ജീവനും വാർത്തയ്ക്കുമിടയിൽ... - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 18, 2018

ജീവനും വാർത്തയ്ക്കുമിടയിൽ...

പേടിയാൽ നിറം മങ്ങിയിരുന്നു എല്ലാ കണ്ണുകളും ഉറങ്ങാൻ കഴിയുന്ന ഏതാനും മണിക്കൂറുകൾക്കു ശേഷം ചുറ്റും കാണാൻ കഴിയുന്നതെല്ലാം പ്രളയമാണ്. ചെറുതോണി പട്ടണത്തെ തകർത്തെറിഞ്ഞ് ആർത്തലച്ച് പുഴ ഒഴുകുകയാണ്. ഓരോ മിനിറ്റിലും സൈറൺ മുഴക്കിപ്പോകുന്ന ആംബുലൻസുകളും പോലീസ് വാഹനങ്ങളും... അക്കരെ മലയിൽ മണ്ണിടിഞ്ഞു തകരുന്ന വീടുകൾ, സ്വപ്നങ്ങൾ. വാർത്തകൾ ഒരുപാടുണ്ട്. വാർത്താവിനിമയ സംവിധാനങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു. എഴുതിയ വാർത്തകൾ അയയ്ക്കാൻ കഴിയുന്നില്ല. പുതിയവ ശേഖരിക്കാനും. ഒരു മാധ്യമപ്രവർത്തകന്റെ ജീവിതത്തിലെ ഏറ്റവും നിസ്സഹായമായ ദിനങ്ങൾ... ഒട്ടും സുരക്ഷിതമല്ലെന്ന് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച ചെറുതോണി പട്ടണത്തിൽ നാലു ദിവസങ്ങൾക്കു മുമ്പേ എല്ലാവരെയും ഒഴിപ്പിച്ചു കഴിഞ്ഞിരുന്നു. മറ്റുവഴികളില്ലാതെ ടൗണിൽ തന്നെ കുടുങ്ങിയ 30 മാധ്യമപ്രവർത്തകരും ഏതാനും പോലീസ് ഉദ്യോഗസ്ഥരും സുരക്ഷിതമെന്ന് സ്വയം വിശ്വസിച്ച് രാത്രി കഴിയുന്നത് ചെറുതോണിയിലെ 'ഷിക്കാര' ടൂറിസ്റ്റു ഹോമിന്റെ റൂഫ് ടോപ്പിൽ. മകളെ ഇടുക്കി ജില്ലാ ആശുപത്രിയിൽ ഡോക്ടറാക്കി ജോലിയിൽ പ്രവേശിപ്പിച്ച ശേഷം നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്ന തിരുവനന്തപുരം സ്വദേശിയും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. ചെറുതോണി അണക്കെട്ടിൽനിന്ന് കുത്തിയൊഴുകിയെത്തുന്ന വെള്ളം ആദ്യം പതിക്കുന്നത് നേരിൽ കാണാം. നാലാം നിലയ്ക്കു മുകളിൽനിന്നാൽ ഇതുവരെ കാണാത്ത തരത്തിൽ ആർത്തുപെയ്യുന്ന മഴ അനുഭവിക്കാം. ഒപ്പമുള്ള പോലീസ് ഉദ്യോഗസ്ഥർ ജില്ലയിലെ ദുരിതവർത്തമാനങ്ങൾ അറിയിക്കുന്നുണ്ട്. പക്ഷേ, പുറംലോകത്തെ അറിയിക്കാൻ മാർഗങ്ങളില്ല. മൊബൈൽ ടവറുകളെല്ലാം പ്രവർത്തനരഹിതം. അപകട സാധ്യതയുള്ളതിനാൽ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. എല്ലാ റോഡുകളും താറുമാറായി. ഭക്ഷണസാധനങ്ങൾപോലും എത്തിക്കാൻ കഴിയാത്ത സ്ഥിതി. ഞങ്ങളുടെ നിസ്സഹായാവസ്ഥ കണ്ട് ചെറുതോണി വട്ടപ്പാറയിൽ ഒരു കുടുംബം സഹായവുമായെത്തി. പ്രളയകാലത്തിനായി കരുതിയ പരിമിതമായ ഭക്ഷ്യവസ്തുക്കൾ കൊണ്ട് അവർ ഞങ്ങൾക്കും ഭക്ഷണം നൽകി. മത്സരിച്ചുള്ള മാധ്യമപ്രവർത്തനവും ഇല്ലാത്ത ദിനങ്ങൾ. