ചെങ്ങന്നൂർ: തലങ്ങും വിലങ്ങും മൂളിപ്പായുന്ന ഹെലികോപ്റ്ററുകൾ. നിരത്തുകളിൽ സൈറൺ മുഴക്കി ചീറിപ്പായുന്ന സൈനിക, പോലീസ് വാഹനങ്ങൾ. പ്രളയത്തിൽ കുടുങ്ങിക്കിടക്കുന്നവരെ കരയ്ക്കെത്തിക്കാൻ നെട്ടോട്ടമോടുന്ന രക്ഷാപ്രവർത്തകർ. സഹായഹസ്തത്തിനായി ഉയരുന്ന രോദനങ്ങൾ. ചെങ്ങന്നൂർ ആരെയും പേടിപ്പിക്കും. മുമ്പൊരിക്കലും ഈ ദേശം ഇങ്ങനെ ഒരു അനുഭവത്തിലൂടെ കടന്നുപോയിട്ടുണ്ടാവില്ല. അപ്രതീക്ഷിതമായി ചീറിയെത്തിയ മലവെള്ളപ്പാച്ചിൽ എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചു. നിമിഷനേരംകൊണ്ട് പ്രതീക്ഷിച്ചതിനപ്പുറത്തേക്ക് ജലനിരപ്പുയർന്നതോടെ ജനം വിറങ്ങലിച്ചുപോയി. എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥ. വെള്ളം പൊങ്ങി വരുമ്പോഴും വീടുപേക്ഷിച്ച് പോകാൻ മടിച്ചവർ മണിക്കൂറുകൾക്കകംതന്നെ മരണത്തെ മുന്നിൽക്കാണുന്ന അവസ്ഥയിലെത്തി. പിന്നെ ഏതുവിധേനെയും കരയ്ക്കെത്താനുള്ള വ്യഗ്രത. സമയത്ത് സഹായം കിട്ടാതെ വരുമ്പോഴത്തെ അങ്കലാപ്പ് ഇതിനുപുറമേ. സഹായമെത്തിക്കാൻ ഉന്നതാധികാരികൾക്കുപോലും കഴിയാത്ത നിസ്സഹായതയും. നിലച്ചുപോയ വൈദ്യുതിബന്ധത്തിൽ സ്തംഭിച്ചുനിൽക്കുകയാണ് ഈ പ്രദേശം. ലോകത്തിന്റെ ഏതുകോണുമായും തത്സമയം സംവദിച്ചുകൊണ്ടിരുന്നവരുടെ മൊബൈൽ ഫോണുകൾ വൈദ്യുതികിട്ടാതെ നിലച്ചു. മൊബൈൽ ദാതാക്കളിൽ പലർക്കും സേവനം നൽകാനാവാതെ വന്നതോടെ നെറ്റ്വർക്കുകൾ ആകെ തകരാറിലായി. ഇതോടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള എല്ലാ ഇടപാടുകളും തടസ്സപ്പെട്ടു. ഓരോ വീടും ഒറ്റപ്പെട്ട അവസ്ഥയിലാണ്. വീടുകളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് അടുപ്പക്കാരെ ആരെയും ബന്ധപ്പെടാനാവാത്ത സ്ഥിതി. ഇതുമൂലം രക്ഷാപ്രവർത്തനവും ഉദ്ദേശിച്ചവിധം നടത്താനാവുന്നില്ല. പെട്രോൾ വിതരണവും പരിമിതമായതോടെ ഉള്ളിടത്ത് ആവശ്യക്കാരുടെ തള്ളലാണ്. ഇതിനിടെ, ആശ്വാസം പകരുന്നത് കൈമെയ് മറന്ന് ജാതിമതഭേദമില്ലാതെ സന്നദ്ധപ്രവർത്തനത്തിന് ഇറങ്ങിയിരിക്കുന്ന ചെറുപ്പക്കാരാണ്. ക്യാമ്പുകളിലും അല്ലാതെയും ഭക്ഷണസാധനമെത്തിക്കാൻ മത്സരബുദ്ധിയോടെ രംഗത്തുള്ളവർ ഒട്ടേറെയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2L3kd3x
via
IFTTT
No comments:
Post a Comment