തിരുവനന്തപുരം: പത്തനംതിട്ട, എറണാകുളം ജില്ലകളിൽ കുടുങ്ങിക്കിടക്കുന്ന പതിനായിരക്കണക്കിന് പേരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമം ശനിയാഴ്ച രാവിലെ ആരംഭിച്ചു. വെള്ളം ഉയർന്ന് ജനങ്ങൾ വീടുകളിൽ കുടുങ്ങിയിട്ട് 60 മണിക്കൂറോളമാകുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാകുന്നതായാണ് റിപ്പോർട്ട്. ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനത്തിന് 50 അംഗങ്ങളുള്ള നാവികസേനയെ രക്ഷാപ്രവർത്തനത്തിന് വിന്യസിച്ചിട്ടുണ്ട്. പാണ്ടനാട്, ചെങ്ങന്നൂർ നഗരം തുടങ്ങിയ മേഖലയിൽ രാവിലെ ആറു മണിയോടെ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ മേഖലയിൽ ബോട്ടുകൾ എത്തിക്കാൻ സാധിക്കാത്തത് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. കൊല്ലുകടവ് പാലത്തിനടുത്തുള്ള ചപ്പാത്തിൽ വെള്ളം കയറിയത് റോഡ് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഹെലികോപ്റ്റർ വഴിയുള്ള രക്ഷാപ്രവർത്തനമാണ് ഇവിടെ നടത്താൻ ശ്രമിക്കുന്നത്. ഇവിടേക്ക് നാല് ഹെലികോപ്റ്ററുകൾ കൂടി പുറപ്പെട്ടിട്ടുണ്ട്. വെള്ളം കയറി മൂന്നു ദിവസമായപ്പോഴും ചെങ്ങന്നൂർ, ആറന്മുള മേഖലകളിൽ പതിനായിരക്കണക്കിന് പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ പുറത്തെത്തിക്കാൻ സാധിക്കുന്നില്ലെന്നു മാത്രമല്ല, പലയിടത്തും ഭക്ഷണവും വെള്ളവുംപോലും എത്തിക്കാനും ഇതുവരെ സാധിച്ചിട്ടില്ല. പലരും വിശപ്പും ദാഹവും മൂലം തളർന്നവശരായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മരുന്ന് ആവശ്യമുള്ള രോഗികളും കുട്ടികളും കുടുങ്ങിക്കിടക്കുന്നവർക്കിടയിലുണ്ട്. വെള്ളത്തിനടിയിലായ കാലടി മുതലക്കടവ്. ഫോട്ടോ: എം.കെ.രാജശേഖരൻ. രാത്രിതന്നെ എൻഡിആർഎഫിന്റെ ബോട്ടുകൾ എത്തിയിട്ടുണ്ട്. ഉൾപ്രദേശങ്ങളിലെത്തി രക്ഷാപ്രവർത്തനം നടത്താൻ ഇത്തരം ബോട്ടുകളിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. മരങ്ങൾ കൂടുതലുള്ള പ്രദേശമായതിനാൽ ചെങ്ങന്നൂരിൽ ഹെലികോപ്റ്റർ വഴി രക്ഷാപ്രവർത്തനം നടത്തുന്നത് ദുഷ്കരമാണ്. വീടുകൾ കണ്ടെത്താനും ഹെലികോപ്റ്റർ താഴ്ത്താനും സാധിക്കില്ല. കൂടുതൽ ഹെലികോപ്റ്റർ എത്തിയാൽ ഭക്ഷണവും വെള്ളവുമെങ്കിലും എത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകർ. പമ്പയിലും അച്ചൻകോവിലാറിലും ജലനിരപ്പ് താഴുന്നതായാണ് വിവരം. എന്നാൽ റോഡുകൾ, തോടുകൾ തുടങ്ങിയവയിലൂടെയെല്ലാം ശക്തമായ ഒഴുക്കുള്ളത് ഉൾപ്രദേശങ്ങളിലേക്ക് എത്തിച്ചേരാൻ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പമ്പാനദി കുറുകെ കടക്കാൻ ഇരട്ട എഞ്ചിനുള്ള ബോട്ടുകളാണ് ആറന്മുളയിൽ എത്തിച്ചിരിക്കുന്നത്. കോയിപ്പുറം, പൂവത്തൂർ മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ഈ ബോട്ടുകൾ ഉപയോഗിക്കും. ആലുവയിലും രാവിലെതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് കൂടുതൽ ബോട്ടുകൾ എത്തിച്ചിട്ടുണ്ട്. പൂന്തുറ, വിഴിഞ്ഞം ഭാഗത്തുനിന്നുള്ള ബോട്ടുകളാണ് അത്തിയത്. നേവിയുടെ ഹെലികോപ്റ്ററുകളും രംഗത്തുണ്ട്. വേലിയിറക്കമായതിനാൽ വലിയതോതിൽ വെള്ളം ഇറങ്ങിയിട്ടുള്ളത് രക്ഷാപ്രവർത്തനത്തിന് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് കൂടുതലായി ഫൈബർ ബോട്ടുകളും യന്ത്രം ഘടിപ്പിച്ച വള്ളങ്ങളും രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നുണ്ട്. ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമവും നടന്നുവരുന്നു. എത്രപേരാണ് പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നതെന്ന കാര്യത്തിൽ വ്യക്തത ഇപ്പോഴുമില്ല. അങ്കമാലി, കാലടി, ചൊവ്വര, പെരുമ്പാവൂർ, മൂവാറ്റുപുഴ തുടങ്ങിയ മേഖലകളിലൊക്കെയായി പതിനായിരക്കണക്കിന് ആളുകൾ ഉള്ളതായാണ് വിവരം. പൂന്തുറ, വിഴഞ്ഞം ഭാഗത്തുനിന്നുള്ള മത്സ്യത്തൊഴിലാളികളുടെ സംഘം രക്ഷപ്രവർത്തനത്തിന് രംഗത്തുണ്ട്. ഒറ്റപ്പെട്ടുകിടക്കുന്ന, കുത്തൊഴുക്കുള്ള ഭാഗങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾക്കു മാത്രമേ ഇപ്പോൾ സാധിക്കുന്നുള്ളൂ എന്നതാണ് ഇപ്പോഴത്തെ സാഹചര്യം. അതേസമയം, ഇടുക്കി, ഇടമലയാർ ഡാമുകളിൽനിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. ഇടമലയാറിൽനിന്ന് 600 ക്യൂമെക്സ് വെള്ളമാണ് ഇപ്പോൾ ഒഴുക്കുന്നത്. ഇടുക്കി ഡാമിൽനിന്ന് 1100 ക്യൂമെക്സ് വെള്ളവും ഒഴുക്കുന്നു. ചാലക്കുടി പുഴയിലേക്കുള്ള ജലത്തിന്റെ ഒഴുക്ക് കുറഞ്ഞു. പെരിയാറിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞേക്കുമെന്നാണ് കരുതുന്നത്. Content Highlights:Kerala Flood; Chengannur, Aluva- Rescue operation underway
from mathrubhumi.latestnews.rssfeed https://ift.tt/2ONz7NJ
via
IFTTT
No comments:
Post a Comment