ഹരിപ്പാട്: സീനയുടെ കല്യാണം വ്യാഴാഴ്ചയാണ്. കുടുംബത്തോടെ പ്രളയത്തിൽപ്പെട്ടതിനാൽ മനസ്സമ്മതം മുടങ്ങി. എങ്കിലും വ്യാഴാഴ്ച സീനയ്ക്ക് നിജോ മിന്നുകെട്ടും. ബന്ധുക്കൾ എത്രപേർ ചടങ്ങിനുണ്ടാകുമെന്ന് അറിയില്ല. മിക്കവരും ദുരിതാശ്വാസക്യാമ്പുകളിലാണ്. തിരുവൻവണ്ടൂർ കോലത്തുശ്ശേരിൽ മാമൂട്ടിൽ എം.പി. വർഗീസിന്റെ ഇളയമകളാണ് സീന. സൗദിയിലെ ദമാമിൽ നഴ്സ്. സഹോദരി സിൻസിയും അവിടെ നഴ്സാണ്. വർഗീസും ഭാര്യ സാറാമ്മയും മരുമകൻ ബിപിനും ആറുമാസം പ്രായമുള്ള കുഞ്ഞ് ക്രിസയും ഇവർക്കൊപ്പം സൗദിയിലായിരുന്നു. കല്യാണത്തിനായി ദിവസങ്ങൾക്കുമുമ്പാണ് ഇവർ ഒന്നിച്ച് നാട്ടിലെത്തിയത്. കല്യാണപ്പൊന്നും മനസ്സമ്മതത്തിനുള്ള വസ്ത്രങ്ങളും വാങ്ങാൻ 15-ന് തിരുവല്ലയിൽ പോയി. വസ്ത്രങ്ങൾ വാങ്ങി. സ്വർണം തിരഞ്ഞെടുത്ത്് പണം നൽകി. വിവാഹമോതിരത്തിൽ വരന്റെ പേരെഴുതണം. അതുകൂടികഴിഞ്ഞ് അടുത്തദിവസം ആഭരണങ്ങൾ എടുത്തുകൊള്ളാമെന്നുപറഞ്ഞ് വീട്ടിലേക്ക് മടങ്ങി. പിറ്റേന്ന് പുലർന്നത് പെരുവെള്ളം കണ്ടുകൊണ്ടാണ്. പുറത്തിറങ്ങാനേ പറ്റിയില്ല. വീട്ടിൽ വെള്ളംനിറഞ്ഞപ്പോൾ അടുത്ത വീടിന്റെ മേൽക്കൂരയിൽ കയറിക്കൂടി. വൈദ്യുതി നിലച്ചു. മൊബൈൽഫോണുകൾ ഓഫായി. ശനിയാഴ്ച മനസ്സമ്മതം നടക്കേണ്ടിയിരുന്ന സെയ്ന്റ് ജോൺസ് കത്തോലിക്ക പള്ളി ഉൾപ്പെടെ മുങ്ങിപ്പോയി. വരന്റെ വീട്ടുകാരെ വിവരമറിയിക്കാൻ കഴിഞ്ഞില്ല. സുഹൃത്തിന്റെ പുത്തൻകാറ് വിവാഹാവശ്യത്തിനായി വാങ്ങിയിരുന്നു. അതും മുങ്ങിപ്പോയി. മനസ്സമ്മതത്തിന് നേരമായപ്പോൾ സീന വീട്ടുകാർക്ക് നടുവിൽ കരച്ചിലായിരുന്നു. പരസ്പരം ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴും മേൽക്കൂരയിലേക്ക് വെള്ളം ഉയരുന്നതിന്റെ ആധിയായിരുന്നു. ഒരു വീട്ടിൽ മൂന്നുപേർ മരിച്ചത് ഉൾപ്പെടെയുള്ള പ്രളയദുരന്തങ്ങൾ ഇവരുടെ നാട്ടിലായിരുന്നു. അയൽവീടുകളിലടക്കം ഒട്ടേറെപേരാണ് രണ്ടാം നിലയുടെ മുകളിൽ കയറിയിരുന്നത്. സൈന്യം നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ സീനയെയും കുടുംബത്തെയും ഞായറാഴ്ച ഉച്ചയോടെ എം.സി. റോഡിലെ പ്രാവിൻകൂടെത്തിച്ചു. വരന്റെ ചേപ്പാട്ടുള്ള വീട്ടിലേക്ക് വിളിച്ചത് രക്ഷകരുടെ ഫോണിൽനിന്നാണ്. വിവരമറിയാതെ വിഷമിച്ചിരുന്ന അവർ ഉടനെ ചേപ്പാടേക്കെത്താൻ പറഞ്ഞു. അടൂർ വരെ പോലീസ് ജീപ്പിൽ. വരൻ നിജോയുടെ ബന്ധുക്കൾ അടൂരിൽ കാറുമായെത്തി എല്ലാവരെയും കൂട്ടിക്കൊണ്ടുവന്നു. ഇതിനിടെ ചേപ്പാട്ടൊരു വാടകവീട് തരപ്പെടുത്തി. അവിടെയാണ് കുടുംബം ഇപ്പോൾ താമസിക്കുന്നത്. കല്യാണത്തിനുള്ള ഒരുക്കങ്ങൾ വെള്ളത്തിലായി. എല്ലാം ഒന്നിൽനിന്നു തുടങ്ങണമെന്ന് ചേപ്പാട് ക്രൈസ്റ്റ് കിങ് ഹയർസെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസക്യാമ്പിൽ പേരുകൊടുക്കുന്നതിനിടെ വർഗീസ് പറഞ്ഞു. വർഗീസിന്റെ മൂത്തമകൾക്കും കുടുംബത്തിനും 27-ന് സൗദിയിലേക്ക് മടങ്ങണം. വിവാഹം മാറ്റിവയ്ക്കാനും തരമില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2Pnglh3
via
IFTTT
No comments:
Post a Comment