പൈനാവ്: മഴക്കെടുതിയുടെ ദുരിതം ഏറ്റവും രൂക്ഷമായി അനുഭവിക്കുന്ന ഇടുക്കി ജില്ല മറ്റ് സ്ഥലങ്ങളിൽ നിന്ന് ഒറ്റപ്പെടുന്നു. കനത്ത മഴക്ക് പുറമെ ഉരുൾപൊട്ടലാണ് ഇടുക്കിയുടെ സ്ഥിതി രൂക്ഷമാക്കിയത്. മറ്റ് പല ജില്ലകളിലും മഴക്ക് നേരിയ കുറവുണ്ടെങ്കിലും ഇടുക്കിയിൽ ഇപ്പോഴും കനത്ത മഴ പെയ്യുകയാണ്. ജില്ലയിൽ പലയിടത്തും വൈദ്യുതി നിലച്ചിട്ട് 24 മണിക്കൂർ കഴിഞ്ഞു. ഫോൺ സംവിധാനങ്ങളും പല സ്ഥലത്തും തകരാറിലായിക്കഴിഞ്ഞു. എല്ലാ പ്രധാന റോഡുകളിലും ഗതാഗതം നിലച്ച അവസ്ഥയാണ്. ഇടുക്കി വനത്തിനുള്ളിൽ വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്. ജില്ലയിലെ വാർത്താ വിനിമയ സംവിധാനങ്ങളും തകരാറിലാണ്. കട്ടപ്പന, മൂന്നാർ, പീരുമേട്, നെടുങ്കണ്ടം, കുമളി എന്നിവിടങ്ങളിൽ ഫോൺ സംവിധാനം പൂർണമായും തകർന്നു. ഇത് ശരിയാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. വാർത്താ വിനിമയ സംവിധാനങ്ങളുടെ അഭാവമാണ് രക്ഷാ പ്രവർത്തനം ദുഷ്കരമാക്കുന്നത്. ഗതാഗതം തടസ്സപ്പെട്ടതിനാൽ പോട്രോൾ പമ്പുകളിൽ ഇന്ധനവും ലഭിക്കാത്ത സ്ഥിതിയാണ്. നൂറുകണക്കിന് ആളുകളാണ് പലയിടങ്ങളിലായി കുടുങ്ങി കിടക്കുന്നത്. മൂന്നാറിലാണ് ഏറ്റവും ഗുരുതരമായ സ്ഥിതിയുള്ളത്. മൂന്നാറിൽ ഇപ്പോഴും നിരവധി വിനോദ സഞ്ചാരികൾ കുടുങ്ങി കിടക്കുന്നുണ്ട്. പലയിടങ്ങളിലും ഇപ്പോഴും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നുണ്ട്. അതേസമയം ഇടുക്കി അണക്കെട്ടിൽ നിന്ന് കൂടുതൽ ജലം ഇന്ന് തുറന്നുവിടില്ല. ജലനിരപ്പ് 2403 അടിയിൽ എത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ മാറ്റമുണ്ടാവുകയുള്ളു. നിലവിൽ 2402.35 അടിയാണ് ജലനിരപ്പ്. ജില്ലയിൽ 24 ആളുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്. മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ ജില്ലയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്നാണ് സർക്കാർ നിർദേശം.
from mathrubhumi.latestnews.rssfeed https://ift.tt/2MjcrrU
via
IFTTT
No comments:
Post a Comment