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് അറിയാത്ത അവസ്ഥ. ഭയത്തെ തോൽപ്പിക്കാൻ വല്ലപ്പോഴും പറയുന്ന ചെറുതമാശകൾ. ഇടുക്കി അണക്കെട്ടു തുറക്കുന്നത് വാർത്തയാക്കാൻ മാത്രമെത്തിയ പലരുടെയും കൈവശം ഏതാനും ദിവസങ്ങളിലേക്കുള്ള വസ്ത്രങ്ങൾ മാത്രമാണുണ്ടായിരുന്നത്. മഴ ഒന്നു കുറയുമ്പോൾ വാഹനവുമായി പുറത്തിറങ്ങും. അയയ്ക്കാൻ പറ്റിയില്ലെങ്കിലും വാർത്തകൾ ശേഖരിച്ച് വെക്കുന്നതിനായി ചെറുതോണിയിൽനിന്നും ചേലച്ചുവട്, ചുരുളി വഴി ലോവർ പെരിയാറുവരെയെത്തി ഒരുവേള. ഇതിനിടെ മണ്ണിടിച്ചിലിൽ ചത്ത പശുവും കൺമുന്നിൽ തകർന്നു വീഴുന്ന വീടുകളും നേരിൽ കണ്ടു. തിരികെ ചെറുതോണിയിലേക്ക് തന്നെ മടങ്ങുമ്പോൾ പലപ്പോഴും ഗതാഗതതടസ്സം നീക്കാൻ സ്വയം മുന്നിട്ടിറങ്ങി. അട്ടിക്കളമെത്തിയപ്പോൾ ഉരുൾപൊട്ടൽ നേരിൽക്കണ്ടു. ഭൂമിക്കടിയിൽനിന്ന് ചെളിവെള്ളവും കല്ലും കുത്തിയൊലിച്ചു പോകുന്നു. കല്ലും ചെളിയും കാറിന്റെ വശത്തുവന്നു തട്ടിനിന്നു. ജീവൻ നഷ്ടമായെന്നു കരുതിയ നിമിഷങ്ങൾ...പ്രകൃതിയുടെ മുന്നിൽ നാം എത്ര നിസ്സാരർ. നാട്ടുകാർ പറഞ്ഞതനുസരിച്ച് കാർ മാറ്റിയിട്ടു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വഴിയിലെ തടസ്സം നീക്കി മുന്നോട്ടു പോയപ്പോഴേക്കും ആദ്യം കാർ ഇട്ടിടത്ത് കല്ലുകൾ വന്നു പതിച്ചിരുന്നു. അവിടെനിന്ന് രക്ഷപ്പെട്ട് വാഴത്തോപ്പിലെത്തി. മാതൃഭൂമി മുൻ ലേഖകനും ഇപ്പോൾ വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷിജോ തടത്തിലിന്റെ വീട്ടിൽ അഭയം തേടി. പിറ്റേദിവസം രാവിലെ വീണ്ടും ചെറുതോണിയിൽ ഷിക്കാരയിലെ ടൂറിസ്റ്റ് ഹോമിലേക്ക്... റൂഫ് ടോപ്പിൽനിന്ന് താഴേക്കു നോക്കുമ്പോൾ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ മൃതദേഹങ്ങളുമായി ആംബുലൻസുകളും ജീപ്പുകളും പോകുന്നു. ഒടുവിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഷിക്കാര