കൊച്ചി:സംസ്ഥാനം പ്രളയ ദുരിതത്തിലാഴ്ന്നതോടെ തോട്ടം മേഖലയുൾപ്പെടെയുള്ള കാർഷിക മേഖലയിൽ വ്യാപകമായ നഷ്ടം. കാർഷിക മേഖലയിൽ ഇതുവരെ ഏതാണ്ട് 875 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. 2,52,206 കർഷകരെയാണ് വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പ്രളയം ബാധിച്ചിരിക്കുന്നതെന്ന് കൃഷിവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മലപ്പുറം, പാലക്കാട്, ഇടുക്കി, തൃശ്ശൂർ, വയനാട്, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് കൂടുതൽ നഷ്ടം ഉണ്ടായിരിക്കുന്നത്. തോട്ടം മേഖലയിൽ മാത്രം 600 കോടി രൂപയ്ക്കും 700 കോടി രൂപയ്ക്കും ഇടയിലാണ് നഷ്ടം കണക്കാക്കുന്നത്. നെല്ല്, തെങ്ങ്, കശുവണ്ടി, വാഴ, മഞ്ഞൾ കൃഷികൾക്ക് പുറമെ തോട്ടം മേഖലയിലെ ഏലം, തേയില, കാപ്പി, റബ്ബർ കൃഷികളിലാണ് വ്യാപകമായ നഷ്ടം ഉണ്ടായിരിക്കുന്നത്. ഇടുക്കി, വയനാട്, മൂന്നാർ, നെല്ലിയാമ്പതി, വണ്ടിപ്പെരിയാർ തുടങ്ങിയ ഇടങ്ങളിലാണ് തോട്ടം മേഖലയിൽ കൂടുതൽ നഷ്ടം ഉണ്ടായിരിക്കുന്നത്. തേയിലയ്ക്ക് ഹെക്ടറിന് 180 കിലോഗ്രാമിന്റെ കുറവാണ് ഈ പാദത്തിലുള്ളത്. ഇത് വീണ്ടും വൻതോതിൽ ഇടിയുമെന്നാണ് വിലയിരുത്തൽ. 36,000 ഹെക്ടറിലാണ് സംസ്ഥാനത്ത് തേയില കൃഷി ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ റബ്ബർ ഉത്പാദനത്തിൽ 22 ശതമാനം ഇടിവ് ഉണ്ടായിരുന്നു. എന്നാൽ, 2018-19 സാമ്പത്തിക വർഷത്തിൽ ഉത്പാദനം 30 ശതമാനം ഉയരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അപ്രതീക്ഷിതമായി പ്രളയം എത്തിയതോടെ ഒക്ടോബർ വരെയുള്ള കാലയളവിൽ ഉത്പാദനം 33 ശതമാനം വരെ ഇടിഞ്ഞേക്കുമെന്നാണ് കണക്കാക്കുന്നത്. നിരവധി ചെറുകിട, ഇടത്തരം റബ്ബർ കർഷകരും പ്രളയക്കെടുതി മൂലം ദുരിതത്തിലായിരിക്കുകയാണ്. വയനാട് ജില്ലയിലെ കുറിച്യാമലയിൽ തോട്ടം മേഖലയിൽ 127 ഏക്കർ ഭൂമിയിലെ കൃഷി പൂർണമായും നശിച്ചു. എസ്റ്റേറ്റിലെ തേയില, തണൽ വൃക്ഷങ്ങൾ എന്നിവയെല്ലാമാണ് പ്രളയത്തിൽ ഒലിച്ചു പോയത്. വണ്ടിപ്പെരിയാറിൽ പെരിയാർപൊണ്ണിമാര എസ്റ്റേറ്റിൽ രണ്ടര ഏക്കറാണ് പൂർണമായും നശിച്ചത്. വയനാട്ടിലെ ഹാരിസൺസ് മലയാളത്തിന്റെ 30 ഏക്കറോളം ഭൂമിയും പൂർണമായും വെള്ളത്തിലായിട്ടുണ്ട്. കഴിഞ്ഞ വർഷം തോട്ടം മേഖലയിൽ 9,750 കോടി രൂപയുടെ ഉത്പാദനമാണ് നടന്നത്. എന്നാൽ പ്രളയം മൂലം തോട്ടം മേഖലയിലെ ഉത്പാദനം കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തുന്നത്. പ്രളയം മൂലം കഴിഞ്ഞയാഴ്ച വരെയുള്ള സംസ്ഥാനത്തിന്റെ നഷ്ടം 8,361 കോടി രൂപയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. തോട്ടം മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കും വിളകളുടെ വിലയിടിവും ഉത്പാദനച്ചെലവിലുണ്ടായ വർധനയും മൂലം പ്രതിസന്ധിയിൽ ആയിരുന്ന തോട്ടം മേഖലയെ കൂടുതൽ പ്രതിസന്ധികളിലേക്ക് തള്ളിവിട്ടിരിക്കുകയാണ് പ്രളയക്കെടുതികൾ. ഈ രംഗത്തെ ഇതുവരെയുള്ള നാശനഷ്ടങ്ങൾ 600 കോടി രൂപയ്ക്കും 700 കോടി രൂപയ്ക്കും ഇടയിലാണ്. ഈ മാസം അവസാനത്തോടു കൂടിയേ നാശ നഷ്ടങ്ങൾ കൃത്യമായി വിലയിരുത്താനാകൂ. -അജിത് ബാലകൃഷ്ണൻ സെക്രട്ടറി അസോസിയേഷൻ ഓഫ് പ്ലാന്റേഴ്സ് കേരള
from mathrubhumi.latestnews.rssfeed https://ift.tt/2nLCQzR
via
IFTTT
No comments:
Post a Comment