ന്യൂഡൽഹി:ഇന്ത്യൻ പ്രതിരോധ സേനയ്ക്ക് ഭീഷണിയായേക്കാവുന്ന റോക്കറ്റ് സാങ്കേതിക വിദ്യ ചൈന വികസിപ്പിച്ചെടുത്തതായി റിപ്പോർട്ട്. വൈദ്യുത കാന്തിക റോക്കറ്റ് പീരങ്കി സാങ്കേതിക വിദ്യയാണ് ചൈന വികസിപ്പിച്ചെടുത്തതെന്നും ഇത്തരമൊരു സാങ്കേതിക വിദ്യ ഇതാദ്യമാണെന്നും ചൈനീസ് സർക്കാരിന് കീഴിലുള്ള ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയേയും ഡോക് ലാം വിഷയവും പരോക്ഷമായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.തെക്കുപടിഞ്ഞാറൻ ചൈനയിലെ പീഠഭൂമിയിലെ ഒരു അതിർത്തി പ്രദേശത്തുണ്ടായ ഒരു സംഭവമാണ് ഇത്തരം ഒരു സാങ്കേതിക വിദ്യ അനിവാര്യമാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. വെടിമരുന്ന് ഉപയോഗിച്ചുള്ള പീരങ്കികൾ ഉയർന്ന സമതലങ്ങളിൽ പരാജയപ്പെടാറുണ്ട്. എന്നാൽ ഇലക്ട്രോ മാഗ്നറ്റിക് പീരങ്കിയ്ക്ക് ഈ പ്രശ്നമില്ല. വെടിമരുന്നിന് പകരം വൈദ്യുത കാന്തിക ശക്തിയാണ് ആയുധങ്ങൾ തൊടുക്കുന്നതിനായി ഇതിൽ ഉപയോഗപ്പെടുത്തുന്നത്. ഇത് ആയുധങ്ങൾ സുഗമമായി പറക്കുന്നതിനും കൃത്യമായി ലക്ഷ്യത്തിൽ പതിക്കുന്നതിനും സഹായിക്കുന്നു. പരമ്പരാഗത പീരങ്കികളെ അപേക്ഷിച്ച് 200 കിലോമീറ്റർ പരിധിയിലുള്ള എന്തിനേയും ഈ പീരങ്കിയ്ക്ക് ഉന്നം വെക്കാനാവും. ഇന്ത്യൻ അതിർത്തിയിലുടനീളം ഇത് വിന്യസിക്കാനും സാധിക്കും. വൈദ്യുത കാന്തിക ശക്തി ഉപയോഗിച്ചുള്ള ഒരു റെയിൽ ഗണും ചൈനയ്ക്ക് സ്വന്തമായുണ്ട്. ഡോക് ലാം വിഷയം നയതന്ത്രതലത്തിൽ പരിഹരിച്ചതായി വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞതിന് പിന്നാലെയാണ് ഇങ്ങനെ ഒരു വാർത്ത. ഡോക് ലാംഅതിർത്തിയിൽ ചൈനീസ് സൈന്യം റോഡ് നിർമാണം നടത്തിയത് ഇന്ത്യൻ സേന തടഞ്ഞതിനെ തുടർന്ന് 50 ദിവസത്തോളം പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. തങ്ങളുടെ പ്രദേശത്താണ് റോഡ് നിർമിക്കുന്നതെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാൽ ചൈനയുടെ വാദം ഇന്ത്യൻ സേന നിഷേധിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2vgF4LO
via
IFTTT
No comments:
Post a Comment