ടൂറിസ്റ്റ് ഹോമിൽനിന്ന് ആളുകളെ ഒഴിപ്പിക്കാൻ കളക്ടറുടെ ഉത്തരവ്. ടൗണിലെ മൺതിട്ട ഇടിയുന്നതിനാൽ ആ വഴി ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. നടന്നു പോകാൻ ശ്രമിച്ചെങ്കിലും പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞു. എത്രയും വേഗം സുരക്ഷിത സ്ഥലത്തേക്ക് മാറണം. നടക്കും വഴി പലരോടും ചോദിച്ചു. എല്ലാവർക്കും ഒരേ മറുപടി. ഇതിനുമുന്പ് ഇത്ര വലിയ മഴ പെയ്യുന്നത് കണ്ടിട്ടില്ല. ദൂരെ സ്ഥലങ്ങളിൽനിന്നു വരുന്നവർപോലും കാണുന്ന വഴിയിലൂടെ സഞ്ചരിച്ച് വീട് കണ്ടെത്താൻ ശ്രമിക്കുന്നു. പരസ്പരം വിളിക്കാൻ പോലും സാധിക്കുന്നില്ല. വെള്ളിയാഴ്ച രാവിലെ മഴ ചെറുതായി കുറഞ്ഞപ്പോൾ ചെറുതോണി ടൗണിലേക്കൊന്ന് ഇറങ്ങി. സെക്കൻഡിൽ 15 ലക്ഷം ലിറ്റർ വെള്ളം ഒഴുക്കിയപ്പോൾ പാലത്തിനോട് ചേർന്നുള്ള പല വ്യാപാര സ്ഥാപനങ്ങളും തകർന്നു. തകരാതെ പിടിച്ചു നിന്ന കടകളിൽനിന്ന് സാധനങ്ങൾ എടുത്തുമാറ്റാൻ ഒട്ടേറെപ്പേരെത്തി. അതൊക്കെ മാറ്റിത്തുടങ്ങിയപ്പോൾ വീണ്ടും മഴയെത്തി. ഒടുവിൽ ഉടമ താക്കോൽ ഏൽപ്പിച്ച ഷിക്കാര ടൂറിസ്റ്റ് ഹോമിന്റെ മുകളിലേക്കു തന്നെയെത്തി. ഉച്ചയോടെ മൊബൈലിൽ റേഞ്ച് വന്നപ്പോൾ പലരെയും വിളിച്ച് സുരക്ഷിതരാണെന്ന് അറിയിച്ചു. ചെറുതോണി അണക്കെട്ടിലെ വെള്ളം കുത്തിയൊലിച്ചു പോകുന്നത് കാണാം. എന്നാൽ ഒരു തുള്ളിവെള്ളംപോലും കുടിക്കാൻ ഇല്ല. ഇനി ഒന്നിൽനിന്നു തുടങ്ങണമെന്ന് ചെറുതോണി ടൗണിൽ കച്ചവടം ചെയ്യുന്ന ബിനു പറയുന്നു. 'എല്ലാം വെള്ളം കൊണ്ടുപോയി. എങ്ങനെയും വീട്ടിലേക്ക് എത്തണമെങ്കിൽ ഇനിയും ദിവസങ്ങൾ കഴിയണം' ചെറുതോണി-തൊടുപുഴ, കട്ടപ്പന-ചെറുതോണി, ചെറുതോണി-ചേലച്ചുവട്-വണ്ണപ്പുറം പാതകളിൽ ഗതാഗതം പൂർണമായി മുടങ്ങി. ഇതെല്ലാം ശരിയാക്കണമെങ്കിൽ ദിവസങ്ങൾ വേണ്ടിവരും. ഇത് എഴുതുമ്പോഴേക്കും ശക്തമായ മഴ വീണ്ടുമെത്തി. രാവിലെ കഞ്ഞിക്കുഴി വഴി തൊടുപുഴയ്ക്ക് പോകാൻ തീരുമാനമായി. അതിനാൽ വെള്ളിയാഴ്ച രാത്രി കൂടി ഷിക്കാരയിൽ താമസിക്കാൻ അധികൃതർ സമ്മതിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2L2eElS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages