ന്യൂഡൽഹി: റഫാൽ കരാറിനായി ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാൻസ്വ ഒലാന്ദയുടെ കാമുകിയുടെ സിനിമാനിർമാണത്തിന് റിലയൻസ് സാമ്പത്തികസഹായം നൽകിയതായി ആരോപണം. റഫാൽ ധാരണാപത്രം ഒപ്പിടുന്നതിനു രണ്ടുദിവസം മുൻപായിരുന്നു റിലയൻസ് എന്റർടൈയ്മെന്റും ഒലാന്ദയുടെ കാമുകി ജൂലി ഗായെയുടെ റൂഷ് ഇന്റർനാഷണലും സിനിമാനിർമാണത്തിന് ധാരണയായത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രമാണ് ഇതിന്റെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി 2016 ജനവരിയിൽ ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലാന്ദയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും 36 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള ധാരണാപത്രം ഒപ്പിടുന്നതിന് രണ്ട് ദിവസം മുമ്പാണ് സിനിമാ നിർമ്മാണത്തിന് കരാറായത്. പിന്നീടാണ് ഡസോട്ട് ഏവിയേഷനുമായി ചേർന്ന് അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് 59,000 കോടി രൂപയുടെ റഫാൽ കരാറിൽ ഏർപ്പെട്ടത്. ഡസോട്ട് റിലയൻസ് ലിമിറ്റഡ് എന്ന സംയുക്ത കമ്പനിയിൽ റിലയൻസിന് 51 ശതമാനവും ഫ്രഞ്ച് വിമാന നിർമ്മാണ കമ്പനിയായ ഡസോട്ട് ഏവിയേഷന് 49 ശതമാനവും ഓഹരി പങ്കാളിത്തവുമാണുള്ളത്. 2016 ജനവരി 24 നാണ് റിലയൻസ് എന്റർടൈന്റ്മെന്റ് ജൂലി ഗായെയുടെ റൂഷ് ഇന്റർനാഷണലുമായി ഫ്രഞ്ച് സിനിമ നിർമ്മിക്കാൻ കരാർ ഒപ്പിട്ടത്. രണ്ട് ദിവസം കഴിഞ്ഞ് ജനവരി 26 നാണ് 36 വിമാനങ്ങൾ നിർമ്മിക്കാൻ ധാരണാപത്രമായത്. സാമ്പത്തിക വിഷയങ്ങളുടെ പേരിൽ ഒലാന്ദയുടെ സന്ദർശനവേളയിൽ പക്ഷേ ഇരുരാജ്യങ്ങളുമായി ഈ കരാർ ഒപ്പിട്ടില്ല. ടു ദി ടോപ്പ് എന്ന ചിത്രം സെർജി ഹസ്സാനവിസ് ആണ് സംവിധാനം ചെയ്തത്. 2017 ഡിസംബർ 20ന് ചിത്രം റിലീസ് ചെയ്തു. ഡസോട്ട് ഏവിയേഷൻ ചെയർമാനും അനിൽ അംബാനിയും ചേർന്ന് ഡെസോട്ട് എയ്റോ സ്പേസിന്റെ നിർമ്മാണ പ്ലാന്റിന് നാഗ്പൂരിൽ ശിലയിട്ട് എട്ട് ആഴ്ചയായപ്പോഴായിരുന്നു സിനിമയുടെ റിലീസ്. ഫ്രഞ്ച് പ്രതിരോധമന്ത്രി, കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിൻ ഗഡ്കരി മഹാരാഷ് ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവർ ഈ ചടങ്ങളിൽ പങ്കെടുത്തു. യുഎഇ അടക്കം എട്ട് രാജ്യങ്ങളിൽ റിലീസ് ചെയ്ത ചിത്രം പക്ഷേ ഇന്ത്യയിൽ റിലീസ് ചെയ്തില്ല. വിമാനം വാങ്ങാനുള്ള തുടർ ചർച്ചകൾക്ക് ശേഷം കരാർ ഒപ്പിടുമ്പോൾ ജൂലി ഗായെ പ്രസിഡന്റ് ഒലാന്ദയ്ക്കൊപ്പം പാരീസിലെ എൽസി കൊട്ടാരത്തിലായിരുന്നു താമസം. 2014 ജനുവരിയിലാണ് ഒലാന്ദയുമായി ഗായെക്കുള്ള ബന്ധം പരസ്യമായത്. നീണ്ട ചർച്ചകൾക്ക് ശേഷം 2016 സപ്തംബർ 23 ന് ഡൽഹിയിൽ വച്ചാണ് ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ 59,000 കോടിയുടെ അന്തിമ കരാർ ഒപ്പിട്ടത്. പക്ഷേ ഈ സിനിമ നിർമ്മാണത്തെക്കുറിച്ച് റിലയൻസ് പ്രതികരിക്കാൻ തയ്യാറായില്ല എന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നത്. 59,000 കോടിയുടെ റഫേൽ കരാർ തന്റെ കമ്പനിക്ക് ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് അനിൽ അംബാനി ഈ സിനിമ നിർമ്മിച്ചതെന്നാണ് ആരോപണം.
from mathrubhumi.latestnews.rssfeed https://ift.tt/2N2973M
via
IFTTT
No comments:
Post a Comment