ചെന്നൈ: ഹൈക്കോടതി ജഡ്ജിയുടെ കാർ ഓവർടേക്ക് ചെയ്ത അഭിഭാഷക ദമ്പതികളെ വക്കീൽ വൃത്തിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഓവർടേക്ക് ചെയ്യുന്നതിനിടെ ജഡ്ജിയുടെ കാർഡ്രൈവറുമായി ഇവർ തർക്കത്തിലേർപ്പെടുകയും ചെയ്തിരുന്നു. അപമര്യാദയായി പെരുമാറിയതിന്റെ പേരിലാണ് ഇരുവർക്കും ബാർ കൗൺസിൽ താൽക്കാലിക വിലക്കേർപ്പെടുത്തിയത്. ജൂലൈ 30 നാണ് സംഭവം. തിരുമതി എൽ.ശിഖ സർമതനും കാറോടിച്ചിരുന്ന ഭർത്താവ് എസ്.ഷാഹുൽ ഹമീദിനുമെതിരെ മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തമിഴ്നാട് ബാർ കൗൺസിലാണ് സസ്പെൻഷൻ നടപടി കൈക്കൊണ്ടത്. രാജ്യത്തിനുള്ളിലെ കോടതികളിലോ ട്രിബ്യൂണലുകളിലോ പ്രാക്ടീസ് ചെയ്യുന്നത് നിരോധിച്ചു കൊണ്ടാണ് ഉത്തരവ് നൽകിയത്. നിയമവ്യവസ്ഥയേയും ന്യായാധിപൻമാരേയും ബഹുമാനിക്കാൻ സാധാരണ പൗരന്മാർക്ക് മാതൃകയാകേണ്ടവർ തന്നെ അതിനെതിരെ പ്രവർത്തിച്ചതു കൊണ്ടാണ് ഇത്തരത്തിലുള്ള നടപടിയെടുത്തതെന്ന് ബാർ കൗൺസിൽ അറിയിച്ചു. ഉത്തരവ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനാണ് അഭിഭാഷകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിശദീകരണം നൽകിയില്ലെങ്കിൽ അഡ്വക്കേറ്റ്സ് ആക്ട് അനുസരിച്ചുള്ള അന്വേഷണം നേരിടേണ്ടി വരുമെന്ന് കൗൺസിൽ അറിയിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2Mbp5cd
via
IFTTT
No comments:
Post a Comment