തിരുവനന്തപുരം: തുടർച്ചയായ രണ്ടാംദിവസവും മഴ കരുണ കാണിച്ചതോടെ കേരളം പ്രളയത്തിന്റെ പിടിയിൽനിന്ന് പതിയെ മോചനം നേടുന്നു. എന്നാൽ, പ്രളയക്കെടുതിയിലാണ്ട ചെങ്ങന്നൂരും കുട്ടനാടുമൊന്നും വെള്ളം പൂർണമായി ഇറങ്ങാതെ ദുരിതത്തിന്റെ ആഴം വ്യക്തമാവില്ല. ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർക്ക് എപ്പോൾ വീട്ടിലേക്കു മടങ്ങാനാകുമെന്നതും അവരുടെ ജീവിതം എത്ര കാലംകൊണ്ട് സാധാരണ നിലയിലേക്കെത്തുമെന്നതും ആശങ്ക ബാക്കിയാക്കുന്നു. 23 വരെ കാര്യമായ മഴ പെയ്യില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. രക്ഷാപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇനി ജനജീവിതം സാധാരണ നിലയിലാക്കാനാണ് സർക്കാരിന്റെ മുൻഗണന. പുനരധിവാസ പ്രവർത്തനങ്ങൾ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. * 3734 ദുരിതാശ്വാസ ക്യാന്പുകളിലായി എട്ടര ലക്ഷത്തോളം പേർ(8,46,680). ഞായറാഴ്ച 22,034 പേരെ രക്ഷപ്പെടുത്തി. റോഡുകൾ നശിച്ചതിൽ 4450 കോടി രൂപയുടെ പ്രാഥമിക നഷ്ടം. 221 പാലങ്ങൾ പ്രളയത്തിൽ പെട്ടു. ഇതിൽ 59 പാലങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. * ഞായറാഴ്ച മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 പേർ മരിച്ചു. ഇടുക്കിയിൽ ഒരു സ്ത്രീ വെള്ളത്തിൽ വീണു മരിച്ചു. ചെങ്ങന്നൂരിൽ കല്ലിശ്ശേരി മോഹനന്റെ മകൻ ശ്യാം മരിച്ചു. കുട്ടനാട്ടിൽ ഒരു രക്ഷാപ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി. എറണാകുളത്ത് അഞ്ചുപേർ മരിച്ചു. ഏലൂരിൽ പ്രളയത്തിൽപ്പെട്ട വീടിന്റെ അവസ്ഥ കണ്ട് വീട്ടുടമ ഹൃദയം തകർന്ന് മരിച്ചു. കഴിഞ്ഞദിവസം പള്ളിമേട തകർന്ന് കാണാതായവരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ കിട്ടി. രക്ഷാപ്രവർത്തനത്തിനിടെ കാണാതായ രണ്ടുപേരുടെ മൃതദേഹം കിട്ടി. കഴിഞ്ഞദിവസം എറണാകുളത്ത് ദുരിതാശ്വാസ ക്യാന്പുകളിൽ രണ്ടുപേർ കുഴഞ്ഞുവീണ് മരിച്ചിരുന്നു. പാലക്കാട് നെന്മാറയിൽ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെകൂടി മൃതദേഹം കിട്ടി. കോഴിക്കോട് ജില്ലയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ഒരാളുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തി. തൃശ്ശൂരിൽ അഞ്ചുപേരുടെ മരണംകൂടി സ്ഥിരീകരിച്ചു. * ചെങ്ങന്നൂരിൽ ഇരമല്ലിക്കര ഭാഗത്ത് ഒരുവീട്ടിൽ രണ്ടുപേർ മരിച്ചുകിടക്കുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. പലയിടത്തും മൃതദേഹങ്ങളുടെ മണമാണെന്നും പറയുന്നു. പാണ്ടനാട്, മംഗലം, ഇരമല്ലിക്കര, കല്ലിശ്ശേരി എന്നിവിടങ്ങളിലെല്ലാം മരണമുണ്ടായിട്ടുണ്ടെന്ന് രക്ഷാപ്രവർത്തകരും പറഞ്ഞു. പലയിടത്തും വെള്ളമിറങ്ങിയപ്പോൾ മൃതശരീരങ്ങൾ ഒഴുകി നടക്കുന്നുണ്ടെന്നാണ് ഇവർ പറയുന്നത്. ചെങ്ങന്നൂരെ കാറ്റിന് ഇപ്പോൾ അഴുകിയ ഗന്ധമാണ്. ആലപ്പുഴയിൽ പ്രളയത്തിൽപ്പെട്ട് 817 കാലികൾ ചത്തതായി ക്ഷീരവികസന വകുപ്പ്. ഇതിനൊപ്പം മറ്റു വളർത്തുമൃഗങ്ങളും വൻതോതിൽ ചത്തിട്ടുണ്ട്. * ആലുവയിലും ചാലക്കുടിയിലും കുട്ടനാട്ടിലും വെള്ളം താഴ്ന്നുതുടങ്ങി. ചെങ്ങന്നൂരിൽ ഒറ്റപ്പെട്ട വീടുകളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ശ്രമം തുടരുന്നു. പെരിയാറിൽ ജലനിരപ്പ് അഞ്ചടിയോളം താഴ്ന്നു. വെള്ളം ഇറങ്ങിത്തുടങ്ങിയ പ്രദേശങ്ങളിൽ ചെളി നിറഞ്ഞതിനാൽ പകർച്ചവ്യാധികൾ തലപൊക്കുമെന്ന ആശങ്കയുണ്ട്. * കുട്ടനാട്ടിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 97 ശതമാനം പേരെയും രക്ഷിച്ചതായി ആലപ്പുഴ ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു. ചെങ്ങന്നൂരിൽ പലരും വീടുവിട്ട് ദുരിതാശ്വാസ ക്യാന്പിലേക്ക് പോകാൻ തയ്യാറാകാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പത്തനംതിട്ടയിൽ ഞായറാഴ്ച മഴ മാറിനിന്നത് രക്ഷാപ്രവർത്തനത്തിന്റെ വേഗംകൂട്ടി. അപ്പർ കുട്ടനാട് പ്രദേശവും പന്തളവും മെല്ലെ കരകയറുന്നു. തിരുവല്ലയിൽ മാത്രം 56 ബോട്ടുകൾ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നു. * മഴ കുറഞ്ഞതോടെ എല്ലാ ജില്ലകളിലും റെഡ് അലർട്ട് പിൻവലിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്. * ചെങ്ങന്നൂർ, പാണ്ടനാട്, വെൺമണി മേഖലകളിൽ 5000 പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റവന്യൂ വകുപ്പിന്റെ കണക്ക്. * കോട്ടയം കുമരകം, തിരുവാർപ്പ്, വൈക്കം തുടങ്ങിയ പ്രദേശങ്ങൾ ഇപ്പോഴും വെള്ളപ്പൊക്കക്കെടുതിയിൽ. * കുട്ടനാട്ടിലെ എല്ലാ ആശുപത്രികളിലും വെള്ളം കയറി പ്രവർത്തനം മുടങ്ങി. ഇവിടത്തെ ഉപകരണങ്ങൾ നാശത്തിന്റെ വക്കിലാണ്. * ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രത്യേക സെൽ തുടങ്ങി. * നെടുന്പാശ്ശേരി വിമാനത്താവളം അടച്ചതിനാൽ തിങ്കളാഴ്ച മുതൽ കൊച്ചി നേവൽ ബേസ് വിമാനത്താവളത്തിൽ നിന്ന് കോയന്പത്തൂരിലേക്കും ബെംഗളൂരുവിലേക്കും താത്കാലിക വിമാനസർവീസ് ആരംഭിക്കും. * ഇടുക്കി ചെറുതോണി, മുല്ലപ്പെരിയാർ, എറണാകുളം ഇടമലയാർ, പത്തനംതിട്ട കക്കി തുടങ്ങിയ പ്രധാന അണക്കെട്ടുകളിൽ നിന്നെല്ലാം വെള്ളം പുറത്തേക്കൊഴുക്കുന്നതിന്റെ അളവ് കുറച്ചു. * ഇടുക്കി അണക്കെട്ടിൽ നേരിയ തോതിൽ വെള്ളം ഉയരുന്നുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2402.30 അടിയാണ് ജലനിരപ്പ്. * മുല്ലപ്പെരിയാറിൽ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ ജലനിരപ്പ് 140 അടിയിലെത്തി. * ഗതാഗതമാർഗങ്ങൾ പലതും പുനഃസ്ഥാപിച്ചു. കെ.എസ്.ആർ.ടി.സി.യുടെ ദീർഘദൂര ബസുകൾ 80 ശതമാനവും പുനരാരംഭിച്ചു. ബെംഗളൂരു, മൈസൂർ, കോയമ്പത്തൂർ, മൂകാംബിക, വോൾവോ, സ്കാനിയ ബസുകൾ തിങ്കളാഴ്ച ഓടിത്തുടങ്ങും. * ആലപ്പുഴയിൽ രക്ഷാപ്രവർത്തനത്തിന് സഹകരിക്കാത്ത നാല് ബോട്ടുടമകളെ മന്ത്രി ജി. സുധാകാരന്റെ നിർദേശപ്രകാരം അറസ്റ്റുചെയ്തു. * വയനാട്ടിൽ മഴയുടെ ശക്തി കുറഞ്ഞതോടെ പല പ്രദേശങ്ങളിലും വെള്ളമിറങ്ങിത്തുടങ്ങി. താഴ്ന്ന പ്രദേശങ്ങൾ മാത്രമാണ് ഇപ്പോൾ വെള്ളത്തിനടിയിലുള്ളത്. bbപുനരധിവാസത്തിന് സഹായിക്കാമെന്ന് യു.എൻ. bb: പ്രളയക്കെടുതിയിൽപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ കേരളത്തിന് ഐക്യരാഷ്ട്രസഭയുെട സഹായവാഗ്ദാനം. മുഖ്യമന്ത്രി പിണറായി വിജയനെ ഇന്ത്യയിലെ യു.എൻ. റസിഡന്റ് കമ്മിഷണർ അറിയിച്ചതാണിക്കാര്യം. കേരളം അനുവദിച്ചാൽ ഇവിടെയെത്തി പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാമെന്നും യു.എൻ. bbരാഷ്ട്രപതിയുടെ അഭിനന്ദനം bbപ്രളയ പ്രതിസന്ധിയെ ഒരുമയോടെ നേരിട്ട കേരളത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അഭിനന്ദനം. രക്ഷാപ്രവർത്തനത്തിന്റെ വിവരങ്ങൾ ഗവർണർ പി. സദാശിവത്തോടും മുഖ്യമന്ത്രി പിണറായി വിജയനോടും രാഷ്ട്രപതി ഫോണിൽ ചോദിച്ചറിഞ്ഞു. രാജ്യം കേരളജനതയ്ക്കൊപ്പമുണ്ടെന്ന് ഉറപ്പുനൽകി. ദുരന്തനിവാരണ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന സൈന്യം, ദുരന്തനിവാരണ സേന, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, യുവജനങ്ങൾ എന്നിവരുടെ പ്രതിബദ്ധതയെ രാഷ്ട്രപതി അഭിനന്ദിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2BqCDvl
via
IFTTT
No comments:
Post a Comment