കൊടകര (തൃശ്ശൂർ): “ഞങ്ങൾക്ക് ഇത്തവണ ഓണക്കോടിയൊന്നും വേണ്ടമ്മേ...വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടമായവർക്ക് എന്തെങ്കിലും കൊടുക്കാം.” -മക്കളായ വിഷ്ണുദാസിന്റെയും വിഷ്ണുപ്രിയയുടെയും ഈ വാക്കുകളാണ് കൊടകരയിൽ ലോട്ടറിവിറ്റ് ജീവിക്കുന്ന ജയയെ ശനിയാഴ്ച തൃശ്ശൂർ മാതൃഭൂമി ഓഫീസിനു മുന്നിലെത്തിച്ചത്. ഒരു ചാക്ക് അരിയും നിത്യോപയോഗ സാധനങ്ങളുമായാണ് അവരെത്തിയത്, പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി മാതൃഭൂമി തുടങ്ങിയ 'കേരളത്തിനൊരു കൈത്താങ്ങിലേക്ക്' സഹായവുമായി. പത്താംക്ലാസുകാരായ മക്കളുടെ വാക്കുകേട്ട് ജയയും ഭർത്താവ് സുനിലും എന്തുവേണമെന്ന് കുറെ ആലോചിച്ചു. മാതൃഭൂമി പത്രത്തിലെ വാർത്ത അപ്പോഴാണ് ഓർത്തെടുത്തത്. പിന്നെയുള്ള ചിന്ത എന്ത് സഹായം എന്നായിരുന്നു. മക്കളുമായി സംസാരിച്ചു. ഒടുവിൽ ആ കുടുംബം ഒന്നായി തീരുമാനിച്ചു അരി കൊടുക്കാമെന്ന്, കൂടെ നിത്യവും ആവശ്യമുള്ള കുറച്ച് സാധനങ്ങളും. കൊടകര പള്ളിക്കുമുമ്പിൽ വാടകമുറിയിൽ ജയ ലോട്ടറി വിൽപ്പന തുടങ്ങിയിട്ട് ആറുവർഷമായി. രാവിലെ എട്ടുമുതൽ ഒമ്പതരവരെ തൃശ്ശൂർ പച്ചക്കറി മാർക്കറ്റിൽ വിൽപ്പന നടത്തും. ഇതിനുശേഷം ജയ കൊടകരയിലെ വാടകമുറിയിലേക്ക് പോകും. സുനിൽ കൊടകര ഓവർ ബ്രിഡ്ജിന് താഴെ ടിക്കറ്റ് വിൽക്കാനിരിക്കും. കൊടകര മരത്തോംപ്പിള്ളി ചെറുവത്തൂർചിറയിൽ മൂന്ന് സെന്റിൽ പഞ്ചായത്ത് നൽകിയ വീട്ടിലാണ് ഇവരുടെ ജീവിതം. കൊടകര ഗവ. ബോയ്സ് ഹൈസ്കൂളിലാണ് വിഷ്ണുദാസ്. വിഷ്ണുപ്രിയ ഡോൺ ബോസ്ക്കോയിലും. മക്കൾ രാവിലെ സ്കൂളിലേക്ക് പോകുന്നതിനുമുമ്പ് ജയയും സുനിലും വീട്ടിൽനിന്നിറങ്ങും. ആറ് മണിയോടെ ടിക്കറ്റ് വിൽപ്പന തുടങ്ങും. പിന്നെ മക്കളോടൊപ്പം വൈകീട്ട് ആറ് മണിയോടെ വീട്ടിലേക്ക് മടങ്ങും. കൽപ്പണിക്കാരനായിരുന്ന സുനിൽ വൃക്ക സംബന്ധമായ രോഗം ബാധിച്ചതിനാലാണ് നാലുവർഷം മുമ്പ് ലോട്ടറി ടിക്കറ്റ് വിൽപ്പനയിലേക്ക് തിരിഞ്ഞത്. കുടുംബം പുലർത്താൻ സുമയും ഒപ്പം കൂടി. 'ഒരു കൈ സഹായം' പദ്ധതിയിലൂടെ മുമ്പും ജയയും സുനിലും പഠിക്കാൻ നിർധനർക്ക് സഹായം ചെയ്തിട്ടുണ്ട്. 'കച്ചോടം കുറവാ, കിട്ടുന്നതിൽനിന്ന് നാല് വയറ് കഴിയണം. കുട്ടികളുടെ കാര്യങ്ങളും നോക്കണം. അധികമൊന്നും സഹായിക്കാൻ കഴിയില്ല, എന്നാലും ഞങ്ങളെക്കൊണ്ടാവുംവിധം...” ജയ പറഞ്ഞുനിർത്തി.
from mathrubhumi.latestnews.rssfeed https://ift.tt/2nxhhmq
via
IFTTT
No comments:
Post a Comment