തിരുവനന്തപുരം: പ്രളയക്കെടുതി രൂക്ഷമായ കേരളത്തിലേക്കുള്ള ടിക്കറ്റുനിരക്കുകളിൽ വിമാനക്കമ്പനികൾ കൊള്ളലാഭമെടുക്കുന്നതു തടയാൻ നടപടികളുമായി വ്യോമയാന ഡയറക്ടറേറ്റ് (ഡി.ജി.സി.എ.). കേരളത്തിലും സംസ്ഥാനത്തിനു സമീപത്തുമുള്ള വിമാനത്താവളങ്ങളിൽ നിന്നുമുള്ള ദീർഘദൂര സർവീസുകൾക്കു 10,000 രൂപയിലും ഹ്രസ്വദൂര സർവീസുകൾക്കു 8000 രൂപയിലും കൂടുതൽ ഈടാക്കരുതെന്നാണു നിർദേശം. കൂടുതൽ സർവീസ് നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയക്കെടുതി കാരണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 26 വരെ അടച്ചിരുന്നു. സംസ്ഥാനത്ത് തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കുന്നതിന് തിരുവനന്തപുരം, കോഴിക്കോട് എന്നിവയ്ക്കു പുറമെ, സംസ്ഥാനത്തിനു സമീപത്തുള്ള മംഗളൂരു, കോയമ്പത്തൂർ വിമാനത്താവളങ്ങളിലേക്കും അധികസർവീസ് നടത്താൻ വ്യോമയാനമന്ത്രാലയം വിമാനക്കന്പനികൾക്കു വെള്ളിയാഴ്ച നിർദേശം നൽകി. അതേസമയം, പ്രളയക്കെടുതി രൂക്ഷമായ കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു ടിക്കറ്റു നിരക്കു വർധിപ്പിക്കരുതെന്നു വിമാനക്കമ്പനികളോട് വ്യോമയാനമന്ത്രി സുരേഷ് പ്രഭു ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സാധനങ്ങൾ സൗജന്യമായി ലക്ഷ്യസ്ഥാനത്തെത്തിക്കാനും നിർദേശിച്ചതായി അദ്ദേഹം ട്വീറ്റു ചെയ്തു. ‘സ്വകാര്യ വിമാനക്കന്പനികൾ പണം ഉണ്ടാക്കുന്ന വഴികൾ അത്യധികം നാണക്കേടുണ്ടാക്കുന്നു. മംഗളൂരു-ബെംഗളൂരു ടിക്കറ്റ് നിരക്ക് 18000 രൂപയിലെത്തി. മുമ്പൊരിക്കലും ഈ റൂട്ടിലുള്ള ടിക്കറ്റു നിരക്ക് 4000 രൂപ കവിഞ്ഞിട്ടില്ല. കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തേണ്ട സമയമാണിത്’- കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ ട്വീറ്റു ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/2BmYRyp
via
IFTTT
No comments:
Post a Comment