എത്രപേർ മരിച്ചിട്ടുണ്ടാകും എന്നതിന് കൃത്യമായ കണക്കില്ല. എത്ര ദുരിതാശ്വാസ ക്യാമ്പുകൾ ഉണ്ടെന്നോ അവിടെ എത്രപേർ തങ്ങിയിട്ടുണ്ടെന്നോ ആധികാരികവിവരങ്ങളില്ല. രക്ഷാപ്രവർത്തനം സംബന്ധിച്ചുപോലും വേണ്ടത്ര വ്യക്തതയില്ല. ആരുടെയും കുറ്റമല്ല. അത്രയ്ക്കുണ്ട് പ്രളയ ഭീകരത. അഞ്ചുദിവസത്തെ വെള്ളപ്പൊക്കത്തിനു നേരിയ ശമനമെന്നതാണ് ആശ്വാസ വാർത്ത. പമ്പയിൽ ജലനിരപ്പ് മൂന്നടിയോളം താഴ്ന്നു. അപ്പോഴേക്കും അച്ചൻകോവിലാറ്റിൽ ജലനിരപ്പുയർന്നു. അതും ചെങ്ങന്നൂരിനെ ഉലച്ചു. ആലാ, പെണ്ണുക്കര, വെൺമണി, ചെറിയനാട് തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. ഇതിനകം അനേകർ മരിച്ചുവെന്നും അത്യാസന്ന നിലയിലാണെന്നുമാണ് വാർത്തകൾ. ഈ വിവരങ്ങൾ സ്ഥീരീകരിക്കാനാവാതെ അധികാരികൾ. ഇനിയും വിവിധ ഭാഗങ്ങളിലായി 5000-ൽ അധികം പേരെയെങ്കിലും രക്ഷപ്പെടുത്താനുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിൽ അടിയന്തര പ്രാധാന്യമർഹിക്കുന്നത് ഇടനാട്, പാണ്ടനാട്, ഇരമല്ലിക്കര, വനവാതുക്കര, മംഗലം, പുന്തല, മാന്നാറിന്റെ പടിഞ്ഞാറൻ പ്രദേശം, ചെന്നിത്തല എന്നിവിടങ്ങളാണ്. പുരപ്പുറത്തും മട്ടുപ്പാവിലും മൂന്നും നാലും ദിവസങ്ങളായി കയറി നിൽക്കുന്നവരെ ഒഴിപ്പിക്കാനാവുന്നില്ലെന്നതു മാത്രമല്ല, ഇവർക്ക് വിശപ്പിന് ഭക്ഷണമോ കുടിക്കാൻ വെള്ളമോപോലും എത്തിക്കാനാവുന്നില്ല. ഹെലികോപ്റ്ററിൽ 1500 ടൺ ഭക്ഷണപാക്കറ്റുകൾ വിതരണം ചെയ്തെന്ന് പോലീസ് പറഞ്ഞു. ഇടനാട്, മാന്നാർ തുടങ്ങി വിവിധ ഭാഗങ്ങളിൽ ഇതു കിട്ടിയില്ലെന്ന ആക്ഷേപവുമുയർന്നു. ഭക്ഷണത്തിനും കുടിവെള്ളത്തിനുമാണ് ക്ഷാമം. വ്യാപാരസ്ഥാപനങ്ങളിൽ സംഭരിച്ചവ വിറ്റുതീർന്നു. ഗതാഗതം നിലച്ചിരിക്കുന്നതിനാൽ പുതുതായി സ്റ്റോക്ക് എത്തുന്നുമില്ല. തുടക്കത്തിലേ രക്ഷാപ്രവർത്തനം താളംതെറ്റി. ഏകോപനമാണ് പാളിയത്. ശനിയാഴ്ച ആയപ്പോഴേക്കും നൂറംഗ സൈന്യത്തിന് പുറമേ ദേശീയ ദുരന്ത നിവാരണസേനയും ഐ.ടി.ബി.പി.യും നൂറ്റമ്പതോളം മത്സ്യത്തൊഴിലളികളും രംഗത്തെത്തിയിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കിടക്കുന്നവരെ രക്ഷിക്കാൻ താണുപറന്നെത്തിയ ഹെലികോപ്റ്ററുകളിൽ കയറാൻ ഇടനാട് ഭാഗങ്ങളിലുള്ളവർ വിസമ്മതിച്ചതായാണ് അധികൃതർ പറയുന്നത്. വെള്ളം ഇറങ്ങിത്തുടങ്ങിയതിനാൽ വീടു വിട്ടുപോരാൻ അവർ വിസമ്മതിക്കുന്നു. ഭക്ഷണം എത്തിച്ചാൽ മതിയെന്നാണ് അവർ പറഞ്ഞതത്രേ. ഇന്നത്തെ നിലയിൽ വെള്ളമിറങ്ങിത്തുടങ്ങിയാൽ സാധാരണനിലയിലെത്താൻ രണ്ടാഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരും. അപ്പോഴത്തെ പ്രധാന ആവശ്യം ചികിത്സയും മരുന്നുമായിരിക്കും. ശനിയാഴ്ച 1700 പേരെ രക്ഷപ്പെടുത്തിയതായി ജില്ലാപോലീസ് സൂപ്രണ്ട് എസ്. സുരേന്ദ്രൻ പറഞ്ഞു. അപകടാവസ്ഥയിലുള്ള 75 ശതമാനം പേരെ രക്ഷപ്പെടുത്തി. കുടുങ്ങിക്കിടക്കുന്ന 95 ശതമാനം പേർക്കും വ്യോമസേന ഹെലികോപ്റ്റർ വഴി ഭക്ഷണം വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു. ഏഴ് ഹെലികോപ്റ്ററുകളും 125 ബോട്ടുകളുമാണ് രക്ഷാപ്രവർത്തനത്തിനുള്ളത്. പരിഭ്രമിക്കേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2vUM7Kb
via
IFTTT
No comments:
Post a Comment