തിരുവനന്തപുരം: വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 14,000 പേരെ സേനാവിഭാഗങ്ങൾ രക്ഷപ്പെടുത്തി. മറ്റുള്ളവരെ രക്ഷിക്കാൻ തീവ്രശ്രമം നടക്കുന്നതായി ദുരന്തനിവാരണ സെല്ലിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ അറിയിച്ചു.സേനാവിഭാഗങ്ങൾ രക്ഷിച്ചതിനേക്കാൾ അധികംപേരെ വള്ളങ്ങളിൽ കയറ്റി രക്ഷിച്ചിട്ടുണ്ട്. ഇപ്പോഴും വീടുകളുടെ ടെറസിലും പള്ളികളിലും ഹോസ്റ്റലുകളിലും ആളുകൾ കഴിയുന്നുണ്ട്. പത്തനംതിട്ടയിൽനിന്നുമാത്രം രക്ഷിച്ചത് 6050 പേരെയാണ്. അമ്പതിലധികം ബോട്ടുകൾ രക്ഷാപ്രവർത്തനം തുടരുകയാണ്. ആറൻമുള, കോഴഞ്ചേരി ഭാഗത്തുനിന്നാണ് കൂടുതൽപേരെ രക്ഷിച്ചത്. റാന്നിയിൽ വെള്ളം ഇറങ്ങിത്തുടങ്ങി. നിലവിൽ തിരുവല്ല ഭാഗത്താണ് വെള്ളം ഭീഷണിയുയർത്തുന്നത്. അപ്പർകുട്ടനാട്ടിൽ ജലനിരപ്പ് ഉയരുകയാണ്. പ്രളയബാധിത പ്രദേശങ്ങളിൽ സേനാവിഭാഗങ്ങളും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനം നടത്തുന്നു. ഹെലികോപ്റ്റർ വഴി നൽകുന്നതിനുപുറമേ, വള്ളങ്ങളിലും ബോട്ടുകളിലും ഭക്ഷണം എത്തിക്കുന്നത് പരിഗണനയിലാണ്. പ്രളയം സഹായാഭ്യർഥന: ആവർത്തനം ഒഴിവാക്കണം പ്രളയ ബാധിതപ്രദേശങ്ങളിൽ കുരുങ്ങിക്കിടക്കുന്നവരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പല നമ്പറുകളിലേക്കും വരുന്ന സഹായാഭ്യർഥനകൾ പലതും ആവർത്തനങ്ങളാണ്. രക്ഷപ്പെടുത്തിയവരുടെ വിവരങ്ങൾ വീണ്ടും എത്തുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. മെസേജുകൾ ഫോർവേഡ് ചെയ്യുന്നതിനുമുമ്പ് അവർ ഇപ്പോഴും കുടുങ്ങിക്കിടപ്പാണോ എന്ന് ഉറപ്പാക്കണം. പുതുതായി സഹായാഭ്യർഥന നടത്തുന്നവർ തീയതിയും സമയവും കൂടി സന്ദേശത്തിൽ ഉൾപ്പെടുത്തുക. എല്ലാ വിവരവും ചേർത്ത് ഒറ്റ സന്ദേശമായി അയയ്ക്കണം. വിവരങ്ങൾ മുറിച്ചുമുറിച്ച് അയയ്ക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും. കൃത്യമായ സ്ഥലവും അടയാളവും ജില്ലയും കുടുങ്ങിക്കിടക്കുന്നവരുടെ കൃത്യമായ എണ്ണവും അവരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ ഉണ്ടെങ്കിൽ അതും ഉൾപ്പെടുത്തണം. സ്കൂളിൽ ബാക്കിയുള്ള അരി ദുരിതാശ്വാസ ക്യാമ്പുകൾക്ക് സ്കൂളുകളിൽ ഈ മാസത്തെ ഇനിയുള്ള പ്രവൃത്തിദിനങ്ങൾക്ക് ആവശ്യമുള്ളതൊഴിച്ച് നീക്കിയിരിപ്പുള്ള അരി സ്കൂളുകളിൽതന്നെ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ തൊട്ടടുത്ത മറ്റു ക്യാമ്പുകളിലേക്കോ വിതരണം ചെയ്യാമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2w9XSff
via
IFTTT
No comments:
Post a Comment