കോട്ടയം: മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വ്യത്യസ്തരൂപത്തിൽ എത്തിക്കുന്നെന്ന് എക്സൈസ് കണ്ടെത്തി. കഴിഞ്ഞയാഴ്ച എക്സൈസ് റെയ്ഡ് നടത്തി ഇത്തരം ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ചിലതിൽ മയക്കുമരുന്ന് ചേർത്തിട്ടുണ്ടാകാമെന്നും സംശയിക്കുന്നു. അങ്ങനെ സംശയിക്കുന്നവ തിരുവനന്തപുരത്തെ രാസപരിശോധനാ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഫലം വന്നശേഷം നടപടികൾ ശക്തമാക്കും. അന്യസംസ്ഥാനങ്ങളിൽനിന്ന് വരുന്ന തൊഴിലാളികളിൽ ചിലരാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കൊണ്ടുവരുന്നത്. പൊടിയായും ഉരുളയായും ഇവയെത്തിക്കുന്നുണ്ട്. ചില കടകളിൽനിന്ന് മിഠായിയുടെയും പേനയുടെയും രൂപത്തിലുള്ളതും കിട്ടി. പേന രൂപത്തിലുള്ളത് വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് കൊണ്ടുവരുന്നതെന്നും വ്യക്തമായി. പശ്ചിമബംഗാളിൽനിന്ന് കേരളത്തിലേക്കു വന്ന ഷാലിമാർ എക്സ്പ്രസ് ട്രെയിൻ കഴിഞ്ഞ ദിവസം എക്സൈസും റെയിൽവേ സുരക്ഷാസേനയും ചേർന്ന് പരിശോധിച്ചപ്പോൾ പതിമൂന്നര കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചിരുന്നു. കോട്ടയത്തു നടത്തിയ പരിശോധനയിൽ ലഭിച്ച പന്തുരൂപത്തിലുള്ള ഉത്പന്നം മയക്കുമരുന്ന് ചേർത്തതാണോയെന്ന് സംശയിക്കുന്നു. ഒന്നരക്കിലോഗ്രാം തൂക്കമുള്ള ഈ ഉത്പന്നവും പരിശോധനയ്ക്ക് അയച്ചു. ഇതിൽനിന്ന് അല്പംചേർത്ത് മുറുക്കാനൊപ്പം ഉപയോഗിച്ചാൽ ലഹരി കിട്ടുമെന്നു പറയുന്നു. രണ്ടായിരത്തിലേറെ അന്യസംസ്ഥാന തൊഴിലാളികൾ ഷാലിമാർ എക്സ്പ്രസിൽ ഉണ്ടായിരുന്നു. ഇവരുടെയെല്ലാം ബാഗുകൾ പരിശോധിക്കുകയെന്നത് ശ്രമകരമായിരുന്നു. പരിശോധനകൾ തുടരുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. നിരോധിത പുകയില ഉത്പന്നങ്ങളും വ്യാജമദ്യവും എത്തുന്നത് തടയാൻ ലക്ഷ്യമിട്ട് എല്ലാ ജില്ലകളിലും എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം നടത്തിവരുകയാണ്. അതാതിടങ്ങളിലെ സാഹചര്യങ്ങൾ അവലോകനം ചെയ്ത് വേണ്ട മുന്നൊരുക്കങ്ങൾ നടത്തും. കോട്ടയത്ത് ഞായറാഴ്ചനടന്ന യോഗത്തിൽ ജോയിന്റ് കമ്മിഷണർ കെ.എ.ജോസഫ്, ഡെപ്യൂട്ടി കമ്മിഷണർ അബ്ദുൽകലാം എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2OvfaLe
via
IFTTT
No comments:
Post a Comment