കണ്ണൂർ: ബിവറേജസ് കോർപ്പറേഷനിലെ (ബെവ്കോ) എൽ.ഡി.സി. തസ്തികയിലേക്ക് പരീക്ഷയെഴുതി ഉദ്യോഗാർഥികൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് രണ്ടുവർഷം. സാധ്യതാപട്ടികപോലും ഇതുവരെ പി.എസ്.സി. പ്രസിദ്ധീകരിച്ചിട്ടില്ല. 315 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനാണ് പി.എസ്.സി. നടപടികൾ വൈകിപ്പിക്കുന്നതെന്നാണ് ഉദ്യോഗാർഥികളുടെ ആക്ഷേപം. പരീക്ഷയുടെ വിജ്ഞാപനം 2014-ലാണ് വന്നത്. പരീക്ഷ നടന്നത് രണ്ടുവർഷത്തിനുശേഷം 2016 ഒക്ടോബർ 22-ന്. ഒരുമാസത്തിനുശേഷം ചേർന്ന പി.എസ്.സി. യോഗം സാധ്യതാപട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിൽ 6,000 പേരെ ഉൾപ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. സംസ്ഥാനതലത്തിൽ നടത്തിയ പരീക്ഷയ്ക്ക് ആറരലക്ഷത്തോളംപേർ അപേക്ഷിച്ചിരുന്നു. 3,70,000 പേർ പരീക്ഷയെഴുതി. ഓഫീസ് അറ്റൻഡന്റ് ജോലിചെയ്യുന്ന താത്കാലിക ജീവനക്കാരെ ഉപയോഗിച്ച് ക്ലാർക്ക് ജോലികളും ചെയ്യിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നിലവിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ 375 താത്കാലിക ജീവനക്കാരാണുള്ളത്. താത്കാലികമായി 70 ലേബലിങ് വർക്കർ ജീവനക്കാരും ജോലിചെയ്യുന്നു. 2017, 2018 വർഷങ്ങളിൽ ആരെയും സ്ഥിരപ്പെടുത്തിയിട്ടില്ലെന്നാണ് വിവരാവകാശരേഖ പ്രകാരം ലഭിച്ച മറുപടി. എന്നാൽ, ഇക്കാലയളവിൽ താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയതായി ഉദ്യോഗാർഥികൾ പരാതിപ്പെടുന്നു. കോർപ്പറേഷന്റെ 19 വെയർഹൗസുകളിലായി മദ്യക്കുപ്പികളിൽ ലേബലൊട്ടിക്കുന്ന നാനൂറോളം താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതായാണ് ആക്ഷേപം. കോർപ്പറേഷന്റെ സർവീസ് നിയമപ്രകാരം ലേബലിങ് തൊഴിലാളിയെന്ന തസ്തിക ഇല്ലെന്ന മറുവാദത്തിലൂടെയാണ് സർക്കാർ ഈ നിയമനത്തെ സാധൂകരിച്ചത്. ഒ.എം.ആർ. മെഷീൻ തകരാറെന്ന് മറുപടി റാങ്ക് പട്ടിക വൈകുന്നതിനെ സംബന്ധിച്ച് പി.എസ്.സി. ഓഫീസിൽ ബന്ധപ്പെട്ടാൽ വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്ന് ഉദ്യോഗാർഥികൾ പരാതിപ്പെടുന്നു. ഒ.എം.ആർ. മെഷീൻ തകരാറാണെന്ന മറുപടി ലഭിച്ചെന്നും പറയുന്നു. ജനപ്രതിനിധികൾക്ക് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയുണ്ടാകുന്നില്ല. നിയമസഭയിൽ പ്രശ്നം ഉന്നയിച്ചപ്പോഴും നടപടികൾ പുരോഗമിക്കുന്നുവെന്ന മറുപടി മാത്രമാണ് കിട്ടുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2AJB0Ja
via
IFTTT
No comments:
Post a Comment