കോഴിക്കോട്: നടിയെ ആക്രമിച്ച കേസിൽ കക്ഷിചേരാനുള്ള ‘അമ്മ’യുടെ നീക്കത്തിനുപിന്നിൽ രൂക്ഷമായ ചേരിപ്പോരും വാക്കുതർക്കവും. വിചാരണയ്ക്ക് വനിതാജഡ്ജിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് അമ്മ സർക്കാരിന് നല്കിയ കത്ത് പൂഴ്ത്തിയതുമുതൽ മോഹൻലാലിന്റെ രാജിഭീഷണിവരെ ചേരിപ്പോര് നീണ്ടു.തുടക്കം മുഖം രക്ഷിക്കലിൽ ജൂലായ് 10-ന് അമ്മ അധ്യക്ഷൻ മോഹൻലാലിന്റെ വാർത്താസമ്മേളനത്തിനുശേഷം നടന്ന കൂടിയാലോചനകളോടെയാണ് സംഭവങ്ങളുടെ തുടക്കം. നാലുനടിമാരുടെ രാജിയെത്തുടർന്നുണ്ടായ സംഭവവികാസങ്ങളിൽ ആകെ ഉലഞ്ഞുപോയ ‘അമ്മ’യുടെ മുഖംരക്ഷിക്കാൻ കൂടിയാലോചനകളിൽ ധാരണയായി.ഇനിയെങ്കിലും നടിക്കൊപ്പം നിന്നില്ലെങ്കിൽ സംഘടന തകർന്നടിയുമെന്നും സമൂഹത്തിൽ സിനിമാതാരങ്ങളുടെ പ്രതിച്ഛായ പാടേ മോശമാകുകയും ചെയ്യുമെന്ന ശക്തമായ അഭിപ്രായം മോഹൻലാൽ പങ്കുവെച്ചു. പുതിയ എക്സിക്യുട്ടീവ് കമ്മിറ്റിയിലെ ചില അംഗങ്ങളും നടിക്ക് അനുകൂലമായ നിലപാടെടുത്തു.കേസിൽ വനിതാജഡ്ജിയെ നിയമിക്കണമെന്നും വിചാരണ തൃശ്ശൂർക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സർക്കാരിന് നിവേദനം നല്കാൻ തീരുമാനിച്ചു. കത്ത് തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറാനുള്ള നടപടികളുമെടുത്തു. ഇതറിഞ്ഞ ദിലീപ് അനുകൂലവിഭാഗം സർക്കാരിൽ സ്വാധീനമുള്ള മുതിർന്ന ഭാരവാഹിയുടെ നേതൃത്വത്തിൽ രംഗത്തിറങ്ങി. കത്ത് മുഖ്യമന്ത്രിക്ക് മുമ്പാകെ എത്താതിരിക്കാനുള്ള നീക്കങ്ങളിൽ ഇദ്ദേഹംതന്നെ നേരിട്ടുപ്രവർത്തിച്ചതായാണ് അമ്മയിലെ അംഗങ്ങളിൽനിന്ന് കിട്ടുന്ന വിവരം.‘കുറ്റംചെയ്തിട്ടില്ലെങ്കിൽ പേടി എന്തിന്?’തന്റെ നേതൃത്വത്തിലെടുത്ത തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്നറിഞ്ഞ് മോഹൻലാൽ ക്ഷുഭിതനായി. രാജിവയ്ക്കാൻ പോകുകയാണെന്ന് പ്രഖ്യാപിച്ചു. ജനറൽസെക്രട്ടറി ഇടവേള ബാബുവിന്റെ നേതൃത്വത്തിൽ ഏറെ നേരത്തെ അനുനയനീക്കങ്ങൾക്കൊടുവിൽ മോഹൻലാൽ രാജി തീരുമാനത്തിൽനിന്ന് പിന്മാറി. ‘ഇയാൾ കുറ്റം ചെയ്തില്ലെങ്കിൽ എന്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്നും എല്ലാകാര്യങ്ങളിലും ഇടപെട്ട് അട്ടിമറിശ്രമങ്ങൾ നടത്തുന്നതെന്തിനെന്നും’ ദിലീപിനെ ഉദ്ദേശിച്ച് ലാൽ ഒരുഘട്ടത്തിൽ ചോദിക്കുകയും ചെയ്തു.പരാതി സർക്കാരിന് മുമ്പാകെ എത്തില്ലെന്ന് ഉറപ്പായതോടെ നടിയെ അനുകൂലിക്കുന്നവർ കോടതിയിൽ കക്ഷിചേരുന്നതിനുള്ള അപേക്ഷ കൊടുക്കാൻ തീരുമാനിച്ചു. മോഹൻലാലും ഇതിനെ പിന്തുണച്ചു. അദ്ദേഹത്തിന്റെ അനുമതിയോടെയാണ് എക്‌സിക്യുട്ടീവ് അംഗങ്ങളായ രചനാ നാരായണൻകുട്ടിയും ഹണി റോസും കക്ഷിചേരാൻ അപേക്ഷ നല്കിയത്. അഭിഭാഷക ബിരുദമുള്ള മറ്റൊരു എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ഇതിനുള്ള രേഖകൾ തയ്യാറാക്കി. ഇതിനിടെ ദിലീപ് മുതിർന്ന അഭിഭാഷകനായ മുകുൾ റോഹ്തഗിയുമായി ഡൽഹിയിൽ ചർച്ച നടത്തിയ വാർത്തകൾ പുറത്തുവന്നു. നടിക്കുവേണ്ടി കൂടുതൽ പരിചയസമ്പത്തുള്ള അഭിഭാഷകനെ നിയമിക്കണമെന്നത് കക്ഷിചേരൽ അപേക്ഷയിൽ ഉൾപ്പെടുത്തിയത് ഇതുമൂലമാണെന്ന് അപേക്ഷ തയ്യാറാക്കിയ നടൻ പറയുന്നു. അപേക്ഷയിൽ പലവിവരങ്ങളും ചേർത്തത് രചനയുടെയും ഹണിറോസിന്റെയും അനുമതിയില്ലാതെയാണെന്ന് ചില ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേക്കുറിച്ചുള്ള അവ്യക്തത മങ്ങിയിട്ടില്ല. ‘മാതൃഭൂമി’ സമീപിച്ചെങ്കിലും ഇരുവരും പ്രതികരിക്കാൻ തയ്യാറായില്ല. നടിയുടെ നിലപാട്ഇപ്പോഴുണ്ടായ സംഭവങ്ങളെയെല്ലാം ആക്രമിക്കപ്പെട്ട നടി സംശയത്തോടെയാണ് കാണുന്നത്. കക്ഷിചേരൽ അപേക്ഷയിൽ പോലും കുറ്റാരോപിതനായ നടന്റെ കൈകളുണ്ടെന്ന് അവർ കരുതുന്നു. ‘അമ്മ’യുടെ സഹായം വേണ്ടെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2nbJgrz
via
IFTTT
No comments:
Post a Comment