കേരളം പ്രളയബാധയിൽനിന്നു കരകയറുകയാണ്. രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി പുരോഗമിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ ഈ പ്രളയത്തിനു ശേഷം മറ്റു ചില പ്രളയങ്ങൾ കൂടിയെത്തും. വിവരങ്ങൾ അന്വേഷിച്ചെത്തുന്ന ഇന്ത്യയിലെയും വിദേശത്തെയും മാധ്യമപ്രവർത്തകർ, കുമിഞ്ഞുകൂടുന്ന ഭക്ഷണവസ്തുക്കൾ, സന്നദ്ധപ്രവർത്തകർ, ദുരന്തസ്ഥലം കാണാനെത്തുന്ന വിനോദസഞ്ചാരികൾ തുടങ്ങിയവയൊക്കെ ചേർന്നുണ്ടാക്കുന്ന പ്രളയങ്ങൾ. ഇവയെ നേരിടാനും സർക്കാർ സംവിധാനങ്ങൾ തയ്യാറെടുക്കേണ്ടതുണ്ട്. അതിനെ കുറിച്ച് മുരളി തുമ്മാരുകുടി ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കാം. ഇനി വരുന്ന പ്രളയങ്ങൾ കേരളത്തിലെ പ്രളയം പ്രതീക്ഷിച്ചതു പോലെ തീരുകയാണ്. മറ്റു ദുരന്തസ്ഥലങ്ങളിലെ അനുഭവങ്ങൾ വെച്ച് ഇനി കുറേ പ്രളയങ്ങൾ വരാനുണ്ട്. അതിനെ നേരിടാനും സർക്കാർ സംവിധാനം തയ്യാറെടുക്കണം. 1. ഇന്ത്യയിലെയും വിദേശത്തെയും മാധ്യമ പ്രവർത്തകരുടെ പ്രളയം. 2. നാട്ടിലേക്ക് അയക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെ ഉള്ള വസ്തുക്കളുടെ പ്രളയം. സുനാമിക്ക് ശേഷം കണ്ടെയ്നർ കണക്കിന് മരുന്നുകൾ കുഴിച്ചു മൂടേണ്ടി വന്നു. 3. നാട്ടിൽ എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്ന് കണ്ടുപിടിക്കാൻ ഇറങ്ങുന്ന നീഡ് അസ്സെസ്സ്മെന്റ് കാരുടെ പ്രളയം (യു എൻ, വിവിധ രാജ്യങ്ങളുടെ എയ്ഡ് ഏജൻസികൾ, അന്താരാഷ്ട്ര എൻ ജി ഒകൾ ഇവർക്കെല്ലാം ഫണ്ട് അയക്കണമെങ്കിൽ ഒരു നീഡ് അസ്സെസ്സ്മെന്റ് നടത്തണം. ചില രാജ്യങ്ങളിൽ പത്തിൽ കൂടുതൽ നീഡ് അസ്സെസ്സ്മെന്റുകൾ നടക്കും. ക്യാമ്പിൽ അപ്പിയിടാൻ ടോയ്ലറ്റ് ഇല്ലാതെ ഇരിക്കുന്ന ആളോട് പോയി പത്തു പ്രാവശ്യം എന്ത് ആവശ്യമാണ് നിങ്ങൾക്കുള്ളത് എന്ന് ചോദിക്കുന്നതിലെ ഔചിത്യമില്ലായ്മ ഉണ്ടല്ലോ). 