തിരുവനന്തപുരം: പ്രളയത്തിൽ ജനങ്ങളെ രക്ഷിക്കാൻ ആയിരക്കണക്കിനാളുകൾ അണിനിരന്നപ്പോൾ അവർക്ക് തുണയായി പിന്നണിയിൽ പ്രവർത്തിച്ചത് സംസ്ഥാനത്തെ ഐ.ടി. വിദഗ്ധർ. കേരള ഐ.ടി. മിഷന്റെ നേതൃത്വത്തിൽ യുവ ഐ.ടി. വിദഗ്ധർ രൂപപ്പെടുത്തിയെടുത്ത 'കേരള റെസ്ക്യു' എന്ന സൈറ്റ് നിർമിക്കാനെടുത്തത് ആറുമണിക്കൂർ. സ്വകാര്യ ഐ.ടി. സ്ഥാപനങ്ങളും ഐ.ടി. വിദഗ്ധരുടെ കൂട്ടായ്മകളും ഇതിൽ അണിനിരന്നു. പ്രളയത്തിനൊപ്പം പ്രവഹിച്ച ലക്ഷക്കണക്കിന് സഹായാഭ്യർഥനകളും വാഗ്ദാനങ്ങളും അരിച്ചെടുത്ത് സാമൂഹികമാധ്യമങ്ങളിലുൾപ്പെടെ എല്ലാ മാധ്യമങ്ങളിലും എത്തിക്കാനും വ്യാജസന്ദേശങ്ങൾ കണ്ടെത്തി നടപടിയെടുക്കാനും സന്ദേശങ്ങൾ ആവർത്തിക്കാതിരിക്കാനും ഐ.ടി. സ്റ്റാർട്ടപ്പുകളടക്കം രംഗത്തെത്തി. ഇന്ത്യയിലും വിദേശത്തുമായി കേരളത്തിനുവേണ്ടി നൂറുകണക്കിനാളുകളാണ് ഈ ഉത്തരവാദിത്വമേറ്റെടുത്തത്. ഈ സംവിധാനങ്ങളെല്ലാം പ്രളയ ദുരിതാശ്വാസപ്രവർത്തനങ്ങളുടെ നട്ടെല്ലായി മാറുകയായിരുന്നു. കൺട്രോൾ റൂമുകൾ, മാധ്യമങ്ങൾ, കോൾസെൻററുകൾ പ്രവഹിച്ച സന്ദേശങ്ങൾ ഏകോപിപ്പിക്കുന്ന ജോലിയായിരുന്നു ഐ.ടി.വകുപ്പ് ഏറ്റെടുത്തത്. ഓൺലൈൻ കോൾസെൻററുകളിൽ പ്രവർത്തിപ്പിച്ചിരുന്നവരിൽ നല്ലപങ്കും ഐ.ടി. പ്രൊഫഷണലുകളായിരുന്നു. ഇവിടെ ലഭിച്ച സന്ദേശങ്ങൾ രക്ഷാപ്രവർത്തകർക്ക് കൈമാറി. ഹാഷ് ടാഗുകൾ അടിസ്ഥാനമാക്കി സന്ദേശങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ലൊക്കേഷൻ ഇന്റലിജന്റ്സ് അടക്കമുള്ള ഭൗമസ്ഥാനനിർണയ മാർഗങ്ങൾ കണ്ടെത്തുന്ന സൊലൂഷൻ ടെക്നോപാർക്കിലെ സ്റ്റാർട്ടപ്പായ സ്ട്രാവ ടെക്നോളജി വികസിപ്പിച്ചെടുത്തിരുന്നു. ജിയോ ഇന്റലിജന്റ്സ് സംവിധാനമായ 'സൈബർ മങ്കി' എന്ന സമഗ്രവിവര വിശകലന സംവിധാനത്തിലൂടെ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദുരന്തനിവാരണ സേനയും സൈനികരും ഒട്ടേറെപ്പേരെ രക്ഷപ്പെടുത്തി. അഭ്യർഥനകളുടെ ആധികാരികത ഉറപ്പാക്കാൻ ഓൺലൈൻ കോൾസെൻററുകളുടെ സേവനം പ്രയോജനപ്പെടുത്തി. അങ്ങനെ വ്യാജസന്ദേശങ്ങൾ കണ്ടുപിടിച്ചു. സഹായാഭ്യർഥനകളും ഇത്തരത്തിൽ വേർതിരിച്ചെടുത്തു. ആവശ്യമുള്ള സാധനങ്ങൾ കണ്ടെത്താനും അല്ലാത്തവ ഒഴിവാക്കാനും ഇതുവഴി കഴിഞ്ഞു. ഓരോദിവസം കഴിയുന്തോറും പ്രളയബാധിത പ്രദേശങ്ങളിൽ വേണ്ട സാധനങ്ങളുടെ കണക്കെടുപ്പും ഇത്തരത്തിൽ നടത്തി. തിരുവനന്തപുരത്തടക്കമുള്ള കളക്ഷൻ സെൻററുകളിലും സംസ്ഥാനത്തെ മിക്ക ദുരിതാശ്വാസ ക്യാമ്പുകളിലും ഐ.ടി. പ്രൊഫഷണലുകൾ പ്രത്യക്ഷമായിത്തന്നെ രംഗത്തുണ്ടായിരുന്നു. എല്ലാ ഐ.ടി. പാർക്കുകളിലും ഇവരുടെ പ്രത്യേക കളക്ഷൻ സെൻററുകളും പ്രവർത്തിച്ചു. രക്ഷപ്പെടുത്തിയത് 50,000 പേരെ ജിയോ ഇന്റലിജന്റ്സ് സംവിധാനംവഴി 50,000-ത്തോളം പേരെ രക്ഷപ്പെടുത്താനായി. രക്ഷാപ്രവർത്തനത്തിനുശേഷം ദുരിതബാധിതർക്കുള്ള സാധനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കുന്നതിനാണ് സൈറ്റ് പ്രയോജനപ്പെടുത്തുന്നത്. ഒാരോ ക്യാമ്പിലും എന്ത് സാധനമാണെന്ന് കണ്ടെത്തി അത് അവിടെ എത്തിക്കാൻ സൈറ്റ് പ്രയോജനപ്പെടുത്തുന്നു - ശബരീഷ് കരുണാകരൻ, ഇ - ഗവേൺസ് മേധാവി
from mathrubhumi.latestnews.rssfeed https://ift.tt/2LhacQp
via
IFTTT
No comments:
Post a Comment