കൊച്ചി: ’’അവരൊക്കെ വലിയ ആൾക്കാരല്ലേ. അവരുടെ മുന്നിൽ ഞങ്ങൾ വെറും ഈച്ചകളല്ലേ. അവർ വന്ന് ഇടിച്ചാൽ ഞങ്ങൾ തവിടുപൊടിയായതുതന്നെ...’’ - തിരകൾ അടങ്ങാത്ത ഹാർബറിൽനിന്ന് സംസാരിക്കുമ്പോൾ ജോസഫിന്റെ വാക്കുകളിൽ അടങ്ങാത്ത വേദനയുടെയും രോഷത്തിന്റെയും തിരമാലകളുണ്ടായിരുന്നു. കരുത്തിന്റെ വലിയ അടയാളങ്ങളായ കപ്പലുകൾക്ക് മുന്നിൽപ്പെടുമ്പോൾ ഈച്ചകളെപ്പോലെയാകുന്ന ചെറിയ ബോട്ടുകളിൽ പണിയെടുക്കുന്നവരിൽ പലരിലും ഇതേ സങ്കടത്തിന്റെ തിരമാലകളുണ്ട്. കപ്പലപകടങ്ങൾ തുടർക്കഥയാകുമ്പോൾ അതിൽ പൊലിയുന്നതെല്ലാം തങ്ങളെപ്പോലെയുള്ള പാവങ്ങളുടെ ജീവനല്ലേയെന്നും അവർ ചോദിക്കുന്നു.കപ്പൽ കരുത്തിന്റെ വലിയ ആനയാകുമ്പോൾ ഈച്ച പോലെയാകുന്നതാണ് തങ്ങൾ നേരിടുന്ന വലിയ പ്രശ്നമെന്നാണ് ‘തിമോത്തിയോസ്’ ബോട്ടിലെ ജീവനക്കാരനായ ഡെൽബി പറഞ്ഞത്. ’’കടലിലേക്കുള്ള യാത്ര എന്നും വലിയ അപകടം തന്നെയാണ്. പുറങ്കടലിലെത്തിയാൽ കാലാവസ്ഥ വലിയ പ്രശ്നമാണ്. കാറ്റും മഴയുമാണെങ്കിൽ കപ്പലുകൾ അടുത്തെത്തുമ്പോൾ മാത്രമാണ് പലപ്പോഴും ബോട്ടുകാർക്ക് കാണാനാകുന്നത്. മഴ പെയ്താൽ സ്രാങ്ക് ഇരിക്കുന്ന വീൽഹൗസിനു ചുറ്റുമുള്ള ഗ്ലാസ് ഉയർത്തിവയ്ക്കും. അല്ലെങ്കിൽ ജി.പി.എസ്സും വയർലെസും എക്കോ സൗണ്ടും ഉൾപ്പെടെയുള്ള ഇലക്‌ട്രോണിക്സ് സംവിധാനങ്ങൾ പ്രവർത്തിക്കുന്ന സ്ഥലത്ത് വെള്ളം വീഴും. അതൊഴിവാക്കാനാണ് ഗ്ലാസ് ഉയർത്തിവയ്ക്കുന്നത്. ഗ്ലാസിലേക്ക് വെള്ളം വീഴുന്നതോടെ ദൂരെയുള്ള കാഴ്ചകളൊന്നും കാണാതാകും. അതാണ് പലപ്പോഴും വലിയ അപകടങ്ങൾക്ക് വഴിവയ്ക്കുന്നത്...’’- ഡെൽബി പറയുന്നു.വലിയ കപ്പലുകൾ എന്നും ഭീതിയാണ് വിതയ്ക്കുന്നതെന്നാണ് ‘രാധ’ എന്ന ബോട്ടിൽ പണിയെടുത്തിരുന്ന മാനുവൽ പറഞ്ഞത്. ’’ബോട്ടുകൾ മീൻ വലിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് ഓടിച്ചുമാറ്റാൻ കഴിയില്ല. ഈ നേരത്താണ് ഒരു കപ്പൽ അടുത്തെത്തുന്നതെങ്കിൽ കഥ കഴിഞ്ഞതുതന്നെ. കപ്പൽ അടുത്തെത്തിയാൽ പിന്നെ ബോട്ട് എങ്ങോട്ടേക്ക് വെട്ടിക്കണമെന്ന ആശങ്കയാകും സ്രാങ്കിന്. കപ്പൽ വലുതായതിനാൽ മുന്നോട്ടേക്ക് എവിടെ നോക്കിയാലും കപ്പലുള്ളതു പോലെ തോന്നും. കപ്പലിന്റെ ദിശയിൽനിന്ന് മാറണമെങ്കിൽ ഒരു കിലോമീറ്ററെങ്കിലും കുറഞ്ഞത് പോകണം. അതിന് സാധിക്കാതെ വരുമ്പോഴാണ് അപകടമുണ്ടാകുന്നത്...’’ - മാനുവൽ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2KzUf7D
via
IFTTT
No comments:
Post a Comment