4. സന്നദ്ധ പ്രവർത്തകരുടെ പ്രളയം- ഹെയ്ത്തിയിലെ ഭൂകമ്പത്തിന് ശേഷം ഒരാഴ്ചക്കകം ഞാൻ അവിടെ എത്തുമ്പോൾ ആയിരത്തി നാനൂറ് സന്നദ്ധ സംഘടനകൾ അവിടെ എത്തിക്കഴിഞ്ഞു. അവർക്ക് താമസിക്കാൻ സ്ഥലവും ഭക്ഷണവും അറേഞ്ച് ചെയ്യാൻ യു എൻ ഏറെ ബുദ്ധിമുട്ടി. ഞങ്ങൾ എന്താണ് ചെയ്യേണ്ടത് എന്ന് ഒരു പറ്റം ആളുകൾ എന്നോട് ചോദിച്ചു. നീ എന്താണ് ചെയ്യേണ്ടത് എന്ന് നിനക്കറിയില്ലെങ്കിൽ നീ എന്നോട് ചോദിക്ക്, ഞാൻ പറഞ്ഞു തരാം എന്ന പപ്പു ഡയലോഗ് മനസ്സിലോർത്ത് ഞാൻ പറഞ്ഞു മക്കൾ കയ്യിലുള്ള കാശ് മുഴുവൻ ഇവിടെ ലോക്കൽ സന്നദ്ധ പ്രവർത്തകരുടെ അടുത്ത് കൊടുത്തിട്ട് അടുത്ത വണ്ടിക്ക് സ്ഥലം വിട്ടോളൂ, അതാണ് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. 5. ഇപ്പൊ ശരിയാക്കുന്നവരുടെ പ്രളയം. ഈ രംഗത്ത് ഒരു പരിചയവും ഇല്ലെങ്കിലും ആത്മാർത്ഥത കാരണം ഓരോ പുതിയ ആശയങ്ങളുമായി വരുന്നവരുടെ സംഘം. 6. മയിലെണ്ണ കച്ചവടക്കാരുടെ പ്രളയം. ദുരന്ത കാലം തട്ടിപ്പുകാരുടെ ചാകരക്കാലം കൂടിയാണ്. ഉദാഹരണത്തിന് ദുരന്തകാലത്തെ മാലിന്യ നിർമ്മാർജ്ജനം വലിയ ഒരു പ്രശ്നമാണ്. ഇതിന് സർക്കാരിന്റെ കയ്യിൽ ഒരു സൊല്യൂഷനും ഇല്ല. അപ്പോൾ ഞങ്ങൾ നേപ്പാളിൽ ഇങ്ങനെ ശരിയാക്കി അല്ലെങ്കിൽ തായ്ലൻഡിൽ അങ്ങനെ ശരിയാക്കി എന്നൊക്കെ പറഞ്ഞു ഓരോരുത്തർ വരും. നമ്മൾ അറിയാതെ അതിൽ പോയി വീഴുകയും ചെയ്യും. 7. ദുരന്ത ടൂറിസ്റ്റുകളുടെ പ്രളയം. നാട്ടിൽനിന്നും മറുനാട്ടിൽനിന്നും ദുരന്തം കാണാൻ എത്തുന്നവരുടെ പ്രളയമായിരിക്കും കുറച്ചു കാലം. ഇങ്ങനെ വരുന്നവർക്കൊക്കെ അവരുടെ നില അനുസരിച്ചു മുഖ്യമന്ത്രി മുതൽ പഞ്ചായത്ത് മെമ്പർമാരെ വരെ കാണണമെന്ന് പറയും. ദുരന്തനിർവഹണത്തിന് ഉപയോഗിക്കേണ്ട പ്രധാനമായ സമയം അങ്ങനെ പോവുകയും ചെയ്യും. ഈ വരുന്ന സംഘങ്ങളിൽ പലരുടേയും സഹായം നമ്മുടെ പുനർനിർമ്മാണത്തിന് ആവശ്യമുണ്ട്. അതൊഴിവാക്കാൻ പറ്റില്ല. ഇവരെ മാനേജ് ചെയ്യാൻ തന്നെ ഒരു സംഘം നമുക്ക് സംസ്ഥാന തലം തൊട്ടു പഞ്ചായത്ത് തലം വരെ വേണം. നന്നായി ഭാഷ സംസാരിക്കാൻ അറിയാവുന്ന എക്സ്ട്രോവേർട്ട് ആയിട്ടുള്ള വോളണ്ടീയർമാരെ ഇതിൽ നിയമിക്കണം. (വലിയ ദുരന്തങ്ങൾ കണ്ടു പരിചയമില്ലാത്തവർക്ക് ഇതൊരു പ്രധാനമായ പോസ്റ്റല്ല എന്ന് തോന്നാം) മുരളി തുമ്മാരുകുടി (യു എൻ ദുരന്തലഘൂകരണം വിഭാഗം മേധാവിയാണ് ലേഖകൻ) content highlights:Flood situation in kerala
from mathrubhumi.latestnews.rssfeed https://ift.tt/2wdFbHE
via
IFTTT
No comments:
Post a Comment