നാലാംനാൾ അവർ കരകണ്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 19, 2018

നാലാംനാൾ അവർ കരകണ്ടു

കൊച്ചി: വെള്ളപ്പൊക്കം ദുരിതമൊഴുക്കിയ വരാപ്പുഴയിലെ തിരുമുപ്പത്തെ റോഡരിക് ഒരു കടവായി. ദൂരെ വീടുകളിൽ കുടുങ്ങിയവരെ കൊച്ചുവള്ളത്തിൽ അവിടെക്കൊണ്ടിറക്കുന്നു. കഷ്ടിച്ച് നാലുപേർക്കു മാത്രമേ അതിൽ കയറാനാകൂ. മഴ തകർത്തുപെയ്യുകയാണ് അപ്പോഴും. കടവിലടുത്ത വള്ളത്തിൽനിന്ന് താഴേതിൽ പുത്തൻവീട്ടിൽ മേരി വർഗീസും കുടുംബവും ഇറങ്ങി. നാലു ദിവസമായി ഒളനാടുള്ള വീട്ടിൽ കുടുങ്ങിക്കിടപ്പായിരുന്നു അവർ. എത്രവലിയ വെള്ളപ്പൊക്കം വന്നാലും ബാധിക്കില്ലെന്നൊരു വിശ്വാസമായിരുന്നു. അതുകൊണ്ട് അവിടെത്തന്നെ കഴിഞ്ഞു. ശനിയാഴ്ച രക്ഷാപ്രവർത്തകരെത്തി വള്ളത്തിൽ ഇടപ്പള്ളി-പറവൂർ റോഡിലെത്തിക്കുമ്പോൾ തണുപ്പുകൊണ്ട് വിറക്കുകയായിരുന്നു മേരി. കരയെത്തിയതിന്റെ ആശ്വാസമല്ല, മറിച്ച് സങ്കടവും പരിഭ്രമവുമായിരുന്നു ആ മുഖത്ത്. ആശ്വസിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവർ പറഞ്ഞു: ''അവിടെ ഇനിയുമുണ്ട് ആളുകൾ. എങ്ങനെ പുറത്തുവരും. ഇങ്ങനെയൊന്ന് കണ്ടിട്ടില്ല. വീട്ടിൽ മകനുണ്ട്. ഒരപകടത്തിൽപ്പെട്ട് നട്ടെല്ലിനു ക്ഷതംപറ്റി വീട്ടിൽ കിടപ്പാണ്. അവിടെ വേറെയും വീടുകളിൽ ആളുണ്ട്. വെള്ളമില്ല. ആഹാരമില്ല...'' അവരെ ഇറക്കിയ വള്ളം മറ്റുള്ളവരെ കൊണ്ടുവരാൻ ഒളനാട്ടേക്കു പോയി. എങ്ങനെ ഈ നാലുദിവസം പിടിച്ചുനിന്നെന്ന ചോദ്യത്തിന് അവർ പറഞ്ഞു: ''കുറച്ച് അരിയുണ്ടായിരുന്നതുകൊണ്ട് കഞ്ഞിവച്ചു കുടിച്ചു. ഒടുവിലിപ്പോൾ അതും തീർന്നു.'' പ്രിയപ്പെട്ടവർ ഇപ്പോഴും അകലെത്തന്നെ : ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ് പതിനായിരങ്ങൾ. ആഹാരവും കുടിവെള്ളവുമില്ല. കൊച്ചിയിൽനിന്ന് വരാപ്പുഴയിലേക്ക് പോകുമ്പോൾ കാണുന്നവർക്കെല്ലാം പറയാനുള്ളത് അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതനകളെക്കുറിച്ചാണ്. റോഡിൽ വാഹനങ്ങൾ കുറവാണ്. രാപകൽ തിരക്കേറിയ ഇടപ്പള്ളി ജങ്ഷനിൽ വണ്ടിയും ആളും കുറവ്. താഴെ പൂർണമായും മുങ്ങിയ വീടുകൾ. കൂനമ്മാവിലെത്തിയപ്പോൾ പുത്തൻപള്ളിയിലെ അനിലിനെ കണ്ടു. അദ്ദേഹത്തിന്റെ ഭാര്യ നാലുമാസം ഗർഭിണിയാണ്. കുറച്ചു വെള്ളമുയർന്നപ്പോൾ മുൻകരുതലെന്ന നിലയിൽ കഴിഞ്ഞദിവസം ചെറായിയിലെ ബന്ധുവീട്ടിലാക്കി. ഇപ്പോൾ അവിടെ വെള്ളമായി. അവിടേക്ക് പോകാൻ പറ്റുന്നില്ല. കല്യാണം കഴിഞ്ഞ് 14 വർഷത്തിനുശേഷം ഗർഭിണിയായതാണ്... ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. വണ്ടിയുണ്ട്, നിറയെ ഡീസലും കൈയിൽ പൈസയുമുണ്ട്... പക്ഷേ, അവളെ ഒന്നു കാണാൻ പറ്റുന്നില്ല.''- ഇത്രയും പറയുമ്പോഴേക്കും കണ്ണുകൾ നിറഞ്ഞു. ആഹാരമില്ലാതെ അനേകമാളുകൾ : ഇടപ്പള്ളി-പറവൂർ റോഡിൽ ഇരുവശത്തും വെള്ളമാണ്. ഇരുനിലവീടുകൾ പോലും മുങ്ങിക്കിടക്കുന്നു. ആകെയുള്ള ഉയർന്നസ്ഥലം റോഡാണ്. ദുരിതാശ്വാസക്യാമ്പുകളിലായ ആളുകളുടെ കന്നുകാലികളെ മുഴുവൻ റോഡരികിൽ കെട്ടിയിരിക്കുന്നു. പുത്തൻപള്ളിയിലും കൊങ്ങോർപ്പള്ളിയിലും നാലുദിവസമായി കുടുങ്ങിക്കിടക്കുന്നവരെ വള്ളത്തിൽ വരാപ്പുഴയിലെ റോഡിലേക്കു കൊണ്ടുവരികയാണ്. ആരൊക്കെയോ അവിടെ ആഹാരവുമായി വന്നു. മഴ വീണ്ടുമെത്തി. ആഹാരസാധനങ്ങൾ നനയാതിരിക്കാൻ റോഡരികിൽ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് കൂടാരമുണ്ടാക്കി. വള്ളത്തിൽ വന്നവർ അതിനുള്ളിലിരുന്ന് ഭക്ഷണം കഴിച്ചു. ചില ക്യാമ്പുകളിൽ ആഹാരത്തിന് ക്ഷാമമുണ്ട്. ഉടുതുണി മാത്രമായി അവിടെയെത്തിയവരാണ് എല്ലാവരും. നാലാംദിവസം കഴിഞ്ഞു. മാറാൻ മറ്റൊന്നില്ല. പായയില്ല. പെരുമഴയുടെ തണുപ്പിൽ പുതയ്ക്കാൻ പുതപ്പുമില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2L5c7Y5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages