മുല്ലപ്പെരിയാർ: തമിഴ്‌നാടിനെ കുറ്റപ്പെടുത്തി കേരളം സുപ്രീംകോടതിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 24, 2018

മുല്ലപ്പെരിയാർ: തമിഴ്‌നാടിനെ കുറ്റപ്പെടുത്തി കേരളം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിൽ നിർത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് ചെവിക്കൊണ്ടില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും പെട്ടെന്നു തുറന്നത് പ്രളയത്തിനു കാരണമായി. ജലനിരപ്പ് 136 അടിയായപ്പോൾത്തന്നെ കുറേശ്ശെയായി വെള്ളം തുറന്നുവിട്ടിരുന്നെങ്കിൽ ജനങ്ങളെ ഒഴിപ്പിക്കാൻ 24 മണിക്കൂർ കൂടി അധികമായി ലഭിക്കുമായിരുന്നുവെന്നും ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച കേസ് സുപ്രീംകോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് പെട്ടെന്ന് ഉയരാനുള്ള സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ അതീവജാഗ്രത പുലർത്തിയിരുന്നു. ഓഗസ്റ്റ് 14-നു പുലർച്ചെ നാലിനുതന്നെ ജലനിരപ്പ് 136 അടിയിൽ കൂടുതലായി. ഉച്ചയ്ക്ക് രണ്ടിന് 137 അടിയിലുമെത്തി. അതോടെ, അണക്കെട്ടിന്റെ താഴ്ന്നഭാഗങ്ങളിലുള്ളവരെ യുദ്ധകാലാടിസ്ഥാനത്തിൽ ഒഴിപ്പിച്ചുതുടങ്ങി. അതിനിടെ, തമിഴ്നാടിന്റെ ജലവിഭവ സെക്രട്ടറിയോടും മുല്ലപ്പെരിയാർ മേൽനോട്ടസമിതി ചെയർമാനോടും നിയന്ത്രിതമായി അണക്കെട്ട് തുറന്നുവിടാൻ സംസ്ഥാന ജലവിഭവ സെക്രട്ടറി ആവശ്യപ്പെട്ടു. പൂർണ സംഭരണശേഷിവരെ കാത്തുനിൽക്കരുതെന്നും മുന്നറിയിപ്പു നൽകി. ചുരുങ്ങിയപക്ഷം 139 അടിയിലെങ്കിലും ജലനിരപ്പ് നിർത്തണമെന്നും ആവശ്യപ്പെട്ടു. ജനങ്ങളെ ഒഴിപ്പിക്കാൻ ആവശ്യത്തിനു സമയം ലഭിക്കുന്നതിനുവേണ്ടിയായിരുന്നു അത്. എന്നാൽ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തമിഴ്നാടിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായില്ല. ഈസമയമെല്ലാം ജില്ലാഭരണകൂടം ഇടുക്കി അണക്കെട്ടിന്റെ താഴെയുള്ള പ്രദേശങ്ങളിൽനിന്ന് ജനങ്ങളെ അതിവേഗം ഒഴിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് ഓഗസ്റ്റ് 15-നു പുലർച്ചെ 2.40-ന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകളും പെട്ടെന്നു തുറന്നുവിട്ടത്. അതോടെ, മുല്ലപ്പെരിയാറിനു താഴെയുള്ള ഇടുക്കി അണക്കെട്ടും കേരളത്തിനു തുറന്നുവിടേണ്ടിവന്നത് പ്രളയത്തിന്റെ കാരണങ്ങളിലൊന്നാണ്. 2014 മുതൽ കേരളം ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ മേൽനോട്ടസമിതിയുടെ യോഗങ്ങളിൽ ഉന്നയിച്ചിരുന്നു. അതിനാൽ വെള്ളപ്പൊക്കം പോലുള്ള സാഹചര്യങ്ങളിൽ ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ മേൽനോട്ടസമിതിക്ക് തീരുമാനമെടുക്കാൻ അധികാരമുണ്ടായിരിക്കണം. മേൽനോട്ടസമിതിയിൽ കേന്ദ്ര ജല കമ്മിഷൻ ചെയർമാൻ അധ്യക്ഷനും ഇരു സംസ്ഥാനങ്ങളിലെയും സെക്രട്ടറിമാർ അംഗങ്ങളുമാകണം. മേൽനോട്ടസമിതിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന മാനേജ്മെന്റ് കമ്മിറ്റി വേണമെന്നും കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. മാനേജ്മെന്റ് കമ്മിറ്റിയിൽ കേന്ദ്ര ജല കമ്മിഷനിലെ ചീഫ് എൻജിനീയറോ സൂപ്രണ്ടിങ് എൻജിനീയറോ അധ്യക്ഷനും ഇരുസംസ്ഥാനങ്ങളിലെയും ചീഫ് എൻജിനീയറോ സൂപ്രണ്ടിങ് എൻജിനീയറോ അംഗങ്ങളുമാകണം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് തമിഴ്നാട് തുടർച്ചയായി നിരീക്ഷിക്കണമെന്നും ദുരന്ത നിവാരണ പദ്ധതി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി റസ്സൽ ജോയി നൽകിയ ഹർജിയാണ് സുപ്രീംകോടതിക്ക് മുമ്പാകെയുള്ളത്. അണക്കെട്ടിലെ ജലനിരപ്പ് ഘട്ടംഘട്ടമായി താഴ്ത്തുമെന്ന് കേന്ദ്ര സർക്കാർ ഈമാസം 17-ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. അണക്കെട്ടിൽനിന്ന് തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന കേരളത്തിന്റെ ആവശ്യം അവർ നിരാകരിച്ചിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2LmXiQP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages