മലപ്പുറം: ഇറച്ചിക്കോഴി വില്പനയിൽ വിലസ്ഥിരത ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച കേരള ചിക്കൻപദ്ധതി മലബാർ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നു. പദ്ധതിയുടെ നോഡൽ ഏജൻസികളിൽ ഒന്നായ വയനാട് ബ്രഹ്മഗിരി െഡവലപ്‌മെന്റ് സൊസൈറ്റിയാണ് ഇതിന് നേതൃത്വംനൽകുന്നത്. മലപ്പുറം, വയനാട്, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ കോഴിഫാം യൂണിറ്റുകളും വില്പന ഔട്ട്‌ലെറ്റുകളും ഉടൻ തുടങ്ങും. സഹകരണ കൃഷി മാതൃകയിലായിരിക്കും പ്രവർത്തനം. പദ്ധതിയുടെ ആദ്യപടിയായി അപേക്ഷിക്കുന്ന കർഷകരുടെ ഫാമുകൾ പരിശോധിച്ച് അംഗീകാരം നൽകും. ഇവർക്ക് കോഴിക്കുഞ്ഞുങ്ങൾ, തീറ്റ, മരുന്നുകൾ എന്നിവ നൽകും. നിലവിലുള്ള കർഷകരെയും വ്യാപാരികളെയും പദ്ധതിയിൽ അംഗങ്ങളാക്കും. ബ്രഹ്മഗിരിയുടെ പൊള്ളാച്ചിയിലെ ബ്രീഡർ ഫാമിൽനിന്ന് ഗുണനിലവാരമുള്ള കോഴിക്കുഞ്ഞുങ്ങളെ എത്തിക്കും. ബ്രഹ്മഗിരിയുടെ ഫാം സൂപ്പർവൈസറും വെറ്ററിനറി ഡോക്ടറും ഫാം സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകും. വളർച്ചയെത്തിയ കോഴി കിലോക്ക് 11 രൂപ നിരക്കിൽ വളർത്തുകൂലി നൽകി കർഷകരിൽനിന്ന് തിരിച്ചെടുക്കും. ഈ കോഴി കേരള ചിക്കൻ ഔട്ട്‌ലെറ്റുകളിൽ 87 രൂപയ്ക്ക് വിൽക്കും. വിപണിവില ഉയർന്നാലും ഔട്ട്‌ലെറ്റിൽ വില ഉയരില്ല. വിലകുറഞ്ഞാൽ സർക്കാർ സഹായത്തോടെ ബ്രഹ്മഗിരി രൂപവത്കരിക്കുന്ന വിലസ്ഥിരതാ നിധി ഉപയോഗിച്ച് വിലയിൽ കുറവു വരുത്തി ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. വളർത്തുകൂലിക്ക് പുറമെ ലാഭവിഹിതവും കർഷകന് ലഭിക്കും.ഔട്ട് ലെറ്റുകളിൽനിന്നുള്ള മാലിന്യങ്ങൾ ശേഖരിച്ച് ബ്രഹ്മഗിരിയിൽ എത്തിച്ച് വളമാക്കി മാറ്റും. പദ്ധതിയുടെ നടത്തിപ്പിനായി വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിൽ പൗൾട്രി ഫാർമേഴ്‌സ് ഫെഡറേഷനുകൾ രൂപവത്കരിക്കും. ഓഗസ്റ്റ് ആറിന് മലപ്പുറം കോട്ടക്കുന്ന് ഡി.ടി.പി.സി. ഹളിൽ നടക്കുന്ന ചടങ്ങ് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനംചെയ്യും. പി. ഉബൈദുല്ല എം.എൽ.എ. അധ്യക്ഷതവഹിക്കും. പത്രസമ്മേളനത്തിൽ കെപ്കോ മുൻ എം.ഡി. ഡോ. നൗഷാദ് അലി, കെ.പി.എഫ്.എ. സംസ്ഥാനസെക്രട്ടറി എ.പി. കാദറലി, കെ.ടി. ഉമ്മർ, സെയ്ത് മണലായ, ഹൈദർ ഉച്ചാരക്കടവ്, ടി. നാരായണൻ, ഹരിദാസ് എന്നിവർ പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2vbzgmE
via
IFTTT
No comments:
Post a Comment