കൊച്ചി: സ്റ്റേഷനിൽ ദമ്പതിമാരെ മർദിച്ച കേസിൽ 25 കൊല്ലംമുമ്പ് ശിക്ഷിക്കപ്പെട്ട മൂന്ന് റിട്ട. പോലീസുകാരെ പിടികൂടാൻ ഹൈക്കോടതി നടപടി തുടങ്ങി. വെഞ്ഞാറമൂട് സ്റ്റേഷനിലെ അന്നത്തെ സി.ഐ. സി.എസ്. രാമചന്ദ്രൻ നായർ, എസ്.ഐ. സുബൈർ കുഞ്ഞ്, ഹെഡ് കോൺസ്റ്റബിൾ അബ്ദുൾകലാം എന്നിവരെയാണ് വിചാരണക്കോടതി ശിക്ഷിച്ചത്. 1988-ലാണ് പരാതിക്കാസ്പദമായ സംഭവം. 1993-ൽ വിചാരണക്കോടതി ഇവരെ ശിക്ഷിച്ചു. സുപ്രീംകോടതി ശിക്ഷ ശരിവെച്ചു. അതോടെ വിധിനടത്താൻ 2017 മേയ് രണ്ടിന് ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതി വാറന്റ് ഇറക്കി. ഇതുവരെയും വാറന്റ് നടപ്പാക്കിയില്ലെന്നാണ് പരാതിക്കാരനായ എറണാകുളം ഹൈക്കോടതി ജങ്ഷനിലെ ഫോട്ടോക്ലിക്സിലെ ജി. ബാലചന്ദ്രന്റെ ആക്ഷേപം. വാറന്റ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബാലചന്ദ്രൻ ഹൈക്കോടതിയിലെ രജിസ്ട്രാർക്ക് പരാതി നൽകി. അതിന്റെയടിസ്ഥാനത്തിലാണ് നടപടി. വാറന്റ് നടപ്പാക്കാൻ സർക്കാർ ഹൈക്കോടതിയിൽ രണ്ടാഴ്ച ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി. കുറ്റക്കാരനായ സി.ഐ. വിരമിച്ചത് എസ്.പി. ആയാണ്. മറ്റുരണ്ട് ഉദ്യോഗസ്ഥരും വിരമിച്ചു. 1988 സെപ്റ്റംബർ 16-ന് ബാലചന്ദ്രനെയും ഭാര്യയെയും വെഞ്ഞാറമ്മൂട് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മർദിച്ചെന്നാണ് ആക്ഷേപം. 1993-ൽ ആറ്റിങ്ങൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റുകോടതി മൂന്നുമാസംമുതൽ ഒരുകൊല്ലംവരെ തടവും പിഴയും ശിക്ഷവിധിച്ചു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രതികൾ അപ്പീലുമായി പോയി. 2016-ൽ ശിക്ഷ സുപ്രീംകോടതി ശരിവെച്ചു. സുപ്രീംകോടതിയുടെ വിധിയോടെ ശിക്ഷ അന്തിമമായെന്നുകണ്ടാണ് വിധിനടത്താനുള്ള വാറന്റ് 2017-ൽ ഇറങ്ങിയത്. മൂവരെയും കണ്ടെത്താനാവാതെ വന്നതോടെ രണ്ടാമതും വാറന്റിറക്കി. കുറ്റക്കാർ ഒളിവിലാണെന്നും കണ്ടെത്താനാവുന്നില്ലെന്നുമായിരുന്നു തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി കോടതിയിൽ നൽകിയ റിപ്പോർട്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2M7obg8
via
IFTTT
No comments:
Post a Comment