തിരുവനന്തപുരം: വെള്ളത്താൽ ചുറ്റപ്പെട്ട വീടിനുമുകളിൽനിന്ന് ഒരു മാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞിനെ നെഞ്ചോടടക്കി ഇരുമ്പുകയറിൽ ഹെലിക്കോപ്റ്ററിലേക്ക് കയറുമ്പോൾ വിങ് കമാൻഡർ ബി. പ്രശാന്തിന്റെ മനസ്സിൽ നിറയെ തന്റെ ഒന്നരവയസ്സുള്ള കുഞ്ഞായിരുന്നു. ഒരു പ്രൊഫഷണലിന്റെ കരുത്തിനപ്പുറം ഒരു അച്ഛന്റെ കരുതലോടെയായിരുന്നു ആ ദൗത്യം. 40 മീറ്റർ ഉയരത്തിൽ ആകാശത്ത് നിലയുറപ്പിച്ച ഹെലിക്കോപ്റ്ററിലേക്ക് കൈക്കുഞ്ഞിനെ കയറ്റാൻ അമ്മ അനുവദിച്ചതും പ്രശാന്ത് എന്ന ആ 'അച്ഛന്റെ' വാക്കുകൾ വിശ്വസിച്ചായിരുന്നു. ഹെലിക്കോപ്റ്ററിൽനിന്ന് കയറിൽ തൂങ്ങിയിറങ്ങി നൂറോളംപേരെ രക്ഷിച്ച ഈ സൈനികന് ഈ പ്രളയക്കാഴ്ച ഹൃദയഭേദകമായിരുന്നു. തിരുവനന്തപുരം കാട്ടാക്കടയ്ക്കടുത്ത് കുറ്റിച്ചൽ സ്വദേശിയായ അദ്ദേഹം ഓഖി വീശിയടിച്ചപ്പോഴും ജീവൻ രക്ഷിക്കാനായി ഹെലിക്കോപ്റ്ററിൽ എത്തിയിരുന്നു. ആലുവയ്ക്കടുത്ത് രണ്ടാം നിലയോളം മുങ്ങിയ വീട്ടിൽനിന്ന് കുഞ്ഞിനെയും അമ്മയെയും ഉൾപ്പെടെ രക്ഷിക്കാനെത്തിയപ്പോൾ അമ്മ ആദ്യം വസമ്മതിച്ചു. പ്രശാന്തിന്റെ വാക്കുകൾ വിശ്വസിച്ചുമാത്രമാണ് അവർ ആദ്യം മുകളിലേക്കു തൂങ്ങിക്കയറിയത്. തൊട്ടുപിന്നാലെ പിഞ്ചുകുഞ്ഞിനെ നെഞ്ചോടുചേർത്ത് പ്രശാന്തും. കയർ ഉയർന്നുതുടങ്ങിയപ്പോൾ കുഞ്ഞ് അല്പം കരഞ്ഞു. പിന്നീട് കരച്ചിൽ നിർത്തി നെഞ്ചിൽ അള്ളിപ്പിടിച്ചുകിടന്നു. അപ്പോൾ തന്റെ കുഞ്ഞായിരുന്നു മനസ്സിലെന്ന് പ്രശാന്ത് ഓർക്കുന്നു. കുഞ്ഞിനെ ഹെലിക്കോപ്റ്ററിലിരുന്ന അമ്മയുടെ കൈകളിലേക്ക് ഏൽപ്പിക്കുമ്പോൾ അവരുടെ മുഖത്തുകണ്ട സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നും പ്രശാന്ത് ഓർമിക്കുന്നു. ഇത്തരത്തിൽ ചെറു പ്രായത്തിലുള്ള നാലു കുഞ്ഞുങ്ങൾ ഉൾപ്പടെ നൂറോളം പേരെയാണ് അദ്ദേഹം ജീവിതത്തിലേക്ക് വലിച്ചുകയറ്റിയത്. കൊട്ടാരംപോലുള്ള വീടുകൾക്കും മുന്തിയ ഇനം കാറുകൾക്കും മുകളിൽനിന്ന് ഒരല്പം ഭക്ഷണത്തിനായി തന്റെ നാട്ടുകാർ കൈയുയർത്തുന്ന കാഴ്ച ഹൃദയം പൊടിയുന്നതായിരുന്നു. കോയമ്പത്തൂരിനടുത്ത് സൂലൂരിലെ 610 ഗരുഡ് കമാൻഡിൽ പ്രവർത്തിക്കുന്ന അദ്ദേഹത്തിനൊപ്പം 'ബഡ്ഡി'യായി ഹെലിക്കോപ്റ്ററിൽ പ്രവർത്തിച്ചത് സുരീന്ദർ എന്ന ഉദ്യോഗസ്ഥനായിരുന്നു. ആലുവയ്ക്കടുത്ത് വീടിന്റെ ടെറസിൽനിന്ന് പതിനേഴംഗ കുടുംബത്തെയും ആലുവയിൽതന്നെ മറ്റൊരിടത്തുനിന്ന് 103 വയസ്സുകാരിയെയും കാലൊടിഞ്ഞ മറ്റൊരാളെയും രക്ഷിക്കുമ്പോൾ അവരുടെ കണ്ണുകളിൽക്കണ്ടത് പ്രാർഥന മാത്രമായിരുന്നെന്നും പ്രശാന്ത് പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2wh0Oqr
via
IFTTT
No comments:
Post a Comment