കൽപ്പറ്റ: കനത്ത മഴ തുടരുന്ന വയനാട് വൈത്തിരിയിൽ ഉരുൾപൊട്ടി. വൈത്തിരി പോലീസ് സ്റ്റേഷന് സമീപമാണ് ഉരുൾപൊട്ടിയത്. ഇതിനെ തുടർന്ന് പോലീസ് സ്റ്റേഷൻ ഭാഗികമായി തകർന്നു. സ്റ്റേഷനുള്ളിൽ മണ്ണ് നിറഞ്ഞ് കിടക്കുകയാണ്. വൈത്തരിയിൽ തന്നെ ലക്ഷം വീട് കോളനിയിലെ മൂന്ന് വീടുകൾ പൂർണമായും തകർന്നു. ഏഴ് വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. മണ്ണ് ഇപ്പോഴും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരാൾ വീടിനുള്ളിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.. ജില്ലയിലെ മറ്റ് ഭാഗങ്ങളിലും വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്. ബാണാസുര സാഗർ ഡാമിന്റെ രണ്ട് ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്. ഡാമിന് താഴെയുള്ള പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്ക ഭീഷണിയാണ്. ജില്ലയിലാകമാനം 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. അതേസമയം താമരശേരി ഒമ്പതാം വളവിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. രണ്ട് ദിവസമെങ്കിലും കഴിയാതെ തടസ്സം നീക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ടുകൾ. യാത്രക്കാർ താമരശ്ശേരി ചുരത്തിൽ കുടുങ്ങി കിടക്കുകയാണ്. നേരത്തെ വയനാട്ടിലേക്കുള്ള കുറ്റ്യാടി ചുരവും പാൽ ചുരവും ഗതാഗതം തടസ്സപ്പെട്ടിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2OVviH2
via
IFTTT
No comments:
Post a Comment