്യൂനമർദ പാത്തിയുള്ളതും ഇത്തവണ മഴ ശക്തമാകാൻ കാരണമായി. ഇതിനുപുറമെ, തെക്കൻ ചൈനാക്കടലിലും ശാന്ത സമുദ്രത്തിലുമുണ്ടായ ചുഴലിക്കാറ്റുകളും പടിഞ്ഞാറൻ കാറ്റിന്റെ വ്യാപ്തി കൂടിയതും ഇക്കാലത്ത് മഴ കൂടാൻ കാരണമായെന്ന് മനോജ് പറഞ്ഞു. സമുദ്രനിരപ്പിന് മുകളിൽ 7.6 കിലോമീറ്റർ ദൂരത്തിൽവരെ കാറ്റുയർന്നു. ഇതോടെ ഉൾപ്രദേശങ്ങളിൽവരെ മഴമേഘങ്ങളെത്തി. മലയോരമേഖലയിൽ ദിവസങ്ങളോളം ഇരുപതും മുപ്പതും സെന്റീമീറ്റർ മഴ പെയ്തു. കാലാവസ്ഥാ പ്രവചനങ്ങളെ ഇപ്പോഴും നിസ്സാരമായി കാണുന്നത് കേരളത്തിലെ പ്രകൃതിദുരന്തങ്ങളുടെ ആഘാതം കൂട്ടുന്നുണ്ടെന്ന് ഡോ. മനോജ് പറഞ്ഞു. കാലാവസ്ഥാ മുന്നറിയിപ്പുകളെ ഇപ്പോഴും മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയെന്ന മട്ടിൽ തമാശയായാണ് സർക്കാർ സംവിധാനങ്ങൾ കാണുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2Pjh3vP
via
IFTTT
No comments:
Post a Comment